Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലുശ്ശേരിയിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തിയത് ആസൂത്രിതമായ കലാപശ്രമം; രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ഫ്‌ളക്‌സ് ബോർഡുകളും തകർത്ത് തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നു സിപിഎം ശ്രമം എന്നും എസ്ഡിപിഐ

ബാലുശ്ശേരിയിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തിയത് ആസൂത്രിതമായ കലാപശ്രമം; രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ഫ്‌ളക്‌സ് ബോർഡുകളും തകർത്ത് തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നു സിപിഎം ശ്രമം എന്നും എസ്ഡിപിഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാലുശ്ശേരിയിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടത്തിയത് ആസൂത്രിതമായ കലാപശ്രമമായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധ:സ്ഥിത ജനവിഭാഗങ്ങളുടെ കൈയിൽ ആയുധം നൽകി സാമൂഹിക സംഘർഷം സൃഷ്ടിച്ച് വളരാൻ ഉത്തരേന്ത്യയിൽ സംഘപരിവാർ ശ്രമിക്കുന്ന അതേ രീതിയാണ് സിപിഎം ഇവിടെ അനുവർത്തിച്ചത്. കേരളത്തിൽ ഇതു പുതിയ സംഭവമല്ല. കാലങ്ങളായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന രീതിയാണിത്. ഇരുളിന്റെ മറവിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ഫ്‌ളക്‌സ് ബോർഡുകളും തകർത്ത് തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നു സിപിഎം ശ്രമം.

2006 ൽ തലശ്ശേരിയിൽ ഫസൽ എന്ന എൻഡിഎഫ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി രക്തം പുരണ്ട തൂവാല ആർഎസ്എസ് പ്രവർത്തന്റെ വീടിനു സമീപം കൊണ്ടുപോയിട്ട് വർഗീയ കലാപത്തിന് നടത്താനായിരുന്നു സിപിഎം ശ്രമം. കൊലപാതകത്തിനു ശേഷം സിപിഎം നേതാക്കളും പ്രതികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വാർത്താസമ്മേളനം നടത്തി ആർഎസ്എസ്സിനെതിരേ ആരോപണമുന്നയിക്കുകയും ചെയ്തു. പിന്നീട് തുടരന്വേഷണത്തിൽ പ്രതികളായ സിപിഎം നേതാക്കൾ പിടിയിലാവുകയായിരുന്നു. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാനുപയോഗിച്ച ഇന്നോവ കാറിൽ മാഷാ അല്ലാഹ് എന്ന സ്റ്റിക്കർ പതിച്ചതും ഇതിന്റെ ഭാഗമാണ്. കൊലപാതകത്തിനു ശേഷം സിപിഎം ജിഹ്വയായ കൈരളി ചാനലിൽ സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് വ്യാജ വാർത്ത സൃഷ്ടിച്ച് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചിരുന്നു.

പൊതുതിരഞ്ഞെടുപ്പ് വേളയിൽ വടകരയിൽ മോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് തകർത്ത് മദ്‌റസ്സയിൽ കൊണ്ടുപോയിട്ടു. കേസിൽ നാല് സിപിഎം പ്രവർത്തകർ കീഴടങ്ങിയിരുന്നു. ആശയപരമായി നേരിടാൻ പ്രാപ്തിയില്ലാതെ വരുമ്പോൾ ഇതര പ്രസ്ഥാനങ്ങൾക്കെതിരേ തീവ്രവാദത്തിന്റെ ചാപ്പകുത്തി രംഗത്തുവരുന്നതും സിപിഎമ്മിന്റെ രീതിയാണ്.

ബാലുശ്ശേരിയിൽ വാർത്ത പുറത്തുവന്ന ഉടനെ തന്നെ എസ്ഡിപിഐക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയായിരുന്നു സിപിഎം. ഇത്തരം പ്രചാരണങ്ങളിൽ മാധ്യമങ്ങളും പെട്ടുപോകുന്നത് ഖേദകരമാണ്. ആർഎസ്എസ്സുമായി ചേർന്നു പോലും സിപിഎം സംസ്ഥാനത്ത് ഇത്തരം കലാപമുണ്ടാക്കാൻ സാധ്യതയുണ്ട്. ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് ആുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിക്കപ്പെടുന്ന കേസുകളിൽ തുടരന്വേഷണം നടക്കാത്തതും ഇതിന്റെ ഭാഗമാണെന്ന് ആശങ്കപ്പെടേണ്ടതുണ്ടെന്നും അജ്മൽ ഇസ്മായീൽ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷെമീറും സംബന്ധിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP