Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ട്രിക് ബസുകളും; അഞ്ച് ഇലക്ട്രിക് ബസുകൾ എത്തി; കെഎസ്ആർടിസിക്ക് സ്വന്തം ഇലക്ട്രിക് ബസ് എന്ന സ്വപ്നം യാഥാർഥ്യമായതായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവ്വീസിന് ഇനി  ഇലക്ട്രിക് ബസുകളും; അഞ്ച് ഇലക്ട്രിക് ബസുകൾ എത്തി; കെഎസ്ആർടിസിക്ക് സ്വന്തം ഇലക്ട്രിക് ബസ് എന്ന സ്വപ്നം യാഥാർഥ്യമായതായി മന്ത്രി ആന്റണി രാജു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നുള്ള ബസുകളാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയത്.

കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥമായതായി ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം നഗരത്തിൽ കാലക്രമേണ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റും.

ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്റർ ആണ് നൽകിയത്. അതിൽ 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടെ ശനിയാഴ്ച എത്തിച്ചേരും, ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചെലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചെലവ് വരുക. നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിങ് സ്റ്റേഷനുകളും ഉണ്ടാകും. സിറ്റി സർക്കുലറിൽ ദിനം പ്രതി 1000 യാത്രക്കാരിൽ നിന്നും 28,000 യാത്രക്കാർ ആയി മാറിയത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

സിഎൻജി ബസുകൾ വാങ്ങുന്നതിനുള്ള നടപടിക്ക് ശേഷം ഒരു വർഷത്തിനിടയിൽ ഇരട്ടിയിലധികം രൂപയാണ് സിഎൻജിക്ക് വിലവർദ്ധിച്ചത്. ഈ സാഹചര്യത്തിൽ സിഎൻജി ബസുകൾ വാങ്ങിയാൽ ലാഭകരമാകില്ലെന്നും മന്ത്രി പറഞ്ഞു. 27 ന് നടത്താനിരുന്ന കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായുള്ള ചർച്ച് 29 ന് നടത്തുമെന്നും കെഎസ്ആർടിസിയുടെ സമഗ്ര വികസനത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ യോഗം നടത്തുമെന്നും മന്ത്രി അറിയിച്ചു.

നഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സർവ്വീസ് നടത്തി വരുന്നു. ഇടറോഡിൽ പോലും സൗകര്യ പ്രദമായ രീതിയിൽ ഇലക്ട്രിക് ബസുകൾക്ക് സർവ്വീസ് നടത്താമെന്നുള്ളത് ഗതാഗത സൗകര്യത്തിന് കൂടുതൽ ഗുണകരമാകും. 9 മീറ്റർ നീളമാണ് ഇലക്ട്രിക് ബസുകൾക്ക് ഉള്ളത്. രണ്ട് മണിക്കൂർ കൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽ തന്നെ 120 കിലോ മീറ്റർ മൈലേജാണ് ഈ ബസുകൾക്ക് കമ്പിനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 92,43,986 രൂപയാണ് ഒരു ബസിന്റെ വില. 30 സീറ്റുകളാണ് ഉള്ളത്. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും, അഞ്ച് സിസിടിവി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ബസിൽ ഉണ്ട്.

നിലവിൽ ജൂൺ 30 വരെയാണ് 10 രൂപയ്ക്ക് ഒരു സർക്കിൾ യാത്ര ചെയ്യാനാകുന്നത്. അത് 3 മാസം കൂടി നീട്ടിയതായും മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ സർക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റും ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP