Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമ്പാനൂർ ലോഡ്ജിലെ കൊലപാതകം: പൊലീസ് റിപ്പോർട്ടിൽ വ്യക്തതയില്ല; കേസ് ഡയറി ഫയൽ ഹാജരാക്കണമെന്ന് കോടതി; ഉത്തരവ്, പ്രതി പ്രവീൺ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കവെ

തമ്പാനൂർ ലോഡ്ജിലെ കൊലപാതകം: പൊലീസ് റിപ്പോർട്ടിൽ വ്യക്തതയില്ല; കേസ് ഡയറി ഫയൽ ഹാജരാക്കണമെന്ന് കോടതി; ഉത്തരവ്, പ്രതി പ്രവീൺ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കവെ

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തമ്പാനൂർ ലോഡ്ജിലെ കൊലപാതക കേസിൽ കേസ് ഡയറി ഫയൽ ഹാജരാക്കാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ ഉത്തരവിട്ടു. പ്രമുഖ ജൂവലറിയിലെ റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീൺ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കവെയാണ് ജില്ലാ കോടതിയുടെ ഉത്തരവ്. ജാമ്യ ഹർജിയിൽ സർക്കാർ നിലപാടറിയിക്കാനും പൊലീസ് റിപ്പോർട്ടു ഹാജരാക്കാനും നേരത്തേ ഉത്തരവിട്ടിരുന്നു. പൊലീസ് റിപ്പോർട്ടിൽ വ്യക്തതയില്ലാത്തതിനാലാണ് കേസ് ഡയറി ഫയൽ ഹാജരാക്കാനാവശ്യപ്പെട്ടത്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പ്രവീണിന് ജാമ്യം നിരസിച്ചിരുന്നു.

മാർച്ച് 7 മുതൽ റിമാന്റിൽ കഴിയുന്ന കൊല്ലം പരവൂർ കോട്ടപ്പുറം ചെമ്പൻ തൊടിയിൽ പ്രവീൺ (31) എന്ന ജൂവലറി ഡ്രൈവറുടെ ജാമ്യ ഹർജിയാണ് മജിസ്‌ട്രേട്ട് കോടതി തള്ളിയത്. അന്വേഷണം പുരോഗമിക്കുന്ന കൊലക്കേസിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്. കൊലക്കേസ് സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസായതിനാലുമാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ കസ്റ്റഡി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

ജൂവലറി റിസപ്ഷനിസ്റ്റും ജിംനേഷ്യം ട്രെയിനറും അവിവാഹിതയുമായ കാട്ടാക്കട വീരണകാവ് അരുവിക്കുഴി പുതിയ പാലത്തിന് സമീപം മുരിക്കര ഏഴാമൂഴി മഹിതം വീട്ടിൽ ഗായത്രി (24) ആണ് കൊല്ലപ്പെട്ടത്. പ്രവീണിന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം കൂടെ കൂട്ടാമെന്നത് കൂട്ടാക്കാതെ പ്രവീൺ ട്രാൻസ്ഫറായ തിരുവണ്ണാമലക്ക് ഒപ്പം വരുമെന്ന് ശഠിച്ചതും അനുനയിപ്പിച്ച് മടക്കി അയക്കാൻ ശ്രമിച്ചത് കൂട്ടാക്കാതെ ഗായത്രി പ്രവീണുമായുള്ള രഹസ്യ വിവാഹ ഫോട്ടോ നവ മാധ്യമങ്ങളിൽ സ്റ്റാറ്റസിട്ട വിരോധത്താലും കൊലപ്പെടുത്തിയെന്നാണ് കേസ്.

2022 മാർച്ചു മാസം 6 ഞായറാഴ്ച അർദ്ധരാത്രി 12.30 നാണ് തമ്പാനൂരിലെ ലോഡ്ജു മുറിയിൽ ഗായത്രിയെ ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ ലോഡ്ജു ജീവനക്കാർ കണ്ടെത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രവീൺ. തിരുവനന്തപുരത്തെ പ്രമുഖ ജൂവലറിയിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇക്കാലത്ത് പ്രണയത്തിലായ ഇരുവരും ഒരു വർഷം മുമ്പ് ബന്ധുക്കളറിയാതെ പള്ളിയിൽ വച്ച് വിവാഹിതരായി. സംഭവം പ്രവീണിന്റെ വീട്ടുകാരും ജൂവലറി ജീവനക്കാരും അറിയുകയും പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ജൂവലറിക്കാരെ അറിയിക്കുകയും ചെയ്തതോടെ ഗായത്രി ജൂവലറി ജോലി ഉപേക്ഷിച്ചു. എങ്കിലും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തിൽ ട്രെയിനറായി. സംഭവത്തിന് ഒരാഴ്ച മുമ്പ് പ്രവീണിനെ തമിഴ്‌നാട്ടിലെ തിരുവണ്ണാമല ഷോറൂമിലേയ്ക്ക് സ്ഥലം മാറ്റി. ജൂവലറിക്കാർ വെള്ളിയാഴ്ച യാത്രയയപ്പും നൽകി. ഞായറാഴ്ച അവിടേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

തമ്പാനൂർ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് രേഖപ്പെടുത്തിയ പ്രവീണിന്റെ കുറ്റസമ്മത മൊഴി ഇപ്രകാരമാണ്. മാർച്ച് 5 ശനിയാഴ്ച രാവിലെ 10.30 ഓടെ പ്രവീണാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. ഗായത്രി പിന്നീട് എത്തുമെന്ന് പറഞ്ഞ് രണ്ടു പേരുടെയും ഐഡി കാർഡ് ഹോട്ടലിൽ നൽകിയാണ് ഇയാൾ മുറിയെടുത്തത്. കാട്ടാക്കട വീട്ടിൽ നിന്നും ഉച്ചയ്ക്ക് 1.30 ഓടെ ഗായത്രിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. ആദ്യ വിവാഹ മോചനത്തിന് ശേഷം ഗായത്രിയെ രേഖാമൂലം ഔദ്യോഗികമായി വിവാഹം കഴിക്കാമെന്ന് പ്രവീൺ നേരത്തേ ഉറപ്പ് നൽകിയിരുന്നു.



എന്നാൽ തിരുവണ്ണാമലക്ക് പോകും മുമ്പ് ഇത് വേണമെന്ന് ഗായത്രി ശഠിച്ചു. തിരുവണ്ണാമലക്ക് കൂടെ വരാൻ താൻ തയ്യാറാണെന്നും ഗായത്രി പറഞ്ഞു. ഗായത്രിയെ അനുനയിപ്പിച്ച് തിര്യെ അയക്കുകയായിരുന്നു പ്രവീണിന്റെ ലക്ഷ്യം. എന്നാൽ വീട്ടിലേക്ക് മടങ്ങാൻ ഗായത്രി കൂട്ടാക്കിയില്ല. തുടർന്ന് ഫോണിലുണ്ടായിരുന്ന വിവാഹ ഫോട്ടോകൾ ഗായത്രി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അവിവാഹിതയായ 24 കാരിയുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് കേസ്.

വൈകിട്ട് 5.30 ഓടെ തന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുറി പൂട്ടി പ്രവീൺ ജൂവലറി ജീവനക്കാരുടെ വാസസ്ഥലത്ത് എത്തി കുശലാന്വേഷണങ്ങൾ നടത്തിയ ശേഷം സ്വദേശമായ പരവൂരിലേക്ക് പോയി. രാത്രി 12.30 ഓടെ ഗായത്രി മുറിയിൽ മരിച്ചു കിടക്കുകയാണെന്ന് ഇയാൾ ഫോൺ ചെയ്ത് അറിയിച്ചു. ഞായറാഴ്ച പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനിരിക്കെ സിറ്റി ഷാഡോ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഫോൺ ഓൺ ചെയ്ത സമയം പരവൂരാണെന്ന് മനസ്സിലാക്കിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് തമ്പാനൂർ പൊലീസ് , ഫോറൻസിക് , ഡോഗ് സ്‌ക്വാഡ് സംഘങ്ങൾ ഹോട്ടലിൽ പരിശോധന നടത്തിയത്.

അതേ സമയം കാട്ടാക്കട പൊലീസ് കൃത്യസമയത്ത് അന്വേഷിച്ചില്ലെന്ന് ഗായത്രിയുടെ അമ്മ പരാതി പറഞ്ഞു. ശനിയാഴ്ച രാത്രി 7.30 ക്ക് കാട്ടാക്കട സ്റ്റേഷനിൽ പരാതി നൽകിയിട്ടും നോക്കാമെന്ന ഉഴപ്പൻ മറുപടി പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. മകളെ കാണാനില്ലെന്നും ഫോണിൽ വിളിച്ചപ്പോൾ ഭീഷണിയുടെ സ്വരത്തിൽ ഒരു യുവാവ് സംസാരിച്ചെന്നും മകൾക്ക് ഫോൺ കൈമാറാൻ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും കാട്ടി ഗായത്രിയുടെ അമ്മ പരാതി നൽകിയിട്ടും അന്വേഷിച്ചില്ലെന്നാണ് ആരോപണം. കുഞ്ഞിന് എന്തോ അപകടം പറ്റിയിട്ടുണ്ടെന്നും മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് അമ്മയും വിധവയുമായ സുജാതയും വിദ്യാർത്ഥിനിയായ മകളും പൊലീസിനെ സമീപിച്ചത്.

ശനിയാഴ്ച വൈകിട്ട് മകളുടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ എടുത്തത് പ്രവീണായിരുന്നു. മൂന്നു തവണ വിളിച്ച് ആവശ്യപ്പെട്ടെങ്കിലും മകൾക്ക് ഫോൺ കൈമാറിയില്ല. പിന്നീട് വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണ് എന്ന മറുപടിയാണ് കേട്ടതെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു. പല തവണ തങ്ങൾ ഇടപെട്ട് ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് പ്രവീണിനോട് ആവശ്യപ്പെട്ടു. അപ്പോഴൊക്കെ വിവാഹബന്ധം വേർപെടുത്തിയതാണെന്നും ഉടൻ ഗായത്രിയെ വിവാഹം കഴിക്കുമെന്നും അയാൾ പറഞ്ഞു.

ഇതിനിടെ ആദ്യ ഭാര്യയുമായി ദാമ്പത്യ ബന്ധം പുനഃസ്ഥാപിച്ചതായും അവർ ഗർഭിണിയാണെന്നും അറിഞ്ഞതോടെ ഇയാളുമായി ഇടപഴകുന്നതിൽ നിന്ന് ഗായത്രിയെ കർശനമായി വിലക്കി. ശനിയാഴ്ച ഉച്ചയോടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ പോകുന്നെന്ന് പറഞ്ഞാണ് ഗായത്രി വീട്ടിൽ നിന്നിറങ്ങിയത്. കാണാതായപ്പേഴോണ് 3 മണിയോടെ മൊബൈലിലേയ്ക്ക് വിളിച്ചത്. വൈകിട്ടോടെ വിവാഹിതരായതായുള്ള ചിത്രം ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ കണ്ടതോടെ സുജാതയും ഇളയ മകളും ചേർന്ന് വീണ്ടും ഗായത്രിയുടെ ഫോണിൽ വിളിച്ചു. 5 മണിയോടെ ഫോൺ എടുത്തു. താൻ പ്രവീണാണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്നും അറിയിച്ച് ഭീഷണി സ്വരത്തിൽ അമ്മയോടും സഹോദരിയോടും പ്രവീൺ സംസാരിച്ചു. ഗായത്രിക്ക് ഫോൺ നൽകണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നൽകാതെ ഫോൺ സ്വിച്ച് ഓഫാക്കുകയായിരുന്നു.

പഠിക്കാൻ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹത്താലാണ് ബിരുദം നേടിയതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജൂവലറി ജോലിക്കായി പോയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛൻ മാരിയപ്പൻ 11 വർഷങ്ങൾക്കു മുമ്പ് മരിച്ചതോടെ ഹോട്ടലുകളിൽ ജോലി ചെയ്താണ് അമ്മ സുജാത രണ്ടു പെൺകുട്ടികളെയും വളർത്തിയത്.

ഏറെക്കാലം സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്യുമ്പോൾ പ്രവീൺ ഒഴുകുപാറ മുതലക്കുളത്തുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ 5 വയസ്സുള്ള മകനും 6 മാസം പ്രായമുള്ള മകളുമുണ്ട്. ഇതിനിടെയാണ് ജൂവലറി ഡ്രൈവറായി ജോലി ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP