Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202207Sunday

ലിതാരയുടെ മരണം: ബീഹാർ പൊലീസ് വീട്ടിലെത്തി മൊഴി എടുത്തു; കോച്ച് രവി സിങ്ങിന്റെ മാനസിക പീഡനം മൂലമാണ് ബാസ്‌കറ്റ് ബോൾ താരം ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ

ലിതാരയുടെ മരണം: ബീഹാർ പൊലീസ് വീട്ടിലെത്തി മൊഴി എടുത്തു; കോച്ച് രവി സിങ്ങിന്റെ മാനസിക പീഡനം മൂലമാണ് ബാസ്‌കറ്റ് ബോൾ താരം ജീവനൊടുക്കിയത് എന്ന് ബന്ധുക്കൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: റെയിൽവേയിലെ മലയാളി ബാസ്‌ക്കറ്റ് ബോൾ താരം നാദാപുരം പാതിരിപ്പറ്റയിലെ കെ സി ലിതാര(23)യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ബിഹാർ പൊലീസ് പാതിരിപ്പറ്റയിലെത്തി. ഏപ്രിൽ 26നാണ് പട്‌ന ദാനാപൂരിലെ താമസസ്ഥലത്ത് ലിതാരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്റെ നിരന്തരമായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിനിടയാക്കിയത് എന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തുകയും ബിഹാർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

പട്‌ന രാജീവ്‌നഗർ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തെങ്കിലും ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കുകയോ ആരെയെങ്കിലും അറസ്റ്റു ചെയ്യുകയോ ചെയ്തിരുന്നില്ല. സമ്മർദം ശക്തമായതോടെയാണ് ഒരുമാസത്തിനുശേഷം രാജീവ്‌നഗർ സ്റ്റേഷൻ ഓഫീസർ ശംഭുസിങ് ഉൾപ്പെടെയുള്ള സംഘം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനെത്തിയത്. പിതാവ് കരുണൻ, മാതാവ് ലളിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ഒന്നര വർഷം മുമ്പാണ് ലിതാരയ്ക്ക് ബിഹാറിലെ പട്‌നയിൽ റെയിൽവേയിൽ ജോലി ലഭിക്കുന്നത്. അന്നത്തെ കോച്ചുമായി ലിതാരയ്ക്ക് വിവാഹം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. തുടർന്ന് മാനസിക സംഘർഷം അനുഭവിച്ച ലിതാര കൗൺസിലിംഗിന് വിധേയയായി. പഴയ കോച്ചുമായുള്ള ബന്ധത്തിന്റെ പേരിൽ ലിതാരയെ പുതിയ കോച്ച് രവി സിങ് നിരന്തരം ശല്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ലിതാരയോട് ഒറ്റയ്ക്ക് കോർട്ടിൽ പരിശീലനത്തിന് എത്താൻ കോച്ച് നിർബന്ധിക്കാറുണ്ടായിരുന്നു. കൊൽക്കത്തയിൽ നടന്ന മത്സരത്തിനിടെ കൈയിൽ കയറി പിടിച്ചതോടെ ലിതാര ഇയാളെ മർദിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ലിതാര വട്ടോളി നാഷണൽ എച്ച് എസ് എസിൽ നിന്ന് ഏഴാം ക്ലാസ് പഠനത്തിന് ശേഷം പത്ത് വരെ കണ്ണൂർ സ്പോർട്സ് സ്‌കൂളിലും പ്ലസ് ടു കോഴ്‌സ് തൃശൂരിലുമാണ് പൂർത്തിയാക്കിയത്. പിന്നീട് റെയിൽവേയുടെ താരമായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

2018ൽ ദേശീയ ചാമ്പ്യന്മാരായ കേരള ബാസ്‌കറ്റ്‌ബോൾ ടീമിൽ അംഗമായിരുന്നു ലിതാര. റെയിൽവേയിൽ ധാനാപൂരിൽ ജൂനിയർ ക്ലാർക്കായി ജോലി ചെയ്തുവരുന്നതിനിടയിൽ കോച്ച് രവി സിങ്ങിൽനിന്ന് തുടർച്ചയായ മാനസിക, ശാരീരിക പീഡനങ്ങളുണ്ടായതായി മാതാപിതാക്കൾ മൊഴിനൽകി. പലപ്പോഴും ഒറ്റയ്ക്ക് പരിശീലനത്തിനെത്താൻ നിർബന്ധിക്കുകയും ഇതിന് തയ്യാറാകാതിരുന്നപ്പോൾ പരിശീലനത്തിനെത്തുന്നില്ലെന്ന് കാണിച്ച് മേലധികാരികൾക്ക് പരാതി നൽകി ജോലിയിൽനിന്ന് പുറത്താക്കാനും ശ്രമമുണ്ടായി.

പൊതുവേ തന്റേടവും ധീരതയും പ്രകടിപ്പിക്കാറുള്ള മകൾ ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കളെത്തിയിട്ട് മാത്രമേ പോസ്റ്റ്‌മോർട്ടം പാടുള്ളൂയെന്നറിയിച്ചിട്ടും തിടുക്കത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത് സംശയാസ്പദമാണെന്നും വീട്ടുകാർ ആരോപിച്ചു. വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളും മാതാപിതാക്കൾ ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP