Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; പ്രവേശനം 3000 ഭക്തർക്ക് മാത്രം; വിവാഹ ചടങ്ങിന് 10 പേർ; ചോറൂൺ നിർത്തി

കോവിഡ് വ്യാപനം: ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം; പ്രവേശനം 3000 ഭക്തർക്ക് മാത്രം; വിവാഹ ചടങ്ങിന് 10 പേർ; ചോറൂൺ നിർത്തി

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വെർച്വൽ ക്യൂ ബുക്കിങ് വഴി ദർശനം ഒരു ദിവസം 3,000 പേർക്ക് മാത്രമാക്കി ചുരുക്കി. നിലവിൽ 10,000 പേരെ അനുവദിച്ചിരുന്നു.ചോറൂണ് വഴിപാട് നിർത്തിയതായും വിവാഹത്തിന് പത്തുപേർക്ക് മാത്രമാണ് അനുമതിയെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

കുട്ടികളുടെ ചോറൂൺ വഴിപാട് നടത്തുന്നത് നിർത്തലാക്കി. വഴിപാട് ബുക്ക് ചെയ്തവർക്ക് ചോറൂണ് വീടുകളിൽ നടത്തുന്നതിന് നിവേദ്യം അടക്കം വിഭവങ്ങൾ അടങ്ങിയ കിറ്റ് നൽകും. ക്ഷേത്രത്തിനു മുന്നിൽ വിവാഹത്തിന്റെ താലികെട്ട് ചടങ്ങിന് പങ്കെടുക്കാവുന്നവരുടെ എണ്ണം 10 പേരായി ചുരുക്കി. 2 ഫൊട്ടോഗ്രഫർമാരെയും അനുവദിക്കും.

പ്രസാദ ഊട്ടിന് പകരം അന്നദാനം പാഴ്‌സൽ ആയി നൽകും. 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ചോറും വിഭവങ്ങളും അടങ്ങുന്ന ഉച്ചഭക്ഷണവും പാഴ്‌സൽ നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാപരിപാടികൾ നിർത്തിവച്ചു. ക്ഷേത്രത്തിൽ ദിവസവും രാത്രി നടക്കുന്ന കൃഷ്ണനാട്ടവും നിർത്തി. ബുക്ക് ചെയ്തവർക്ക് സൗകര്യപ്രദമായ ദിവസം പിന്നീട് അനുവദിക്കും.

കോവിഡ് മാനദണ്ഡങ്ങളോടെ തുലാഭാരം നടത്താം. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്‌മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങൾ, കലക്ടർ എന്നിവരുമായി കൂടിയാലോചിച്ചാണ് തീരുമാനം എടുത്തത്.

തൃശൂർ ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) നിരക്ക് 30നു മുകളിലെത്തിയ സാഹചര്യത്തിൽ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികളും നിർത്തിവച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഉത്സവങ്ങൾ, പെരുന്നാളുകൾ മുതലായ ആഘോഷങ്ങൾ കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം.

ഇതോടൊപ്പം ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ-സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓൺലൈനാക്കണം. സർക്കാർ ഓഫീസുകളിൽ ജോലിചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികൾക്ക് അനുവദിക്കാം. ആളുകൾ ഒരുമിച്ച് കൂടുന്നത് തടയുന്നതിനായി എല്ലാ കടകളും ഓൺലൈൻ ബുക്കിംഗും വില്പനയും പ്രോൽസാഹിപ്പിക്കണം.

മാളുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്‌ക്വയർഫീറ്റിൽ ഒരാൾ എന്ന നിലയിൽ മാത്രം പ്രവേശനം അനുവദിക്കണം. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയ്യേറ്ററുകൾ എന്നിവയിൽ ശേഷിയുടെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം പാടുള്ളൂ. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കർശനമായ കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണം. ബസ്സുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

എല്ലാ മത്സരപരീക്ഷകളും റിക്രൂട്ട്‌മെന്റുകളും യൂണിവേഴ്‌സിറ്റി പരീക്ഷകളും, സ്പോർട്സ് ട്രയലുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തേണ്ടതാണ്. ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ, ടൂറിസം കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും അനുവദനീയമല്ല. പൊലീസ് ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.

ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളിലെ ഒൻപത് വരെയുള്ള ക്ലാസ്സുകൾ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ഉടൻ തന്നെ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടുന്നതിന് സ്ഥാപന മേധാവി നടപടി സ്വീകരിക്കേണ്ടതാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897-ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചും 1875-ലെ പൊതുജനാരോഗ്യ നിയമപ്രകാരവും 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭറണകൂടം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP