Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി.പി. എം കണ്ണൂർ ജില്ലാസമ്മേളനത്തിന് കൊടിയുയർന്നു; ജില്ലാസെക്രട്ടറിയായി എം.വി ജയരാജൻ തന്നെ തുടർന്നേക്കും

സി.പി. എം കണ്ണൂർ ജില്ലാസമ്മേളനത്തിന് കൊടിയുയർന്നു; ജില്ലാസെക്രട്ടറിയായി എം.വി ജയരാജൻ തന്നെ തുടർന്നേക്കും

അനീഷ് കുമാർ

 കണ്ണൂർ: ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി സി.പി. എം കണ്ണൂർ ജില്ലാസമ്മേളനത്തിന് പഴയങ്ങാടി എരിപുരത്തുകൊടിയേറിയിരിക്കെ സി.പി. എം ജില്ലാനേതൃത്വത്തിൽ മാറ്റങ്ങളുണ്ടാവുമോയെന്ന ചർച്ചയും സജീവമായി. എന്നാൽ നിലവിലെ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജൻ തന്നെ തൽസ്ഥാനത്തു തുടരുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന സൂചന.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സി.പി. എം ജില്ലാസെക്രട്ടറി പി.ജയരാജൻ വടകര പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായതനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജനെ 2019മാർച്ച് 11ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയായി നിയോഗിക്കുന്നത്. എന്നാൽ പി.ജയരാജൻ വടകര ലോക്‌സഭാമണ്ഡലത്തിൽ പരാജയപ്പെട്ടുവെങ്കിലും ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരാൻ കഴിഞ്ഞില്ല.

പിന്നീട് ഇന്ത്യയിലെ ഏറ്റവും ശക്തമായ ജില്ലാ ഘടകത്തെ നയിക്കേണ്ട നിയോഗം പെരളശേരിക്കാരനായ എം.വി ജയരാജനിലായി.1960- മെയ് 24ന് പെരളശേരിയിൽ കുമാരന്റെയും ദേവകിയുടെയും മൂന്നുമക്കളിൽ മൂത്തവനായി ജനിച്ച മാര്യമ്മാർ വീട്ടിൽ ജയരാജൻ ചെറുപ്പക്കാലത്ത് മികച്ച ബോൾ ബാഡ്‌മെന്റൺ കളിക്കാരനായിരുന്നു. നിർമലഗിരി കോളേജിൽ പഠിക്കവെ എസ്. എഫ്. ഐയിലൂടെ സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ അദ്ദേഹം നിയമബിരുദധാരികൂടിയാണ്.

ഡി. വൈ. എഫ്. ഐ ദേശീയ ജോയന്റ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, എടക്കാട് എംഎൽഎ, സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഏതുകാര്യവും ആഴത്തിൽ പഠിച്ചു അവതരിപ്പിക്കാനുള്ള കഴിവാണ് എം.വി ജയരാജനെ കണ്ണൂരിലെ നേതാക്കളിൽ വ്യത്യസ്തനാക്കുന്നത്. അക്രമരാഷ്ട്രീയത്തിൽ മുങ്ങിയ കണ്ണൂർ ജില്ലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ സി.പി. എമ്മിനായത് എം.വി ജയരാജന്റെ നേതൃത്വത്തിന്റെ കീഴിലായിരുന്നു.രാഷ്ട്രീയ എതിരാളികളെ ആശയപരമായാണ് നേരിടേണ്ടതെന്നു ചിന്തിക്കുന്ന നേതാക്കളിൽ മുൻപന്തിയിലാണ് എം.വി ജയരാജന്റെ സഥാനം.

അതുകൊണ്ടു തന്നെ അദ്ദേഹം ജില്ലാസെക്രട്ടറിയായതിനു ശേഷം സി.പി. എം മുൻകൈയെടുത്തുള്ള അക്രമങ്ങൾ കണ്ണൂരിൽ ഗണ്യമായി കുറയുകയും ചെയ്തു. മറ്റിടങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോൾ കണ്ണൂർ കഴിഞ്ഞ രണ്ടുവർഷങ്ങളായി ശാന്തമായിരുന്നു. ജനകീയ ഇടപെടലിലൂടെ പാർട്ടി വളർത്തുകയെന്ന ശൈലിയാണ് എം.വി ജയരാജൻ സ്വീകരിച്ചത്. ഇതു സി.പി. എമ്മിനെ രാഷ്ട്രീയ എതിരാളികളുടെ കോട്ടകളിൽ കൂടി സ്ഥാനമുറപ്പിക്കാൻ സഹായിച്ചു. ഇന്നേ വരെ സി.പി. എമ്മുമായി അകന്നു നിൽക്കുകയായിരുന്ന മലയോര മേഖലയിലെ യു. ഡി. എഫ് ശക്തി കേന്ദ്രങ്ങളിൽ ചലനമുണ്ടാക്കാനും യു.ഡി. എഫിന് കനത്ത ക്ഷീണമുണ്ടാക്കാനും ജയരാജന്റെ നേതൃത്വത്തിന് കഴിഞ്ഞു.

ഇതുകൂടാതെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ പാർട്ടി സ്വാധീനം വളർത്താനും കൂട്ടായ പ്രവർത്തനത്തിലൂടെ സി.പി. എമ്മിന് കഴിഞ്ഞു. പാർട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന എം.വി ജയരാജൻ വ്യക്തിതാൽപര്യങ്ങൾക്കുപരിയായി പ്രസ്ഥാനമാണ് വലുതെന്നു വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാക്കളിലൊരാളാണ്. ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ സീനിയർ നേതാക്കൾ ഒഴിയുന്ന സീറ്റുകളിൽ എം.വി ജയരാജനെ പരിഗണിക്കുമെന്ന സൂചനയുണ്ടെങ്കിലും എരിപുരം സമ്മേളനത്തിൽ കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തന്നെ തുടരാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP