Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധന വില കുറച്ചില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും; അതുചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂ എങ്കിൽ കോൺഗ്രസ് അതിനും തയ്യാർ; പിണറായിക്ക് കാത്തിരുന്ന് കാണാമെന്ന് കെ.സുധാകരൻ

ഇന്ധന വില കുറച്ചില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും; അതുചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂ എങ്കിൽ കോൺഗ്രസ് അതിനും തയ്യാർ; പിണറായിക്ക് കാത്തിരുന്ന് കാണാമെന്ന് കെ.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധനവിലയിൽ കുറവ് വരുത്താൻ തയാറാകാത്ത പിണറായി സർക്കാരിനെതിരെ മൂന്നാംഘട്ടത്തിൽ മണ്ഡലം തലത്തിലും നാലാം ഘട്ടത്തിൽ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.. എന്നിട്ടും സർക്കാർ വഴങ്ങുന്നില്ലെങ്കിൽ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അതു ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂയെങ്കിൽ കോൺഗ്രസ് അതിനും തയാറാണ്. ആ സമരം കാണണമെന്ന് നിർബന്ധമാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധന വില കുറയ്ക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസിന്റെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മാർച്ചിന്റെയും ധർണ്ണയുടെയും സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരു ആശങ്കയുമില്ലെന്ന് സുധാകരൻ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് സമരം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയുടെ മറവിൽ നികുതിക്കൊള്ള നടത്തുന്ന സർക്കാരിനെതിരെ സമരം അനിവാര്യമാണ്.കോവിഡ് പ്രതിസന്ധിക്കിടയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരാൻ മോദിയും പിണറായി വിജയനും തയ്യാറാകുന്നില്ല.

ഇന്ധനവില വർധനവിനെ തുടർന്ന് ആവശ്യസാധനങ്ങളുടെ വില കുതിച്ചയർന്നു. യാത്രാ ചെലവ് വർധിച്ചു. ജീവിക്കാൻ വകയില്ലാതെ ജനം ആത്മഹത്യ ചെയ്യുകയാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാരുകൾ. ഇന്ധനവിലയിൽ സംസ്ഥാനം നികുതി കുറയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നിലപാട് മനുഷ്യത്വമില്ലാത്ത നടപടിയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധനനികുതി കുറച്ചു.

ഇന്ധനവില നികുതി കുറയ്ക്കാത്തത് സംബന്ധിച്ച് മറുപടിയാൻ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ബാധ്യതയുണ്ട്. നിർഭാഗ്യവശാൽ ഇരുവരും അതിന് തയ്യാറാകുന്നില്ല. ഓരോ ദിവസവും പറയുന്നത് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.

ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ബിജെപി മഃനപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ധർണ ഉദ്ഘാടനം ചെയ്തു ചൂണ്ടിക്കാട്ടി. ഇന്ധനവില വർധനവിനെ തുടർന്ന് അവശ്യസാധനങ്ങളുടെ വിലക്കയറ്റം, കർഷകരുടെ പ്രശ്‌നങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തുടങ്ങിയവ ജനം ചർച്ച ചെയ്യരുതെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. അതിനായി സമയാസമയങ്ങളിൽ ബിജെപി ബോധപൂർവ്വമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തിലേത് പോലെ വിഭജിച്ച് ഭരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. അതിനായി രാജ്യത്തിന്റെ മതസൗഹാർദം തകർക്കുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ധനവില വർധനവിന്റെ ദുരിതം അനുഭവിക്കാത്ത ഒരു കുടുംബം പോലും രാജ്യത്തില്ല. വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടിയ ശേഷമാണ് ഇന്ധന വില നികുതിയിൽ നേരിയ ഇളവ് വരുത്താൻ പ്രധാനമന്ത്രി തയ്യാറായതെന്നും താരീഖ് അൻവർ പറഞ്ഞു.

സംസ്ഥാന വ്യാപകമായി ഒരു നിയോജക മണ്ഡലത്തിലെ ഒരു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുന്നിലും രണ്ടാമത്തെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംസ്ഥാന സർക്കാർ ഓഫീസിനു മുന്നിലും മാർച്ചും ധർണ്ണയും നടത്തി. 140 കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിലും 140 സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിലും സമരങ്ങൾ അരങ്ങേറി. ഇന്ധന വില കുറക്കാത്തതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്വമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ദ്വിമുഖ സമരം നടത്തുയത്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെ ഒന്നാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം സംഘടിപ്പിച്ചിരുന്നു.

കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി ജി എസ് ബാബു, ഡിസിസി പ്രസിഡന്റ് പാലോട് രവി,കെപിസിസി നിർവാഹക സമിതി അംഗങ്ങളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, മുൻ എംപി എൻ.പീതാംബരകുറുപ്പ്, മുൻ എംഎൽഎമാരായ വി എസ് ശിവകുമാർ,ജോസഫ് വാഴയ്ക്കൻ, കെ മോഹൻകുമാർ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷമി തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP