Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രത്യയശാസ്ത്രം രണ്ടാണെങ്കിലും മനസ്സുകൾ ഒന്നായി; കെ.എസ്.യു. ജില്ലാ പ്രസിഡന്റിന് വധുവായി എസ്.എഫ്.ഐ നേതാവ്

പ്രത്യയശാസ്ത്രം രണ്ടാണെങ്കിലും മനസ്സുകൾ ഒന്നായി; കെ.എസ്.യു. ജില്ലാ പ്രസിഡന്റിന് വധുവായി എസ്.എഫ്.ഐ നേതാവ്

സ്വന്തം ലേഖകൻ

കോഴിക്കോട്: ചെറുപ്പം മുതലേ വിശ്വസിച്ച പ്രത്യയ ശാസ്ത്രവും കൊടിയുടെ നിറവും രണ്ടാണെങ്കിലും മനസ്സ് കൊണ്ട് ഒന്നായിരിക്കുകയാണ് നിഹാലും ഐഫയും. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ ഒരേ കോളേജിൽ രണ്ട് പാർട്ടിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചവരാണ് വർഷങ്ങൾക്കിപ്പുറം ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ഗവ. ലോ കോളേജിലെ പഠനകാലത്ത് ചിരിയിലൊതുങ്ങിയ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിയിരിക്കുന്നത്.

കെ.എസ്.യു. ജില്ലാ പ്രസിഡന്റായ വി.ടി. നിഹാലിന്റെയും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന ഐഫ അബ്ദുറഹിമാന്റെയും വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച. ലോ കോളേജിൽ നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ചിരിയിൽ മാത്രമൊതുങ്ങിയ സൗഹൃദം അഭിഭാഷകരായി ജില്ലാ കോടതിയിലെത്തിയതോടെ കൂടുതൽ വളർന്നു. ഐഫയുടെ ബന്ധുവഴിയാണ് വിവാഹാലോചന വന്നത്.

രാഷ്ട്രീയവിശ്വാസത്തിലെ വേർതിരിവിനെച്ചൊല്ലി ആദ്യം ചെറിയ ആശങ്ക ഇരുവർക്കുമുണ്ടായിരുന്നു. മനസ്സുതുറന്ന് സംസാരിച്ചപ്പോൾ അതൊന്നും പ്രശ്‌നമാക്കാതെ ഒരുമിച്ച് മുന്നോട്ടുപോവാൻ തീരുമാനിച്ചു. ലോ കോളേജ് യൂണിയൻ ഭാരവാഹിയായിരുന്ന ഐഫയുമായി എസ്.എഫ്.ഐ. നേതാവ് എന്നനിലയിലുള്ള സൗഹൃദമേ ഉണ്ടായിരുന്നുള്ളൂവെന്ന് നിഹാൽ പറഞ്ഞു. രാഷ്ട്രീയമായ ഭിന്നാഭിപ്രായം മുൻനിർത്തി ചെറിയ 'അടികൾ' ഉണ്ടാവാറുണ്ടെങ്കിലും അത് രസമുള്ളതാണെന്ന് ഐഫ പറയുന്നു.

നിലവിൽ ഡിവൈഎഫ്ഐ., ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ എന്നിവയിൽ അംഗമാണ് ഐഫ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പുതിയറ വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു നിഹാൽ. വിവാഹശേഷവും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾക്കൊപ്പം മുന്നോട്ടുപോവാനാണ് ഇരുവരുടെയും തീരുമാനം.

മാങ്കാവ് തളിക്കുളങ്ങര പരേതനായ വലിയ തിരുത്തിമ്മൽ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാൽ. കൊടുവള്ളിയിൽ ബിസിനസുകാരനായ അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. അടുത്തവർഷമാണ് വിവാഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP