Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുനർഗേഹം പുനരധിവാസ പദ്ധതിക്ക് മികച്ച പ്രതികരണം; ഭൂമി രജിസ്ട്രേഷനുള്ള തുക ഗുണഭോക്താവ് മുൻകൂറായി കണ്ടെത്തേണ്ടത് ഒഴിവാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ എന്ന് മുഖ്യമന്ത്രി

പുനർഗേഹം പുനരധിവാസ പദ്ധതിക്ക് മികച്ച പ്രതികരണം; ഭൂമി രജിസ്ട്രേഷനുള്ള തുക ഗുണഭോക്താവ് മുൻകൂറായി കണ്ടെത്തേണ്ടത് ഒഴിവാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ എന്ന് മുഖ്യമന്ത്രി

അനീഷ് കുമാർ

തലശേരി: തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പുനരധിവാസ പദ്ധതിയാണ് പുനർഗേഹമെന്നും മികച്ച പ്രതികരണമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ലഭിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും കടൽക്ഷോഭവും തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. 2016- 2019 കാലയളവിൽ മാത്രമായി തീരദേശ മേഖലയിൽ 403 വീടുകൾ പൂർണ്ണമായും 564 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഈ സാഹചര്യമാണ് പുനർഗേഹം പദ്ധതി ആവിഷ്‌കരിക്കുന്നതിന് സർക്കാരിന് പ്രേരണയായത്. വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുള്ളിൽ 18685 കുടുംബങ്ങളാണ് അധിവസിക്കുന്നത് ഇതിൽ 7216 പേർ മാറിത്താമസിക്കാൻ സർക്കാരിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ തീരദേശ ജില്ലകളിലായി ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. 89.80 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഗുണഭോക്താകൾക്ക് സ്വന്തം നിലയിൽ ഭൂമി കണ്ടെത്താൻ കഴിയാത്ത പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെ സഹകരണത്തോടെ ഭൂമി കണ്ടെത്തി കെട്ടിട സമുച്ചയം നിർമ്മിക്കാനാണ് ആലോചന. ഭൂമി രജിസ്ട്രേഷനാവശ്യമായ തുക ഗുണഭോക്താവ് മുൻകൂറായി കണ്ടെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്- മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ താമസിക്കുന്ന പ്രദേശത്തോടുള്ള മത്സ്യത്തൊഴിലാളികളുടെ ആത്മബന്ധം സർക്കാർ മനസിലാക്കുന്നു. എന്നാൽ നിരന്തരം ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽ നിന്നും അവരെ ശാശ്വതമായി രക്ഷിക്കുന്നതിനാണ് സർക്കാർ ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി തീരദേശങ്ങളിൽ ഭൂമിയേറ്റെടുക്കൽ, കുടിയൊഴിപ്പിക്കൽ എന്നിവ ഉണ്ടാകില്ല. കടലാക്രമണം രൂക്ഷമായ പ്രദേശത്ത് ജൈവ കവചം നിർമ്മിച്ച് അതിനെ ബഫർ സോണായി നിലനിർത്തി തീര സംരക്ഷണം ഉറപ്പാക്കും. തീര സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒട്ടേറെ നടപടികൾ പുരോഗമിക്കുകയാണ്. തീരദേശ വാസികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കി അവരുടെ ആത്മവിശ്വാസം വർധിപ്പിച്ച് സന്തുഷ്ടമായ ഒരു തീരദേശം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം -മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ തീരദേശത്തിന്റെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുകയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സർക്കാരിന്റെ സ്വപ്നപദ്ധതിയാണ് പുനർഗേഹം. പ്രകൃതിദുരന്തങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങളും, കടൽക്ഷോഭങ്ങളും അതിജീവിക്കുന്നതിന് തീരദേശത്തിനുള്ള സർക്കാരിന്റെ കരുതലാണ് ഇതെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പ് തീരദേശ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും സുരക്ഷിത മേഖലയിൽ വീട് നിർമ്മിക്കുന്ന ബൃഹദ്പദ്ധതിയാണ് പുനർഗേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയുമുൾപ്പെടെ 2450 കോടി രൂപയാണ് പദ്ധതി അടങ്കൽ. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്ക് 50 മീറ്ററിനു പുറമേ മൂന്ന് സെന്റ് സ്ഥലം സ്വന്തമായി വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപയും ആ സ്ഥലത്ത് ഭവന നിർമ്മാണം നടത്തുന്നതിനായി നാല് ലക്ഷം രൂപയും ചേർത്ത് ആകെ 10 ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്. ഗുണഭോക്താക്കൾക്ക് സ്ഥലവും വീടും ഒരുമിച്ച് വാങ്ങുന്നതിനും ഫ്‌ളാറ്റ്, അപ്പാർട്ട്‌മെന്റ്, റസിഡൻഷ്യൽ ഗ്രൂപ്പ് എന്നിവ നിർമ്മിച്ച് നൽകുന്നതിനും പദ്ധതിയിലൂടെ സാധിക്കും. ജില്ലയിൽ തലശ്ശേരി, കണ്ണൂർ, അഴീക്കോട്, കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലാണ് പുനർഗേഹം പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുള്ളത്.

കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലെ ഫിഷർമെൻ ട്രെയിനിങ് സെന്ററിൽ നടന്ന പരിപാടിയിൽ മേയർ അഡ്വ. ടി ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷൻ സിയാദ് തങ്ങൾ, കൗൺസിലർമാരായ സി എച്ച് അസീമ, പി അഷ്റഫ്, കെ എം സാബിറ, എഡിഎം കെ കെ ദിവാകരൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി കെ ഷൈനി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മാടായി മത്സ്യഭവനിൽ നടന്ന പരിപാടിയിൽ എം വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്തംഗം എസ് കെ ആബിദ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.

അഴീക്കോട് കാപ്പിലെ പീടിക എൽ പി സ്‌കൂളിൽ നടന്ന പരിപാടിയിൽ കെ വി സുമേഷ് എം എൽ എ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ,അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ നിസാർ വായ്പറമ്പ്,ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ വി രജിത തുടങ്ങിയവർ പങ്കെടുത്തു

തലശ്ശേരിയിൽ നടന്ന പരിപാടിയിൽ മത്സ്യബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ, നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണി, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP