Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി; ഒരാൾ അറസ്റ്റിൽ: നായ്ക്കളെ കൊല്ലാൻ ആളുകളെ നിയോഗിച്ചത് തൃക്കാക്കര നഗരസഭയെന്ന് എസ്‌പിസിഎ

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി; ഒരാൾ അറസ്റ്റിൽ: നായ്ക്കളെ കൊല്ലാൻ ആളുകളെ നിയോഗിച്ചത് തൃക്കാക്കര നഗരസഭയെന്ന് എസ്‌പിസിഎ

സ്വന്തം ലേഖകൻ

കാക്കനാട്: തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊന്നെ കുഴിച്ചുമൂടിയതായി പരാതി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മൂന്ന് പേർ ഒളിവിലാണ്. എത്ര തെരുവു നായ്ക്കളെ കൊന്നു കുഴിച്ചു മൂടിയെന്നു വ്യക്തമായിട്ടില്ല. നഗരസഭ ഓഫിസ് പരിസരത്തെ മാലിന്യ സംഭരണ കേന്ദ്രം വളപ്പിലെ വിവിധ ഭാഗങ്ങളിൽ നായ്ക്കളെ കുഴിച്ചു മൂടിയെന്നാണ് അറസ്റ്റിലായ പള്ളിക്കര സ്വദേശി സൈജൻ ജോസഫ് പൊലീസിനോടു പറഞ്ഞത്. നായ്ക്കളെ കുഴിച്ചു മൂടാൻ കൊണ്ടുപോയ ടിപ്പറിലെ ജീവനക്കാരനാണ് സൈജൻ. നായ്ക്കളെ ഇന്നു പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം ചെയ്യും.

തൃക്കാക്കര നഗരസഭയാണ് നായ്ക്കളെ കൊല്ലാൻ ഏൽപിച്ചതെന്നു നായ്പിടിത്തക്കാർ പറഞ്ഞതായി എസ്‌പിസിഎ (മൃഗങ്ങളോടുള്ള ക്രൂരത തടയൽ സമിതി) സെക്രട്ടറി പൊലീസിനു മൊഴി നൽകി. അതേസമയം തെരുവുനായ്ക്കളെ കൊന്നത് തൃക്കാക്കര നഗരസഭയുടെ നിർദേശപ്രകാരമാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി.

ഈച്ചമുക്കിനു സമീപം നായ്ക്കളെ പരസ്യമായി കൊല്ലുന്നതു വ്യാഴാഴ്ച രാത്രി നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണു വിവാദമായത്. എസ്‌പിസിഎ അധികൃതർ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷം പൊലീസിനെ അറിയിച്ചു. നായ്പിടിത്തക്കാർ കമ്യൂണിറ്റി ഹാളിലാണു ക്യാംപ് ചെയ്യുന്നതെന്നറിഞ്ഞതോടെ എസ്‌പിസിഎ സംഘവും പൊലീസും അവിടെയും പരിശോധിച്ചു. 4 പേർ അവിടെയുണ്ടായിരുന്നെങ്കിലും ഡ്രൈവറെ മാത്രമേ പിടികൂടാനായുള്ളൂ. നായ്ക്കളെ കുരുക്കിട്ടു പിടിക്കാൻ ഉപയോഗിച്ച ഇരുമ്പു കുടുക്കും കുത്തിവച്ചു കൊല്ലാൻ ഉപയോഗിച്ച വിഷവും കലക്ടറേറ്റ് ജംക്ഷനിലെ കമ്യൂണിറ്റി ഹാളിൽ നിന്നു കണ്ടെടുത്തു.

അതേസമയം തെരുവുനായ്ക്കളെ കൊല്ലാൻ നഗരസഭ തീരുമാനിച്ചിട്ടില്ലെന്ന് അധ്യക്ഷ അജിത തങ്കപ്പൻ പറഞ്ഞു. എബിസി പദ്ധതി പ്രകാരമുള്ള വന്ധ്യത പരിപാടി മാത്രമാണു നടപ്പാക്കുന്നത്. നായ്ക്കളെ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന ആരേപണത്തെക്കുറിച്ച് അറിയില്ലെന്നും അവർ പറഞ്ഞു.

തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാകുമോയെന്ന് പരിശോധിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. തിരുവനന്തപുരം അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തുനായയെ തല്ലിക്കൊന്ന കേസിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയോട് സംഭവത്തിൽ ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തേടി. അമിക്കസ് ക്യൂറി പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP