Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാരിസ്ഥിതികവും കാലാവസ്ഥാ വ്യതിയാനപരവുമായ വെല്ലുവിളികളെ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചർച്ച ചെയ്യണം; സംസ്ഥാനത്തിന് ഭൂവിനിയോഗ നയം വേണമെന്ന് ടൗൺഹാൾ യോഗം

പാരിസ്ഥിതികവും കാലാവസ്ഥാ വ്യതിയാനപരവുമായ വെല്ലുവിളികളെ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചർച്ച ചെയ്യണം; സംസ്ഥാനത്തിന് ഭൂവിനിയോഗ നയം വേണമെന്ന് ടൗൺഹാൾ യോഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതികവും കാലാവസ്ഥാ വ്യതിയാനപരവുമായ വെല്ലുവിളികളെ അതിജീവിക്കുന്നതും അതുവഴി സുസ്ഥിര വികസനം സാധ്യമാക്കുന്നതുമായ നയസമീപനങ്ങളായിരിക്കണം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ മുൻഗണങ്ങൾ ആയിരിക്കേണ്ടത് എന്ന് പരിസ്ഥിതി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൗൺഹാൾ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് സമഗ്രമായ ഒരു ഭൂവിനിയിയോഗ നയം രൂപീകരിക്കുമെന്ന് പറയാൻ മുന്നണികളുടെ പ്രകടന പത്രികകൾ തയ്യാറാകുന്നില്ല എന്നും യോഗം ചൂണ്ടിക്കാട്ടി.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, കേരളത്തിന്റെ ഭാവി എന്ന വിഷയത്തിൽ ഇന്ന് വൈ എം സി എ ഹാളിൽ നടന്ന ടൗൺ ഹാൾ യോഗത്തിൽ സംസാരിച്ച വിദഗ്ധരും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും കേരളം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ അതീവ ഗൗരവമുള്ളവയാണ് എന്നും അവയെ അവഗണിച്ചുകൊണ്ടുള്ള വികസന സമീപനങ്ങൾ വിപരീത ഫലം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമ പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ പരിസ്ഥിതിയും കാലാവസ്ഥയും സംരക്ഷിച്ചിട്ടില്ലെങ്കിൽ കേരളം നേരിടാൻ പോകുന്ന തകർച്ച സാമൂഹികമായും സാമ്പത്തീകമായും അതിജീവനപരമായും കാർഷീകമായും ഭക്ഷ്യസുരക്ഷാപരമായും അങ്ങേയറ്റം കടുത്തതായിരിക്കും എന്നും യോഗത്തിൽ യോജിച്ച അഭിപ്രായമുയർന്നു.

ലോകത്തിന്റെ ഇതര ഭാഗങ്ങൾ ഹരിത വികസന തന്ത്രങ്ങളിലേക്കും ഹരിത രാഷ്ട്രീയത്തിലേക്കും തങ്ങളുടെ മുൻഗണനകൾ മാറ്റുന്ന വർത്തമാനകാല ചുറ്റുപാടുകളിൽ കേരളം ഈ വിഷയങ്ങളിൽ മുന്തിയ പരിഗണനയാണ് നൽകേണ്ടത്. പരിസ്ഥിതിയും അതിജീവനവും നമ്മുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മുഖ്യ ചർച്ചാവിഷയങ്ങളായി മാറുന്നില്ല എന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും വാർഷിക പ്രളയങ്ങളും കോവിഡ് ഉണ്ടാക്കിയ അസാധാരണമായ സാഹചര്യവും ഒന്നും ഇവിടെ കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായ ഒരു നിശബ്ദത രാഷ്ട്രീയപാർട്ടികൾക്കും മുന്നണികൾക്കും ഇടയിൽ നിലനിൽക്കുന്നുണ്ട് എന്നും അത് മാറേണ്ടത് ഉണ്ട് എന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സംസ്ഥാനത്തിന്റെ സുസ്ഥിര വികസനം പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും ശോഭനമായ ഭാവിക്ക് സന്തുലിത വികസനത്തിൽ ഊന്നുന്ന തന്ത്രങ്ങളുടെയും സമീപനങ്ങളുടെയും ആവശ്യകതയുണ്ട് എന്നും യോഗം അഭിപ്രായപ്പെട്ടു.

പശ്ചിമഘട്ടം, വനങ്ങൾ, ആവാസവ്യവസ്ഥ, നദികൾ, തണ്ണീർത്തടങ്ങൾ, കുന്നുകൾ, പർവതങ്ങൾ എന്നിവയുടെ സുരക്ഷയിലേക്കുള്ള കടന്നുകയറ്റങ്ങൾ പൂർണ്ണമായി ഇല്ലാതാക്കപ്പെടുന്ന ഹരിത രാഷ്ട്രീയത്തിലേക്ക് കേരളം മാറേണ്ടതിന്റെ ആവശ്യകത പ്രഭാഷകർ ചൂണ്ടിക്കാട്ടി.

പശ്ചിമഘട്ട മേഖലയിലെ ഖനനം ഉത്തരവാദിത്വപൂർവ്വമാകണമെന്നും തീരപ്രദേശങ്ങളുടെ സുസ്ഥിരത സംരക്ഷിക്കപ്പെടണം യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാന അതിജീവനവും തെരഞ്ഞെടുപ്പിലെ മുൻഗണനാ വിഷയങ്ങളായി മാറ്റുന്നതിൽ രാഷ്ട്രീയ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, കാലാവസ്ഥാ വിദഗ്ദ്ധർ, പൊതുജനങ്ങൾ എന്നിങ്ങനെ എല്ലാവരുടെയും വലിയ തോതിലുള്ള കൂട്ടായ ഇടപെടലിനായി യോഗം ആഹ്വാനം ചെയ്തു. കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ചില വികസന - സംരഷണ പദ്ധതികൾ ( തീരത്ത് ഉടനീളം കല്ലിടുന്ന രീതി , കെട്ടിട നിർമ്മാണ രീതികൾ , ട്രാൻസ്‌പോർട്ടേഷൻ ) പുനർ വിചിന്തനം ചെയ്യേണ്ടതാണെന്നും യോഗം വിലയിരുത്തി .

പശ്ചിമഘട്ടവും തീരദേശമേഖലയും സംരക്ഷിക്കാൻ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകണമെന്നും അങ്ങനെ വരുന്ന മുന്നേറ്റങ്ങൾക്ക് രാഷ്ട്രീയപാർട്ടികളെയും മുന്നണികളെയും തിരുത്താനും സുസ്ഥിരത ഉറപ്പു വരുത്താൻ ആകുമെന്നും സിപിഐ നേതാവും സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി അധ്യക്ഷനുമായ മുല്ലക്കര രത്‌നാകരൻ അഭിപ്രായപ്പെട്ടു. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സംരക്ഷണത്തിന് എൽ ഡി എഫ് പ്രതിജ്ഞാബദ്ധമാണ് എന്നദ്ദേഹം പറഞ്ഞു. മെത്രാൻ കായൽ, ആറന്മുള വിമാനത്താവളം തുടങ്ങിയ പദ്ധതികൾ വേണ്ടെന്നു വയ്ക്കപ്പെട്ടത് ജനങ്ങളുടെ ഇച്ഛാശക്തിയിലാണ് എന്നും അത്തരം മുന്നേറ്റങ്ങൾ മുന്നോട്ടും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യൂഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിന് സമഗ്രമായ ഒരു പരിസ്ഥിതിനയം രൂപീകരിക്കുമെന്നും കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുന്ന വികസന മാതൃകകൾ നടപ്പിലാക്കുമെന്നും കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പബ്ലിക് പോളിസി വിഭാഗം തലവൻ ജോൺ സാമുവൽ വെളിപ്പെടുത്തി. സ്‌കൂളുകളിൽ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും. മണലും പ്രകൃതി വിഭവങ്ങളും കുറഞ്ഞ തോതിൽ ഉപയോഗിക്കുന്ന നിർമ്മാണങ്ങൾക്കു സബ്സിഡി ഏർപ്പെടുത്തും.

സംസ്ഥാന ഹരിത മിഷൻ കൺസൽട്ടണ്ട് ഡോക്ടർ എസ് യു സഞ്ജീവ് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്ന് അഭിപ്രായപ്പെട്ടു. ഖര മാലിന്യ സംസ്‌കരണത്തിൽ സംസ്ഥാനം നേടിയ മുന്നേറ്റങ്ങൾ ദ്രാവക മാലിന്യ നിർമ്മാർജ്ജനത്തിൽ ഉണ്ടായിട്ടില്ല.

കാലാവസ്ഥാ വ്യതിയാന വിഷയത്തിലെ വിദഗ്ധനും കേരളാ സർവകലാശാലയിൽ പ്രൊഫസറുമായ ഡോ. ബിജു കുമാർ മുന്നണികളുടെ മാനിഫെസ്റ്റോകൾ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും ലാഘവത്തോടെയാണ് കാണുന്നത് എന്ന് കുറ്റപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധനം, പാറപൊട്ടിക്കൽ എന്നിവയിൽ ശാസ്ത്രീയ പഠനങ്ങളും വിവേകപൂർണ്ണമായ സമീപനങ്ങളും വേണമെന്നും അദ്ദേഹം പറഞ്ഞു. പുലിമുട്ടുകൾ, പാറമടകൾ എന്നിവയുടെ എല്ലാം ഫലസിദ്ധി പഠിക്കണം എന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച കവയത്രി സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥം ലോക ജലദിനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രശസ്ത പത്രപ്രവർത്തകയും ദി ന്യൂസ് മിനിറ്റിന്റെ എഡിറ്റർ ഇൻ ചീഫുമായ ധന്യ രാജേന്ദ്രൻ മോഡറേറ്ററായിരുന്നു. കേരളത്തിലെ പാരിസ്ഥിതിക-അതിജീവന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ചർച്ചകളിൽ പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP