Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലക്കാട് മരിച്ച അഞ്ചു പേരും ബന്ധുക്കൾ; അവശനിലയിൽ മൂന്ന് സ്ത്രീകളടക്കം ഒൻപതുപേർ ആശുപത്രിയിൽ: വ്യാജമദ്യ ദുരന്തമെന്ന് സംശയം

പാലക്കാട് മരിച്ച അഞ്ചു പേരും ബന്ധുക്കൾ; അവശനിലയിൽ മൂന്ന് സ്ത്രീകളടക്കം ഒൻപതുപേർ ആശുപത്രിയിൽ: വ്യാജമദ്യ ദുരന്തമെന്ന് സംശയം

സ്വന്തം ലേഖകൻ

പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയിൽ ബന്ധുക്കളായ അഞ്ചു പേരും മരിച്ചത് വ്യാജമദ്യം കഴിച്ചെന്ന് സംശയം. രാമൻ(52), അയ്യപ്പൻ(55), അയ്യപ്പന്റെ മകൻ അരുൺ (22), ശിവൻ (45), ശിവന്റെ സഹോദരൻ മൂർത്തി (33) എന്നിവരാണ് മരിച്ചത്. അവശനിലയിൽ മൂന്ന് സ്ത്രീകളടക്കം ഒൻപതുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാജമദ്യമോ സാനിറ്റൈസർ പോലുള്ള ലഹരിദ്രാവകമോ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

രാമൻ ഞായറാഴ്ച രാവിലെയും അയ്യപ്പൻ ഉച്ചയോടെയുമാണ് മരിച്ചത്. ശിവനെ തിങ്കളാഴ്ച പുലർച്ചെ വീട്ടുമുറ്റത്തെ കട്ടിലിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽനിന്ന് ആരുംകാണാതെ ഇറങ്ങിപ്പോയ മൂർത്തിയെ ഉച്ചയോടെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ കച്ചവടസ്ഥാപനത്തിനുമുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി. നാഗരാജൻ (26), തങ്കമണി (47), രുക്മിണി (52), കമലം (42), ചെല്ലപ്പൻ (75), ശക്തിവേൽ, കുമാരൻ (35), മുരുകൻ (30) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഞായറാഴ്ച രാവിലെയാണ് സംഭവത്തിന്റെ തുടക്കം. പുലർച്ചെ ആറിന് മരിച്ച രാമന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ ശിവന്റെ വീട്ടിൽനിന്ന് മദ്യം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവരാണ് പിന്നീട് ദുരന്തത്തിനിരയായത്. രാമനും ഇവിടെനിന്ന് മദ്യം കഴിച്ചിരുന്നതായി സൂചനയുണ്ട്. ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ച രാവിലെയുമായാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്വാഭാവിക മരണമാണെന്നു കരുതി വീട്ടുപരിസരത്തുതന്നെ സംസ്‌കരിച്ചിരുന്ന അയ്യപ്പന്റെയും രാമന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച വൈകീട്ട് പുറത്തെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ശിവനാണ് ലഹരിദ്രാവകം കോളനിയിലെത്തിച്ചതെന്ന് അവശനിലയിലായവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുപ്പിയിൽ നിറമില്ലാത്ത ദ്രാവകമായിരുന്നെന്നും സോപ്പിന്റെ മണവും രുചിയുമുണ്ടായിരുന്നതായും പറയുന്നു.

എന്നാൽ പൊലീസും എക്സൈസും പരിസരമാകെ അരിച്ചുപെറുക്കിയിട്ടും ശിവന്റെ വീട്ടിൽനിന്ന് മദ്യത്തിന്റെ അംശമോ കൊണ്ടുവന്ന പാത്രമോ കണ്ടെത്താനായില്ല. വീടിന് സമീപത്തുനിന്ന് ഒഴിഞ്ഞ ജാറുകളും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഫോറന്സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം, ഡിവൈ.എസ്‌പി.മാരായ പി. ശശികുമാർ, എൻ. കൃഷ്ണൻ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷാജി എസ്. രാജൻ, അസി. എക്സൈസ് കമ്മിഷണർ എ. രമേശ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും എക്സൈസും സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് വാളയാർ പൊലീസ് അന്വേഷണമാരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP