Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

60 കഴിഞ്ഞ കർഷകർക്ക് പെൻഷൻ; കർഷകർക്കായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു: അംഗത്വ പ്രായപരിധി 18 മുതൽ 55 വരെ

60 കഴിഞ്ഞ കർഷകർക്ക് പെൻഷൻ; കർഷകർക്കായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു: അംഗത്വ പ്രായപരിധി 18 മുതൽ 55 വരെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ കർഷകർക്കായി ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി അഞ്ച് വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുന്നവർക്ക് 60 വയസ്സു തികയുമ്പോൾ പെൻഷൻ നൽകുന്നതരത്തിലാണ് ബോർഡ് രൂപ കൽപ്പന. ബോർഡ് സംബന്ധിച്ച കരടു ചട്ടങ്ങൾ തയാറായി. വൈകാതെ പ്രവർത്തനം ആരംഭിക്കും. 18 മുതൽ 55 വരെയാണ് അംഗത്വത്തിനു പ്രായപരിധി. മൂന്ന വർഷംവരെ കൃഷി ചെയ്തവർക്ക് അംഗമാകാം.

മൃഗസംരക്ഷണം, മത്സ്യകൃഷി തുടങ്ങി കൃഷി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തും. അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിലാകും പെൻഷൻ കണക്കാക്കുക. പെൻഷൻ തുക സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുകയാണ്. അംഗമാകാൻ 100 രൂപ അടയ്ക്കണം. അംശദായമായി മിനിമം 100 രൂപയാണ് അടയ്‌ക്കേണ്ടത്. സർക്കാർ വിഹിതമായി 250 രൂപ അടയ്ക്കും. അംഗങ്ങളുടെ താൽപര്യ പ്രകാരം അംശദായമായി എത്ര തുക വേണമെങ്കിലും അടയ്ക്കാം.

മക്കളുടെ വിദ്യാഭ്യാസം, ഉപരിപഠനം, വിവാഹ ധനസഹായം, അവശത പെൻഷൻ, മരണാനന്തര ആനുകൂല്യം, പ്രസവാനുകൂല്യം, പെൻഷൻ, അപകട ഇൻഷുറൻസ്, ചികിത്സാ സഹായം തുടങ്ങി ബോർഡിൽ അംഗമാകുന്നവർക്ക് എട്ട് ആനുകൂല്യങ്ങളാണു ലഭിക്കുക.സംസ്ഥാനത്തെ മുഴുവൻ കർഷകരെയും ബോർഡിൽ അംഗമാക്കാനാണു സർക്കാർ തീരുമാനം.

കൃഷിസംരംഭകർക്ക് പുതിയ വായ്പാ പദ്ധതി
കൃഷിമേഖലയിലെ പുതിയ സംരംഭകർക്കു വായ്പ ലഭ്യമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) പദ്ധതി പ്രകാരമാണ് അപേക്ഷിക്കേണ്ടത്.

കർഷക ഉൽപാദന സംഘടനകൾ (എഫ്പിഒ), പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കൃഷിസംരംഭകർ, സ്റ്റാർട്ടപ്പുകൾ, മാർക്കറ്റിങ് സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്കു ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും.

ഇ മാർക്കറ്റിങ് പ്ലാറ്റ്‌ഫോം, പ്രൈമറി പ്രോസസിങ് സെന്റർ, വെയർഹൗസ്, പാക്കിങ് ഹൗസ്, സോർട്ടിങ് - ഗ്രേഡിങ് യൂണിറ്റ് എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണു സഹായം.

ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. ഇതിനായി മഴൃശശിളൃമ.റമര.ഴീ്.ശി വെബ്‌സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ നൽകി ലോഗിൻ ഐഡി ഉണ്ടാക്കണം. 2 കോടി രൂപയ്ക്കു വരെ സംരംഭകർ ഈടു നൽകേണ്ട. ക്രെഡിറ്റ് ഇൻസെന്റീവ് പദ്ധതി പ്രകാരം 3 ശതമാനം പലിശ സബ്‌സിഡി ലഭിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് സിൻഡ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണു പദ്ധതിയിൽ പങ്കാളികളാകുന്ന ബാങ്കുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP