Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെല്ലാനത്ത് കടൽ കെടുതിയിലായവർക്ക് നൽകിയ പൊതിച്ചോറിൽ നൂറു രൂപയുടെ കരുതലുമായി മേരി സെബാസ്റ്റ്യൻ; തന്റെ ഭക്ഷണപ്പൊതി കിട്ടുന്നവർക്ക് ചായ കുടിക്കാനായി പൊതിക്കുള്ളിൽ ആരുമറിയാതെ നൂറു രൂപ നൽകിയ നന്മ മനസ്സിന് കയ്യടിച്ച് നാട്ടുകാരും പൊലീസുകാരും

ചെല്ലാനത്ത് കടൽ കെടുതിയിലായവർക്ക് നൽകിയ പൊതിച്ചോറിൽ നൂറു രൂപയുടെ കരുതലുമായി മേരി സെബാസ്റ്റ്യൻ; തന്റെ ഭക്ഷണപ്പൊതി കിട്ടുന്നവർക്ക് ചായ കുടിക്കാനായി പൊതിക്കുള്ളിൽ ആരുമറിയാതെ നൂറു രൂപ നൽകിയ നന്മ മനസ്സിന് കയ്യടിച്ച് നാട്ടുകാരും പൊലീസുകാരും

സ്വന്തം ലേഖകൻ

കൊച്ചി: പത്ത് പൈസ ആർക്കെങ്കിലും ദാനം ചെയ്താൽ സോഷ്യൽ മീഡിയയിലൂടെ വാർത്തയാക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ മേടിക്കുന്നവന്റെ ആത്മാഭിമാനം മുറിയാതെ ചോറുപൊതിക്കുള്ളിൽ നൂറു രൂപ വെട്ട മേരി സെബാസ്റ്റ്യൻ എന്ന വീട്ടമ്മയുടെ കരുതലിന്റെ സ്‌നേഹ സ്പർശമാണ് ചെല്ലാനും കാരറിഞ്ഞത്. ചെല്ലാനത്ത് കടൽ കെടുതിയിലായവർക്കായി നൽകിയ പൊതിച്ചോറിൽ നൂറു രൂപ വച്ചാണ് കുമ്പളങ്ങിക്കാരി മേരി സെബാസ്റ്റ്യൻ തന്റെ മനസ്സിന്റെ നന്മ ചൊരിഞ്ഞത്.

ഇതേ പറ്റി ആരെങ്കിലും ചോദിച്ചാൽ 'തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാൻ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്.'- എന്നാണ് ഈ കുമ്പളങ്ങിക്കാരിയുടെ പ്രതികരണം. 'ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സിഐ സാറ് വന്നു സമ്മാനം നൽകി. സംഗതി വാർത്തയായതോടെ പള്ളികളിൽ നിന്ന് ഒരുപാട് അച്ചന്മാർ വിളിച്ചു.

തണുപ്പുകാലമായാൽ ഞാൻ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയിൽ ദുരിതത്തിലുള്ള ഒരാൾക്കെങ്കിലും ചായകുടിക്കാൻ സഹായകമാകുമല്ലോ, ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോൾ മോനെക്കൊണ്ട് കപ്പലണ്ടി വാങ്ങിപ്പിച്ച് അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കിൽ നനവ് പടർന്നാലോ?
സംഗതിയറിഞ്ഞ് വാർത്തക്കാരൊക്കെ എത്തിയപ്പോൾ വെള്ളത്തിലൂടെയാണ് വീട്ടിലെത്തിയത്. കഴിഞ്ഞ തവണ അടുക്കളയിലും മുറികളിലും വെള്ളം കയറി, കോലായിൽ മാത്രം വെള്ളം കയറിയില്ല. കടൽ കയറി നിൽക്കുമ്പോൾ ഞങ്ങളെല്ലാം ഇത് അനുഭവിക്കുന്നതാണ്. ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാൽ അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ ഞങ്ങൾ കുമ്പളങ്ങിക്കാർ ഉള്ളതിൽ ഒരു പങ്ക് വരുന്നവർക്കും കൊടുക്കും. അത് ഭക്ഷണമായാലും.' മേരിയുടെ വാക്കുകൾ നിറഞ്ഞ സന്തോഷം.

കാറ്ററിങ് ജീവനക്കാരിയാണ് മേരി. കുറേനാൾ പണിയില്ലായിരുന്നു. കഴിഞ്ഞമാസം 15 ദിവസം പണി കിട്ടി. അതിൽ നിന്ന് കുറച്ചു പൈസ കിട്ടിയതിൽ നിന്നാണ് ഈ 'കോടി' കരുതൽ. ഭർത്താവ് സെബാസ്റ്റ്യൻ വള്ളം നിർമ്മിക്കുന്ന പണിയാണ്. ഇപ്പോൾ പണിയില്ലാത്ത സമയവും. മക്കളുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. മകൻ സെബിൻ ഇന്നലെ ഫേസ്‌ബുക്കിലെഴുതി 'എന്റെ അമ്മയെക്കുറിച്ച് നിറയെ അഭിമാനമാണ്' എന്ന്.

ഇന്നലെ ചെല്ലാനത്ത് കടൽ കയറി ദുരിതത്തിലായവർക്ക് വിതരണം ചെയ്യാൻ നാട്ടുകാരിൽ നിന്ന് സംഭരിച്ച ഭക്ഷണപ്പൊതികളിലൊന്ന് തുറന്ന പൊലീസുകാരിൽ ഒരാളാണ് നൂറു രൂപ കണ്ടതും വിവരം സിഐ പി.എസ്. ഷിജുവിനെ അറിയിച്ചതും. ഷിജുവും കുമ്പളങ്ങിക്കാരനാണ്. സ്വന്തം നാട്ടിലെ വീട്ടമ്മയുടെ ചെയ്തിയിൽ സന്തോഷം തോന്നിയാണ് അദ്ദേഹം ഇക്കാര്യം ഫേസ്‌ബുക്കിലിട്ടത്. 'ഒരു പഴം കൊടുത്താൽ പോലും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസിനു മുന്നിൽ നമിക്കുന്നു' എന്നായിരുന്നു പോസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP