Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പശ്ചിമഘട്ടത്തെയും ഈ പ്രദേശത്ത് കുടിയേറിയ കർഷകരെയും സംരക്ഷിക്കുകയെന്ന വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിൽ വേണം സത്യവാങ്മൂലം; പരിസ്ഥിതിലോല മേഖലയിലെ വിഷയത്തിൽ സർക്കാർ അടിയന്തരമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

പശ്ചിമഘട്ടത്തെയും ഈ പ്രദേശത്ത് കുടിയേറിയ കർഷകരെയും സംരക്ഷിക്കുകയെന്ന വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിൽ വേണം സത്യവാങ്മൂലം; പരിസ്ഥിതിലോല മേഖലയിലെ വിഷയത്തിൽ സർക്കാർ അടിയന്തരമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഉടനേ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്കി. സുപ്രീംകോടതിയുടെ മുമ്പാകെ ഗോവ ഫൗണ്ടേഷനും മറ്റ് 26 പേരും നല്കിയ പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾക്ക് നോട്ടീസ് നല്കിയിരിക്കുന്നത്.

പശ്ചിമഘട്ടത്തെയും ഈ പ്രദേശത്ത് കുടിയേറിയ കർഷകരെയും സംരക്ഷിക്കുകയെന്ന വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിൽ വേണം സത്യവാങ്മൂലം സമർപ്പിക്കാൻ. ലക്ഷക്കണക്കിന് കർഷകരേയും അവരുടെ ജീവിതോപാധിയേയും ബാധിക്കുന്ന ഗുരുതരമായ വിഷയം എന്ന നിലയിൽ അടിയന്തര പ്രാധാന്യത്തോടെ ഇതു കൈകാര്യം ചെയ്യണം. സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശിപാർശകളാണ് ഇതിനായി പരിഗണിക്കേണ്ടതെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 123 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമാണ്. സാറ്റലൈറ്റ് മാപ്പിംഗിലൂടെ 123 വില്ലേജുകളെ മുഴുവൻ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചതു വലിയ തോതിലുള്ള പരാതികൾക്കും പരിഭ്രമത്തിനും വഴിയൊരുക്കി.

തുടർന്ന് സംസ്ഥാന സർക്കാർ നിയോഗിക്കച്ച ഉമ്മൻ വി ഉമ്മൻ കമ്മിറ്റി പ്രസ്തുത സ്ഥലങ്ങൾ നേരിട്ടു സന്ദർശിക്കുകയും 123 വില്ലേജുകളിലെ ജനവാസ കേന്ദ്രം, കൃഷിഭൂമി, തോട്ടങ്ങൾ തുടങ്ങിയവയെ പരിസ്ഥിതി ലോല മേഖലയിൽ നിന്നു മാറ്റാൻ വില്ലേജ് തലത്തിൽ കമ്മിറ്റികളെ നിയോഗിച്ച് ഭൂനിർണയം നടത്തുകയും ചെയ്തു. അതത് പഞ്ചായത്തു പ്രസിഡന്റുമാർ ചെയർമാന്മാരായി രൂപീകരിച്ച സമിതിയിൽ ജനപ്രതിനിധികളും വില്ലേജ്, വനം, സർവെ, പഞ്ചായത്ത് വകുപ്പുകളിലെ പ്രതിനിധികളും ഉണ്ടായിരുന്നു. 123 വില്ലേജുകളിലും കമ്മിറ്റി രൂപീകരിച്ചു.

പശ്ചിമഘട്ടമേഖലയിൽ 40ലധികം ജനസമ്പർക്ക സമ്മേളനങ്ങൾ നടത്തുകയും അതിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുകയും ചെയ്തു. 8976 പരാതികളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ഈ പരാതികളുടെയും കമ്മിറ്റിയുടെ ശിപാർശയുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയമായ തീരുമാനങ്ങൾ എടുത്തു. പട്ടയഭൂമികളെയും കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ, വാസസ്ഥലങ്ങൾ എന്നിവയെ പൂർണമായി പരിസ്ഥിതി ലോലമേഖലയിൽ നിന്നു മാറ്റി. 3114 ചതുരശ്ര കിലോമീറ്ററാണ് ഈ രീതിയിൽ കുറച്ചത്. ഇത് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്തു. 13,108 ചതുരശ്ര കിലോമീറ്ററിനു പകരം ഇനി 9993.70 ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രമാണ് സംസ്ഥാനത്ത് പരിസ്ഥിതി ലോലമേഖലയിൽ ഉള്ളത്. വനഭൂമിയും ചതുപ്പുനിലയങ്ങളും പാറക്കെട്ടുകളും മാത്രം പരിസ്ഥിതി ലോല പ്രദേശമായി തുടരും. യുഡിഎഫ് സർക്കാർ ശാസ്ത്രീയമായി പഠിച്ച് കേരളത്തിന്റെ നിലപാട് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയതുകൊണ്ടാണ് ഇതു സാധ്യമായതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ഗാഡ്ഗിൽ റിപ്പോർട്ട് താലൂക്കും കസ്തൂരിരംഗൻ റിപ്പോർട്ട് വില്ലേജുകളും അടിസ്ഥാനമാക്കിയപ്പോൾ ഉമ്മൻ വി ഉമ്മൻ കമ്മിറ്റി സർവെ നമ്പർ അടിസ്ഥാനത്തിൽ കെഡസ്ട്രൽ മാപ്പ് രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ലോലമേഖല തിരിച്ചത്. അതുകൊണ്ടുതന്നെ യഥാർത്ഥ പരിസ്ഥിതിലോല മേഖല കണ്ടെത്താനും ജനങ്ങളുടെ ആശങ്ക പൂർണമായി അകറ്റാനും സാധിച്ചെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

കേരളത്തിലുള്ള പശ്ചിമഘട്ട മേഖലകയേയും ഇവിടെ അധിവസിക്കുന്നവരെയും സംരക്ഷിക്കാൻ ഈ വസ്തുതകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയൽ സത്യവാങ്മൂലം നല്കണം. ഇക്കാര്യത്തിൽ കാലവിളംബം വരുത്തരുതെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP