Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച ആശുപത്രിയിൽ ചികിത്സതേടിയ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത് രണ്ട് ആശുപത്രികൾ; സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചത് പ്രമേഹവും രക്തസമ്മർദവുമുള്ളതിനാൽ 17-ന് ശസ്ത്രക്രിയ നിശ്ചയിച്ച യുവതിക്ക്

ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച ആശുപത്രിയിൽ ചികിത്സതേടിയ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത് രണ്ട് ആശുപത്രികൾ; സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചത് പ്രമേഹവും രക്തസമ്മർദവുമുള്ളതിനാൽ 17-ന് ശസ്ത്രക്രിയ നിശ്ചയിച്ച യുവതിക്ക്

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അടച്ചു പൂട്ടിയ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയിരുന്ന ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത് രണ്ട് സ്വകാര്യ ആശുപുത്രികൾ. വിഴിക്കത്തോട് കണിപ്പറമ്പിൽ അനീഷിന്റെ ഭാര്യ ശ്രീദേവിക്കാണ് രണ്ട് ആശുപത്രികൾ ചികിത്സ നിഷേധിച്ചത്. 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിലും പൊൻകുന്നം ശാന്തിനികേതൻ ആശുപത്രിയിലുമാണ് ചികിത്സ നിഷേധിച്ചത്.

പൊൻകുന്നത്തെ അരവിന്ദ ആശുപത്രിയിലാണ് യുവതിക്ക് നേരത്തെ ചികിത്സ നടത്തിയിരുന്നത്. ജൂൺ രണ്ടിനാണ് ഈ ആശുപത്രിയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രി അടച്ചു. അന്ന് ആ ആശുപത്രിയിലെത്തിയ ശ്രീദേവിക്ക് 17-ന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ആശുപത്രി അടച്ചതോടെയാണ് മാറ്റൊരു ആശുപത്രി ഇവർ തേടിയത്. എന്നാൽ രണ്ട് ആശുപത്രികളും യുവതിക്ക് ചികിത്സ നിഷേധിച്ചു. പ്രമേഹവും രക്തസമ്മർദവുമുണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ ചികിത്സ നൽകിയില്ലെന്ന് ഭർത്താവ് അനീഷ് പറഞ്ഞു.

നേരത്തേ ചികിത്സിച്ചിരുന്നത് എവിടെയാണെന്ന് ചോദിച്ചറിഞ്ഞശേഷം ഇവിടേക്ക് വരേണ്ടെന്ന് അറിയിച്ചെന്ന് ആദ്യമെത്തിയ മേരി ക്വീൻസ് ആശുപത്രിയിൽനിന്ന് അറിയിച്ചതായി അനീഷ് പറഞ്ഞു. പൊൻകുന്നത്തെ ശാന്തിനികേതൻ ആശുപത്രിയിലെത്തിയപ്പോഴും മുമ്പ് ചികിത്സിച്ചിരുന്നത് അരവിന്ദ ആശുപത്രിയിലെന്നറിയിച്ചപ്പോൾ ചികിത്സ നിഷേധിച്ചു. പ്രമേഹവും രക്തസമ്മർദവും ഉണ്ടെന്നറിയിച്ചപ്പോൾ കോവിഡ് പരിശോധന നടത്തിയ ശേഷം എത്താൻ ആശുപത്രി അധികൃതർ നിർദേശിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് നൽകി. മൂന്നുദിവസത്തിനുശേഷം തുടർപരിശോധനയ്ക്കായി എത്താനാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. പരിശോധനയ്ക്കുശേഷം ഇവർ വീട്ടിലേക്ക് മടങ്ങി.

രാവിലെ മുതൽ ആശുപത്രികൾ കയറിയിറങ്ങിയുള്ള ഓട്ടത്തിനിടയിൽ ആശ്വാസവാക്കുകൾ ലഭിച്ചതും ജനറൽ ആശുപത്രിയിൽനിന്നാണെന്ന് ശ്രീദേവിയും അനീഷും പറഞ്ഞു. മറ്റ് സ്വകാര്യ ആശുപത്രികൾ ചികിത്സിച്ചില്ലെങ്കിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്ന് അവിടെനിന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ, ചികിത്സ നിഷേധിച്ചിട്ടില്ലെന്നും സുരക്ഷയെ മുൻനിർത്തി കോവിഡ് പരിശോധന നടത്തിയശേഷം എത്താനാണ് ആവശ്യപ്പെട്ടതെന്നും ശാന്തിനികേതൻ ആശുപത്രി അധികൃതർ അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലുണ്ടായിരുന്ന മൂന്നുഡോക്ടർമാരിൽ ഒരാൾമാത്രമാണ് ഇപ്പോഴുള്ളതെന്നും ഇതിനാൽ കൂടുതൽ പേരെ ചികിത്സിക്കുന്നില്ലെന്നും മേരി ക്വീൻസ് ആശുപത്രി അധികൃതരും അറിയിച്ചു. ഇവിടെ നിലവിൽ അരവിന്ദയിൽനിന്ന് എത്തിയ ഗർഭിണി ചികിത്സയിലുണ്ട്. ആരെയും ഒഴിവാക്കിയില്ലെന്നും സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP