Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം ഭയന്ന് പൊന്നാനി താലൂക്കിൽ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി; റോഡുകൾ മുഴുവൻ അടച്ചു; മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെയുള്ള യാത്ര അനുവദിക്കില്ല; കർശന നിയന്ത്രണവുമായി പൊലീസ്

കോവിഡ് വ്യാപനം ഭയന്ന് പൊന്നാനി താലൂക്കിൽ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി; റോഡുകൾ മുഴുവൻ അടച്ചു; മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെയുള്ള യാത്ര അനുവദിക്കില്ല; കർശന നിയന്ത്രണവുമായി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ജുലൈ ആറ് വരെ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. ഐജി അശോക് യാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് താലൂക്കിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കുക. കടുത്ത നിയന്ത്രണങ്ങൾ ആണ് താലൂക്കിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെയുള്ള യാത്ര അനുവദിക്കില്ല. ദേശീയ പാതയിലൂടെയുള്ള യാത്ര അനുവദനീയമാണെങ്കിലും പൊന്നാനി താലൂക്കിൽ ഒരിടത്തും വാഹനങ്ങൾ നിർത്താൻ പാടില്ല. ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ 13 പേർക്ക് കൂടി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് ആശ്വാസം. ചികിത്സയിലായിരുന്ന ഏഴ് പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ നിലവിൽ 235 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സമ്പൂർണ ലോക്ക് ഡൗണിന് പുറമെ എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായി ടെസ്റ്റുകൾ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മലപ്പുറം ജില്ലയിൽ സാമൂഹ്യ വ്യാപന ആശങ്ക നിലനിൽക്കുകയാണ്. ഉറവിടംഅറിയാതെ രോഗികളെ കണ്ടെത്തിയതോടെ പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗണും പിന്നീട് സമ്പൂർണ ലോക്ഡൗണം പ്രഖ്യാപിച്ചും സമ്പർക്കപ്പട്ടികയുടെ നീണ്ട ലിസ്റ്റ് പുറത്തുവിട്ടും അധികൃതർ രംഗത്തുവരികയായിരുന്നു. എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടർമാരുടെ മാത്രം സമ്പർക്കപ്പട്ടികയിലുള്ളത് ഇരുപതിനായിരത്തിലധികം പേരാണ്. ഇവർക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. എടപ്പാളിലെ പ്രമുഖരായ രണ്ട് ഡോക്ടർമാരും രണ്ട് സ്വകാര്യ ആശുപത്രികളിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക വർധിച്ചത്.

കോവിഡ് സ്ഥിരീകരിച്ച കുട്ടികളുടെ ഡോക്ടറുടെ പട്ടികയിൽ നവജാതശിശുക്കൾ വരെയുണ്ടെന്നത് ഗൗരവം വർധിപ്പിക്കുന്നു.പട്ടിക പരിശോധിച്ച് ഈസമയത്ത് പരിശോധനക്കെത്തിയ മുഴുവൻപേരോടും വീടുകളിൽ ക്വാറന്റീനിൽ കഴിയാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകാനും ഇവരിൽ 1000പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനുമാണ് തീരുമാനം. അതേ സമയം സാമൂഹ്യവ്യാപനം ഭയക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഏറെ ഗൗരവമായതിനാലാണ് പൊന്നാനി താലൂക്ക് പൂർണ്ണമായും കണ്ടെയ്മന്റ് സോണാക്കാൻ തീരുമാനമായത്. ഇന്നലെ വൈകിട്ട് അഞ്ചുമുതൽ ജൂലായ് ആറുവരെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച എടപ്പാൾ, വട്ടംകുളം, ആലങ്കോട്, മാറഞ്ചേരി, പൊന്നാനി നഗരസഭ എന്നിവയോടൊപ്പം കാലടി, തവനൂർ, വെളിയംകോട്, നന്നംമുക്ക്, പെരുമ്പടപ്പ് പഞ്ചായത്തുകളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ പത്തൊൻപതിന് നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിതീകരിച്ചത്.നേരത്തെ തമിഴ്‌നാട് സ്വദേശിയായ ഭിക്ഷാടകന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എടപ്പാൾ പഞ്ചായത്ത് ഡ്രൈവർക്ക് രോഗം സ്ഥിതീകരിച്ചിരുന്നു.

ഇതേ തുടർന്ന് എടപ്പാളിൽ നടത്തിയ പരിശോധനയിൽ എല്ലാവരും നെഗറ്റീവ് ആകുകയും രോഗം ബാധിച്ചവർ രോഗം മാറി തിരിച്ചെത്തുകയും ചെയ്തതോടെ മേഖല ആശ്വാസത്തിലാക്കുകയും എടപ്പാളിലെയും വട്ടംകുളത്തെയും ചില വാർഡുകളിൽ ഏർപ്പെടുത്തിയിരുന്നു കർശന നിയന്ത്രണം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഉറവികം കണ്ടെത്താതെ ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP