Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗൾഫിലെ ജോലിയും ബിസിനസുമെല്ലാം വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെടാൻ വരട്ടെ; ഈ സാഹചര്യവും മാറും: പ്രവാസി മലയാളിയുടെ കുറിപ്പ് വൈറലാകുന്നു

ഗൾഫിലെ ജോലിയും ബിസിനസുമെല്ലാം വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെടാൻ വരട്ടെ; ഈ സാഹചര്യവും മാറും: പ്രവാസി മലയാളിയുടെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകൻ

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫിൽ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് വരികയാണ്. പലരും ഉണ്ടായിരുന്ന ജോലി പോലും ഉപേക്ഷിച്ചാണ് നാട്ടിലേക്ക് തിരികെ പോരുന്നത്. 'നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് കേട്ട് ഗൾഫിലെ ജോലിയും ബിസിനസുമെല്ലാം വലിച്ചെറിഞ്ഞ് ചാടിപ്പുറപ്പെടാൻ ഒരുങ്ങുന്ന മലയാളികളേ, നിങ്ങളോട് ചിലതൊക്കെ എനിക്ക് പറയാനുണ്ട്...' കഴിഞ്ഞ 32 വർഷമായി യുഎഇയിലുള്ള പഴയകാല വോളിബോൾ താരവും സാമൂഹികപ്രവർത്തകനും ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റുമായ കൊല്ലം ചാത്തന്നൂർ സ്വദേശി കെ. രാജശേഖരൻ പറയുന്നു. 'നിങ്ങൾ ഈ പ്രലോഭനങ്ങളൊക്കെ കേട്ടു കോൾമയിർ കൊള്ളരുത്. സംഭവം അപകടമാണ്. കാര്യങ്ങൾ അത്ര സുഗമമല്ല. ഇവിടെ സമാധാനമായി ജോലി തുടരുന്നവർ, മാസാമാസം ശമ്പളം വാങ്ങിക്കുന്നവർ ചുരുക്കമായെങ്കിലും ഉണ്ട്. ഇതൊക്കെ കളഞ്ഞിട്ടു നാട്ടിൽ പോകാമെന്നു സ്വബോധമുള്ളവർ ചിന്തിക്കില്ല. അതിനെക്കുറിച്ചു ചർച്ചയും വേണ്ട'.

'ഇനി, സന്ദർശക വീസയിൽ വന്നു ജോലി കിട്ടാത്തവർ, കിട്ടിയ ജോലി നഷ്ടപ്പെട്ടവർ, സന്ദർശനത്തിനായി മക്കളുടെ അരികിലേയ്ക്ക് വന്ന പ്രായമായ അച്ഛനമ്മമാർ, ജോലി നഷ്ടപ്പെട്ടിട്ടും കുടുംബമായി താമസിക്കാൻ നിർബന്ധിതരായവർ... അങ്ങനെ വിഭിന്ന സാഹചര്യങ്ങൾ നേരിടുന്നവർ നമ്മുടെയിടയിൽ ഉണ്ട്. ഈ വിശദീകരണത്തിൽ എല്ലാ വിഭാഗങ്ങളും ഉൾപ്പെട്ടെന്നു എനിക്കഭിപ്രായമില്ല. എന്നാലും എല്ലാവർക്കും വേണ്ടിയിട്ടു ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ആരും വിഷമിക്കരുത് എന്ന ഒറ്റ ചിന്തയിൽ ആവർത്തിച്ച് പറയുകയാണ് പ്രിയരേ, ചാടിപ്പിടിച്ചു പോകരുത്.

പോകാൻ വൈകരുത്, ഇവർ
1. സന്ദർശകവീസയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ജോലി കിട്ടാത്തവർ, പിന്തുണയ്ക്കാൻ ബന്ധുക്കളാരും ഇല്ലാത്തവർ, നിത്യജീവിതത്തിനു ബുദ്ധിമുട്ടുന്നവർ, അതിലുപരി ആശ നഷ്ടപ്പെട്ടവർ. ഇവരെല്ലാം ഏറ്റവും അടുത്ത അവസരത്തിൽ തന്നെ തിരികെ പോകണം.

2. വിസിറ്റ് വീസയിൽ വന്ന പ്രായമായവർ, ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ (അവർക്കു പ്രത്യേക പരിഗണന ഉണ്ടാവും) ഇവരും പോകാൻ വൈകരുത്.
3. ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടവർ, മറ്റൊരു ജോലി കണ്ടുപിടിക്കാൻ ആവില്ല എന്ന് ബോധ്യമുള്ളവർ, കുടുംബം കൂടെയുള്ളവർ, പഠിക്കുന്ന കുട്ടികൾ ഉള്ളവർ, കുറഞ്ഞത് 6 മാസം ജീവിക്കാനാവശ്യമായ കരുതൽ ഇല്ലാത്തവർ. ഇവർക്കെല്ലാം ഒന്നുകിൽ തല്ക്കാലം തിരികെ പോകാം, അല്ലെങ്കിൽ കുടുംബത്തെ നാട്ടിലേയ്ക്കു അയക്കാം. അനുകൂലസാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ തിരികെവരാമെന്നു പ്രതീക്ഷിക്കാം.
4. അധികം പ്രായമില്ലാത്തവർ, എന്നാലും ജോലി നഷ്ടപ്പെട്ടവർ, നല്ല യോഗ്യതയുള്ളവർ, അതിലുപരി പൊരുതാനുള്ള മനഃശ്ശക്തി ഉള്ളവർ. ഇവരൊന്നും തിരികെ പോകാൻ തുനിയരുത്; പിടിച്ചു നിൽക്കണം.

ഇവിടെ ഈ സാഹചര്യമൊക്കെ മാറും, കുറച്ചു കാലതാമസം ഉണ്ടായാലും. യുഎഇ അതിനുള്ള തീവ്ര ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിൽ വിഷമിക്കേണ്ട. അതിന്റെ കരുതലുകൾ വഴിക്കുണ്ട്. ഈ സാഹചര്യമൊക്കെ താൽക്കാലികമാണെന്നു അധികാരികൾക്കറിയാം. അതിനാൽ, പ്രതിസന്ധികളെല്ലാം മാറുമെന്നും, ശുഭപ്രതീക്ഷയുള്ളവർക്കും, വിദ്യാഭാസ യോഗ്യതയും പ്രത്യേകിച്ച് വേണ്ടത്ര മുൻപരിചയവും ഉള്ളവർക്കും ഇനിയും സാഹചര്യങ്ങൾ വരാനിരിക്കുന്നു.

നാട്ടിൽ ചേക്കേറി എന്തെടുക്കാനാണ്?
എല്ലാവരും കൂടി വികാരപരവശരായി നാട്ടിലോട്ട് ചേക്കേറി എന്തെടുക്കാനാണ്? ഗവൺമെന്റിന്റെ സുരക്ഷാ നടപടികൾ, ജനങ്ങളോടുള്ള മമത, സ്‌നേഹം, ആതുര സേവനരംഗത്തെ പ്രവർത്തകരുടെ മികവ്, പൊലീസ് ടീമിന്റെ സേവനതത്പരത, ഇതൊക്കെയാണ് ഇന്ന് കേരളത്തിനുള്ള ലോകപ്രശസ്തിക്ക് കാരണം. കൂടാതെ, അപകടം മണത്തറിഞ്ഞു നിർദേശങ്ങളുടെ കൂടെ നിൽക്കാനുള്ള, അനുസരിക്കാനുള്ള മലയാളിയുടെ ചിന്താഗതിയും. ഇതോടൊപ്പം ആവശ്യസാധനകളൊക്കെ യഥേഷ്ടം കിട്ടാനുള്ള സാഹചര്യവും ഉണ്ട് എന്നോർക്കണം.
നമ്മൾ വീരവാദം മുഴക്കാൻ വരട്ടെ, വരും ദിനങ്ങൾ പരീക്ഷണങ്ങളുടേതാണ്, അങ്കലാപ്പിന്റേതാണ്. അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളവർ കൂട്ടംകൂട്ടമായി തിരികെ വരുമ്പോൾ സ്‌ഫോടനാത്മകമായ സാഹചര്യം ഉണ്ടായേക്കാം. ഓരോരുത്തരെയും വേർതിരിച്ചു സൗകര്യങ്ങൾ ഉണ്ടാക്കാൻ, അവർ സ്വന്തം വീടുകളിൽ എത്തിയാൽ മുന്നോട്ടുള്ള സാഹചര്യങ്ങൾ, പട്ടിണി കൂടാതെ കഴിയാൻ, വരുമാനമില്ലാത്ത കുടുംബത്തിന്റെ അത്യാവശ്യങ്ങൾ നിർവഹിക്കാൻ, ബന്ധുക്കളുടെയും, സ്വന്തക്കാരുടെയും സഹതാപം ഏറ്റുവാങ്ങൽ ഒക്കെ പ്രശ്‌നമാണ്, ഒത്തിരി ക്ഷമ വേണ്ടിവരും ഇതിനിടയിൽ ഒരു പ്രവാസിക്ക് പിടിച്ചുനിൽക്കാൻ.

സർക്കാരിന്റെ വാഗ്ദാനങ്ങൾ ഒട്ടേറെ
തിരിച്ചുചെല്ലുന്ന പ്രവാസികൾക്ക് സർക്കാർ ഒട്ടേറെ വ്ഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. പ്രവാസി പെൻഷൻ, അണമുറിയാത്ത റേഷൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ, ബിസിനസ് തുടങ്ങാൻ അധികം നൂലാമാലകൾ ഇല്ലാത്ത വായ്പാ സൗകര്യങ്ങൾ, തുച്ഛമായ തുകയ്ക്ക് മെഡിക്കൽ ബെനഫിറ്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക സൗകര്യങ്ങൾ അങ്ങനെയങ്ങനെ... ഇതൊന്നും കേട്ടു കോൾമയിർ കൊണ്ടാൽ ഒരുപക്ഷേ, നിങ്ങൾ അപകടത്തിലായേക്കും.

ഇതൊക്കെ യാഥാർഥ്യമാക്കുക പറയുന്ന പോലെ എളുപ്പമല്ലെന്നറിയുക. രാഷ്ട്രീയ അതിപ്രസരവും അനധികൃത സ്വാധീനങ്ങളുമെല്ലാം ഉണ്ടാകും. ഇവിടെ താരതമ്യേന സമാധാനത്തിൽ ജീവിച്ചവർക്കു നാട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. അതീവ മനോധൈര്യം ഇല്ലെങ്കിൽ 'കഷ്ടമായിപ്പോയല്ലോ' എന്ന് ചിന്തിക്കാൻ അധിക സമയമെടുക്കില്ല. ഇതേ ചിന്താഗതിയിൽ, പ്രശ്‌നങ്ങളിൽ, സാഹചര്യങ്ങളെ നേരിടുന്ന അനേക ലക്ഷങ്ങളാണ് നാട്ടിൽ വരാൻ പോകുന്നതെന്ന് ഓർമിക്കണം.

ഇതൊന്നും കൂടാതെ കോവിഡുമായി ബന്ധപ്പെട്ടു നേരിടാൻ പോകുന്ന പ്രശ്‌നങ്ങൾ വേറെ. ഞാൻ നിങ്ങളെ ഭീതിയിലാഴ്‌ത്തുകയല്ല, യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു എന്നേ കരുതാവൂ. ആവേശത്താൽ, വിവേകത്തോടെയല്ലാതെ കാര്യങ്ങൾ തീരുമാനിക്കരുത്. പുതിയ വീസയിൽ തിരികെയെത്താൻ സമയമെടുക്കുമെന്നോർക്കുമല്ലോ. ആത്യന്തികമായി പറഞ്ഞോട്ടെ, പണമാണ് ജീവിതത്തിൽ പലരും പ്രധാനപ്പെട്ടതായി കാണുന്നത്.
അതില്ലാത്തവന് പലസന്ദർഭങ്ങളിലും പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കും. പണമില്ലെങ്കിൽ, കൂടെയുണ്ടെന്ന് കരുതുന്നവർ പോലും ഒരുദിനം തള്ളി പറയും. എല്ലാം നേരിടേണ്ടത് നമ്മളാണ്. ഓരോരുത്തരുടെയും സാഹചര്യങ്ങളും അനുഭവങ്ങളും ചിന്താഗതിയും വിഭിന്നമാണെന്നറിയാം. ആരെയും ഉപദേശിക്കാൻ ഞാൻ ആളല്ല. ശരിക്കും ആലോചിച്ചു തീരുമാനങ്ങൾ എടുക്കുക, എന്നേ പറയുന്നുള്ളൂ. എല്ലാവര്ക്കും നല്ലതു വരാനായി പ്രാർത്ഥിക്കുന്നുരാജശേഖരൻ പറഞ്ഞു.

ജിമ്മി ജോർജിനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓർമകൾ
പ്രമുഖ വോളിബോൾ താരം അന്തരിച്ച ജിമ്മി ജോർജിനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ സഹകളിക്കാരൻ കൂടിയായ കെ.രാജശേഖരന്റെ മനസിൽ സ്മാഷുകൾ തീ ചീറ്റും. ബിരുദ പഠനം കഴിഞ്ഞ ശേഷം 1974 മുതൽ 1982 വരെ കളമശ്ശേരി പ്രിമിയർ ടയേഴ്‌സ് വോളിബോൾ ടീമിൽ കളിച്ചിട്ടുള്ള ഇദ്ദേഹം 1982ൽ അബുദാബി സ്പോർട്സ് ക്ലബ്ബിലെ കളിക്കാരനായിരുന്നു. ജിമ്മി 1981 മുതൽ അവിടെ കളിക്കുന്നുണ്ടായിരുന്നു. 1982 ൽ അദ്ദേഹം ഇറ്റലിക്കു പോകുകയും 1987 ൽ അവിടെ മരണപ്പെടുകയുമായിരുന്നു.

1980ൽ ജിമ്മി ജോർജിനോടൊപ്പം കെ.രാജശേഖരൻ തന്റെ വീട്ടിൽ. അന്ന് ജിമ്മി ജോർജ് കേരളാ പൊലീസിൽ സർക്കിൾ ഇൻസ്‌പെക്ടറായിരുന്നു.
''ജിമ്മി എന്റെ ജന്മ സുകൃതമാണ്. 1978 ൽ തേവര കോളജിൽ നടന്ന യൂണിവേഴ്‌സിറ്റി സെലക്ഷനിലാണ് അന്നത്തെ പരിശീലകൻ ഗോപിസാർ മുഖേന പരിചയപ്പെടുന്നത്. പിന്നെ ആ ബന്ധം വളർന്നു പന്തലിച്ചു. ജീവിതത്തിലെ തീരാ നഷ്ടമാണ് ജിമ്മിയുടെ വിടവാങ്ങൽ. 1985 മുതൽ ഞാൻ അബുദാബി മുൻസിപ്പാലിറ്റി വോളിബോൾ ടീമിന്റെ കോച്ച് ആയിരുന്നു. വിവിധ രാജ്യത്തെ കളിക്കാർ അടങ്ങുന്ന ടീമായിരുന്നു അത്. പാലായിലെ മണർകാട് ട്രോഫിക്കാ യുള്ള ഇന്റർനാഷനൽ ടൂർണമെന്റിൽ രണ്ടു തവണ ആ ടീം പങ്കെടുത്തിരുന്നു.

1988 മുതൽ 4 വർഷം അബുദാബിയിലെ ബനിയാസ് ക്ലബ് വോളിബോൾ ജൂനിയർ ടീമിന്റെ കോച്ച് ആകാൻ അവസരം കിട്ടിയത് അനുഗ്രഹമായി കരുതുന്നു. അന്ന് മെയിൻ ടീമിന്റെ കോച്ച് കൊറിയയുടെ ഇന്റർനാഷനൽ താരം യോങ് സു പാർക്ക് ആയിരുന്നു. വോളിബോളിൽ യുഎഇ ഗവണ്മെന്റ് ക്ലബ്ബിൽ ഇന്ത്യയിൽ നിന്നുള്ള കോച്ച് ആകാൻ അവസരം ലഭിച്ചത് എനിക്കാണെന്നതിൽ അഭിമാനിക്കുന്നു. 1982 ൽ അബുദാബിയിൽ വന്നിട്ട്, കുട്ടികൾ 12ാംക്ലാസ് കഴിഞ്ഞ ശേഷം പഠിത്തം തുടരാനായി നാട്ടിലേക്കു മടങ്ങി.

1978ൽ പയ്യന്നൂരിൽ നടന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിൽ പങ്കെടുത്ത പ്രീമിയർ ടയേഴ്‌സ് ടീം. ഇടതുനിന്ന് ജിമ്മി ജോർജ്, പി.ടി.തോമസ്, ബ്ലെസൻ ജോർജ്, കെ.രാജശേഖരൻ, പി.ടി.മാനുവൽ, ഇബിൻ ജോർജ് തുടങ്ങിയവർ.
യുഎഇയിൽ തിരികെ എത്തുന്നത് 2010 മേയിലാണ്. അന്നുമുതൽ അജ്മാൻ കേന്ദ്രമായി ബിസിനസ് നടത്തിവരുന്നു. വോളിബോൾ ബന്ധം വിട്ടിട്ടില്ല. ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന റമസാൻ ടൂർണമെന്റിലും മറ്റു ഓപ്പൺ ടൂർണമെന്റുകളിലും റഫറിയായി പോകുന്നു. ഗൾഫ് മേഖലയിൽ വർഷം തോറും നടക്കുന്ന പ്രധാനപ്പെട്ട വോളിബോൾ ടൂർണമെന്റ് ആയ അബുദാബി കേരള സോഷ്യൽ സെന്റർ നടത്തുന്ന ജിമ്മി ജോർജ് മെമോറിയൽ ടൂർണമെന്റ് 1988 ൽ ആദ്യമായി തുടക്കമിട്ടത് അർജുന അവാർഡ് ജേതാവും അബുദാബി പൊലീസ് ടീമിന്റെ കോച്ചുമായിരുന്ന സുരേഷ് മിശ്രയും ഞാനും കൂടിയായിരുന്നു.
ഈ കൊറോണക്കാലത്തു ഷാർജ ഇൻകാസും ഷാർജ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചു നടന്നുവരുന്ന സാമൂഹിക സേവനരംഗത്ത് കെ.രാജശേഖരൻ സജീവമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP