Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ വിഭജനം പൂർത്തിയായി; വനിത ശിശുവികസന വകുപ്പിൽ ഇനിമുതൽ എൻഫോഴ്സ്മെന്റ് വിഭാഗവും; ജീവനക്കാർക്ക് ഓപ്ഷന് അവസരം

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ വിഭജനം പൂർത്തിയായി; വനിത ശിശുവികസന വകുപ്പിൽ ഇനിമുതൽ എൻഫോഴ്സ്മെന്റ് വിഭാഗവും; ജീവനക്കാർക്ക് ഓപ്ഷന് അവസരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകളുടെ ജീവനക്കാരുടെ പുനർവിന്യാസം, നിയമനം, സ്ഥാനക്കയറ്റം എന്നിവയ്ക്കായി വ്യവസ്ഥകൾ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും സുരക്ഷയ്ക്കും അവർ നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാരിന്റെ സവിശേഷ ശ്രദ്ധ പതിപ്പുക്കുന്നതിനുമായാണ് ഇടതുപക്ഷ സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞതുപോലെ സാമൂഹ്യനീതി വകുപ്പിനെ വിഭജിച്ച് പ്രത്യേകമായി വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ജീവനക്കാരുടെ പുനഃനിർണയം വിവിധ സർവീസ് സംഘടനകളുമായി ചർച്ച ചെയ്താണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വനിത ശിശുവികസന വകുപ്പിൽ ഇനിമുതൽ ഡെവലപ്പ്മെന്റ് വിഭാഗത്തിന് പുറമേ എൻഫോഴ്സ്മെന്റ് വിഭാഗവും ഉണ്ടായിരിക്കുന്നതാണ്. ഐ.സി.ഡി.എസാണ് പ്രധാന വികസന പദ്ധതികൾ നടപ്പിലാക്കി വന്നത്. വനിതകൾക്ക് വേണ്ടി 5 ആക്ടും ശിശുക്കൾക്ക് വേണ്ടി 2 ആക്ടും എൻഫോഴ്സ്മെന്റുമാണുള്ളത്. വകുപ്പിനെ സംബന്ധിച്ചുള്ള ഈ ആക്ടുകൾ എൻഫോഴ്സ്മെന്റ് ഓഫീസർമാരായിരിക്കും കൈകാര്യം ചെയ്യുക. മാത്രമല്ല ജില്ലാതല ഉദ്യോഗസ്ഥരുടെ ഒരു കുടക്കീഴിലേക്ക് വകുപ്പിനെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

ഇരു വകുപ്പുകളിലും പൊതുവായുള്ള തസ്തികകളിലെ ജീവനക്കാർക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ താൽപര്യമുള്ള വകുപ്പ് തെരഞ്ഞെടുക്കുന്നതിനായി ഓപ്ഷൻ അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നതു മുതൽ ഇരു വകുപ്പുകളുടെയും ജീവനക്കാര്യം പ്രത്യേക എസ്റ്റാബ്ലിഷെന്റ് വിഭാഗങ്ങളുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. ഓരോ വകുപ്പിലെ ഡയറക്ടറും, ഈ വകുപ്പിന് കീഴിൽ വരുന്ന മറ്റു ജീവനക്കാരും വിവിധ ഓഫീസുകൾ, ഹോമുകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കളും ആ വകുപ്പിന്റെ അധികാര പരിധിയിൽ വരുന്നതായിരിക്കും.

സാമൂഹ്യനീതി വകുപ്പിൽ നിലവിൽ 535 തസ്തികകളും വനിത ശിശുവികസന വകുപ്പിൽ 24 പുതിയ തസ്തികകൾ സൃഷ്ടിച്ചതുൾപ്പെടെ 3,284 തസ്തികകളുമാണുള്ളത്. അംഗീകരിക്കപ്പെട്ട കേഡർ സ്ട്രെങ്തിന്റെ അടിസ്ഥാനത്തിൽ അതത് വകുപ്പിൽ ഉൾപ്പെടുന്ന തസ്തികകളുടെ നിയമനം, പെൻഷൻ, സാങ്ഷനിങ് സംബന്ധിച്ച വിഷയങ്ങൾ അതത് ഡയറക്ടർമാരുടെ ചുമതലയായിരിക്കും.

പുനർ വിന്യാസവുമായി ബന്ധപ്പെട്ട് ഇരുവകുപ്പിലേയും ഓപ്ഷൻ നൽകേണ്ട പൊതു തസ്തികകളിലെ ജീവനക്കാർ മേലധികാരി മുഖാന്തിരം അതത് വകുപ്പ് ഡയറക്ടർമാർക്ക് ഓപ്ഷനുകൾ സമർപ്പിക്കേണ്ടതാണ്. ഈ ഓപ്ഷനുകൾ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിൽ സ്പെഷ്യൽ സെൽ രൂപീകരിക്കും. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ കൺവീനറും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, ഇരുവകുപ്പിലേയും അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, ലോ ഓഫീസർ, എസ്റ്റാബ്ലിഷ്മെന്റ് സീനിയർ സൂപ്രണ്ട്, രണ്ട് സീനിയർ ക്ലാർക്കുമാർ എന്നിവർ സ്പെഷ്യൽ സെല്ലിലെ അംഗങ്ങളുമായിരിക്കും.

അർഹരായ ജീവനക്കാർ അപേക്ഷകൾ മേലധികാരിയുടെ ശുപാർശയോടെ ഉത്തരവ് തീയതി മുതൽ 30 ദിവസത്തിനകം സ്പഷ്യൽ സെൽ കൺവീനർക്ക് സമർപ്പിക്കേണ്ടതാണ്. സ്പെഷ്യൽ സെല്ലിൽ ഓപ്ഷനുകൾ സ്വീകരിച്ച് 30 ദിവസത്തിനകം അന്തിമ ലിസ്റ്റ് തയാറാക്കി അതത് വകുപ്പുകളിലെ ജീവനക്കാരുടെ പുനർ വിന്യാസം സംബന്ധിച്ച നടപടിക്രമം ഡയറക്ടർമാർ പുറപ്പെടുവിക്കുന്നതാണ്. ഓപ്ഷൻ സ്വീകരിച്ച് പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉണ്ടാകുന്ന ഒഴിവുകൾ അതത് വകുപ്പ് ഡയറക്ടർമാർ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP