Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രധാനമന്ത്രിക്ക് കത്തയച്ചതിന് കേസെടുത്തത് സാംസ്‌കാരിക ഫാസിസം; രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ജനാധിപത്യ വിശ്വാസികളും രാജ്യസ്‌നേഹികളും ഭയപ്പെടുന്നു; കേന്ദ്ര സർക്കാരിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രധാനമന്ത്രിക്ക് കത്തയച്ചതിന് കേസെടുത്തത് സാംസ്‌കാരിക ഫാസിസം; രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ജനാധിപത്യ വിശ്വാസികളും രാജ്യസ്‌നേഹികളും ഭയപ്പെടുന്നു; കേന്ദ്ര സർക്കാരിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമാകുന്നുവെന്നും ജയ്ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമാകുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ കലാ, സാംസ്‌കാരിക പ്രവർത്തകർക്കെതിരേ കേസെടുത്തത് നരേന്ദ്ര മോദി സർക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് ജനാധിപത്യ വിശ്വാസികളും രാജ്യസ്‌നേഹികളും ഭയപ്പെടുന്നു.

കൊല്ലുന്നവർ സുരക്ഷിതരും അതു ചൂണ്ടിക്കാട്ടുന്നവർ ജയിലിലും എന്നതാണോ മോദി സർക്കാരിന്റെ നയം? മാനഭംഗം ചെയ്യപ്പെട്ട ഇരകൾക്കു ജയിലും, മാനഭംഗം നടത്തിയവർക്ക് വീരാളിപ്പട്ടും നല്കുന്നതാണോ മോദിയുടെ പുതിയ ഇന്ത്യ? ഫാസിസം അതിന്റെ ഏറ്റവും ബീഭത്സമായ രൂപമണിഞ്ഞ് ജനങ്ങളെ നിശബ്ദമാക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സാമൂഹിക പ്രവർത്തകനായ നരേന്ദ്ര ധാബോൽക്കർ, എഴുത്തുകാരായ ഗോവിന്ദ് പൻസാരെ, എംഎം കൽബുർഗി, പത്രപ്രവർത്തക ഗൗരി ലങ്കേഷ് തുടങ്ങിയവർ ഫാസിസത്തിന്റെ ഇരകളായി ജീവൻ നഷ്ടപ്പെട്ടവരാണ്. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷവും ആൾക്കൂട്ട കൊലപാതകങ്ങൾ നിർബാധം തുടരുന്നു. കഴിഞ്ഞ മാസം ഗോവധം ആരോപിച്ച് ഝാർഖണ്ഡിൽ ഭിന്നശേഷിക്കാരനെയും മോഷ്ടാവെന്നു സംശയിച്ച് ഗുജറാത്തിൽ യുവാവിനെയും ആൾക്കൂട്ടം തല്ലിക്കൊന്നു. ജയ്ശ്രീറാം വിളി അധികാരം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യം പോലെയാണ് സംഘപരിവാരങ്ങൾ ഉപയോഗിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

രാജ്യദ്രോഹക്കുറ്റത്തിനു പുറമേ മതവികാരം വ്രണപ്പെടുത്തൽ, സമാധാനലംഘനം തുടങ്ങിയ കുറ്റങ്ങളും സാംസ്‌കാരിക നായകർക്കുമേൽ ചാർത്തിയിരിക്കുകയാണ്. ഭീകരപ്രവർത്തകർ എന്നതുപോലെയാണ് ഇവരെ ഭരണകൂടം കൈകാര്യം ചെയ്യുന്നത്. ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും മതേതരത്വത്തിനും ലോകത്തിനു മാതൃകയായിരുന്ന നമ്മുടെ രാജ്യത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഒട്ടും അഭിമാനകരമല്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP