Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒമ്പതാംക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ടുപോകൽ കഥ വിശ്വസിച്ച് ആൾകൂട്ട ആക്രമണം: പ്രതികളെ കണ്ടെത്താൻ ഡി.വൈ.എസ്‌പിയുടെ നേൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; മൂന്നുപേർ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെല്ലാം ഒളിവിൽപോയി; ഇനി കണ്ടെത്താനുള്ളത് 37പ്രതികളെയും

ഒമ്പതാംക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ടുപോകൽ കഥ വിശ്വസിച്ച് ആൾകൂട്ട ആക്രമണം: പ്രതികളെ കണ്ടെത്താൻ ഡി.വൈ.എസ്‌പിയുടെ നേൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; മൂന്നുപേർ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെല്ലാം ഒളിവിൽപോയി; ഇനി കണ്ടെത്താനുള്ളത് 37പ്രതികളെയും

ജംഷാദ് മലപ്പുറം

 മലപ്പുറം: ഒമ്പതാംക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ടുപോകൽ കഥ വിശ്വസിച്ച് ആൾകൂട്ട ആക്രമണം നടത്തിയവരെ കണ്ടെത്താൻ ഡി.വൈ.എസ്‌പിയുടെ നേൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി. കേസിൽ മൂന്നുപേർ അറസ്റ്റിലായതിന് പിന്നാലെ മറ്റു പ്രതികളെല്ലാം ഒളിവിൽപോയി. ഇനി കണ്ടെത്താനുള്ളത് 37പ്രതികളെ. അന്വേഷണ സംഘം സംഭവ സ്ഥലം വീണ്ടും സന്ദർശിച്ചു ഓമാനൂർ ആൾകൂട്ട ആക്രമണക്കേസ് ഡിവൈ.എസ്‌പി: പി.പി ഷംസുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. കുട്ടി ആദ്യമായി ഇരുന്ന ബസ് സ്റ്റോപ്പും കാറു തടഞ്ഞ് ആക്രമണം നടത്തിയ സ്ഥലവുമെല്ലാം അന്വേഷണ സംഘം ഇന്നലെ സന്ദർശിച്ചു.

കേസിൽ മൂന്നുപ്രതികളെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റിലായെങ്കിലും, കേസെടുത്ത കണ്ടാലറിയാവുന്ന ബാക്കിയുള്ള 37 പ്രതികളെ പിടികൂടാനുള്ള അന്വേഷണവും ഊർജിതമാക്കിയതായി ഡി.വൈ.എസ്‌പി പി പി ഷംസ് പറഞ്ഞു. അന്വേഷണ സംഘം അരീക്കോട്, കൊണ്ടോട്ടി, വാഴക്കാട് ഇൻസ്പെക്ടർമാർ ഉൾപ്പെടുന്നതാണ്. അതേ സമയം അക്രമത്തിൽ പരുക്കേറ്റ സഫറുള്ള യുടെ പിതാവ് ഇന്നലെ മലപ്പുറം ജില്ലാപൊലീസ് മേധാവി യു.അബ്ദുൽ കരീമിനെ കണ്ട് പരാതി നൽകി. പ്രതിപ്പട്ടികയിലുള്ളവരെല്ലാം ഒളിവിലാണ്.പതിനാലുകാരനായ വിദ്യാർത്ഥിയുടെ നുണക്കഥ വിശ്വസിച്ച് ആൾക്കൂട്ട ആക്രമണം നടത്തിയ സംഘത്തിലെ ഓമാനൂർ സ്വദേശികളായ കണ്ണൻതൊടി ഫൈസൽ(43), കൂനുമ്മൽ ദുൽഫുഖർ അലി(24), മണിപ്പാട്ടിൽ മുഅതസ്ഖാൻ(23) എന്നിവരെയാണ് വാഴക്കാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.വധശ്രമം, കലാപം സൃഷ്ടിക്കൽ, അക്രമണത്തിന് സംഘം ചേരൽ, വാഹനം തകർക്കൽ, റോഡ് തടസപ്പെടുത്തൽ തുടങ്ങി എട്ടു കേസുകളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത്. കേസിൽ കണ്ടാലറിയുന്ന നാൽപത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാക്കിയുള്ളവരുടെ ലിസ്റ്റ് തയാറാക്കി വരികയാണെന്നു പൊലീസ് പറഞ്ഞു.സമൂഹ മാധ്യമങ്ങളിലും മഫ്ടിയിലുണ്ടായിരുന്ന പൊലീസ് പകർത്തിയതുമടക്കം അമ്പതോളം വീഡിയോകളാണ് കേസിനായി പൊലീസ് ശേഖരിച്ചത്. കുടുതൽ പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നും മറ്റുള്ളവർക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് വിദ്യാർത്ഥി പറഞ്ഞിരുന്നത്. ബസ് സ്റ്റോപ്പിലിരിക്കുന്ന തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി 14കാരൻ പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതോടെ നാട്ടുകാർ ഇരിച്ചെത്തുകയായിരുന്നു. അക്രമണത്തിനിരയായ കൊണ്ടോട്ടി കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കാറിലെത്തിയ ചിലർ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നു പതിനാലുകാരനായ വിദ്യാർത്ഥി പറഞ്ഞതു വിശ്വസിച്ചാണു നാട്ടുകാർ ഇരുവരേയും ക്രൂരമായി മർദിച്ചത്.

രക്തം ഛർദിച്ചിട്ടും അടിനിർത്താൻ കൂട്ടാക്കിയില്ലെന്നു അക്രമണത്തിനിരയായ യുവാക്കൾ പറയുന്നു. നിരപരാധികളെന്ന് തിരിച്ചറിഞ്ഞ് തടയാൻ വന്നവരെയും സംഘംചേർന്ന് ആക്രമിച്ചതായും പരാതിയുണ്ട്.ഓമാനൂരിൽ സ്‌കൂളിൽ പോവാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥിയാണ് തന്നെ കൈകൾ കയറുകൊണ്ടു ബന്ധിച്ചു കാറിൽ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്നും കുതറി ഓടി രക്ഷപ്പെട്ടതാണന്നും നാട്ടുകാരെ അറിയിച്ചത്. ഇതിനുപിന്നാലെ നാട്ടുകാർ സിസിടിവി പരിശോധിച്ചപ്പോൾ ആ സമയം അതുവഴി കടന്നു പോയ കാർ കുട്ടി കാട്ടിക്കൊടുത്തു.

തുടർന്നു പൊലീസിന്റെ നിർദ്ദേശപ്രകാരം വാഴക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വരും വഴി കാർ നാട്ടുകാർ തടഞ്ഞു. കാറിനുള്ളിൽ ഉണ്ടായിരുന്ന യുവാക്കളാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർത്ഥി ആവർത്തിച്ചതോടെ നാട്ടുകാർ വലിച്ചിറക്കി മർദിക്കുകയായിരുന്നു.കാർ തല്ലിത്തകർക്കുകയും ചെയ്തു. പൊലീസിനൊപ്പം യുവാക്കളെ വിട്ടയയ്ക്കാനും നാട്ടുകാർ തയാറായില്ല. പരീക്ഷയിൽ മാർക്ക് കുറയുമെന്നും ഇത് കാരണം വീട്ടുകാർ തന്നെ വഴക്ക് പറയുമെന്നും അടിക്കുമെന്നും പേടിച്ചാണ് ഒൻപതാംക്ലാസുകാരൻ നുണക്കഥ മെനഞ്ഞതെന്നു പിന്നീട് കുട്ടിയെ ചോദ്യംചെയ്തതിൽനിന്നാണ് പൊലീസിന് വ്യക്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP