Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചു; കള്ളസാക്ഷി പറയുവാൻ കൊടിയ മർദ്ദനം ഏൽക്കേണ്ടി വന്നുവെന്ന് സാക്ഷിമൊഴി; ഹോസ്റ്റലിലെ അന്തേവാസിയും സഹപാഠിയുമായ നിഷാറാണി കൂറുമാറി

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്നു വരുത്തി തീർക്കാൻ ശ്രമിച്ചു; കള്ളസാക്ഷി പറയുവാൻ കൊടിയ മർദ്ദനം ഏൽക്കേണ്ടി വന്നുവെന്ന് സാക്ഷിമൊഴി; ഹോസ്റ്റലിലെ അന്തേവാസിയും സഹപാഠിയുമായ നിഷാറാണി കൂറുമാറി

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്തി തീർക്കുവാൻ വേണ്ടി കള്ളസാക്ഷി പറയുവാൻ ക്രൈംബ്രാഞ്ച് സംഘം ആറു ദിവസം അന്യായമായി കസ്റ്റഡിയിൽ വച്ച് അതിക്രൂരമായി തന്നെയും തന്റെ സഹോദരൻ റിയാസിനെയും മർദ്ദിച്ചുവെന്ന് കേസിലെ ഇരുപത്തിയാറാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം ഏഴാം സാക്ഷിയുമായ എം.എം.ഷമീർ തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി. ക്രൈംബ്രാഞ്ച് എസ്‌പി. കെ.റ്റി. മൈക്കിൾ , ഡിവൈഎസ്‌പി ഐസക്ക് തമ്പാൻ, സർക്കിൾ ഇൻസ്‌പെക്ടർ ശശിധരൻ , ഹെഡ് കോൺസ്റ്റബിൾ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് തങ്ങളുടെ മേൽ അടയ്ക്ക രാജുവിനെതിരെ കള്ളസാക്ഷി പറയുവാൻ വേണ്ടി കൊടിയ മർദ്ദനം നടത്തിയതെന്നും താൻ സമ്മതിക്കാതെ വന്നപ്പോൾ തന്റെ പിതാവ് മുഹമ്മദ് കുഞ്ഞിനോട് കെ.റ്റി. മൈക്കിൾ പറഞ്ഞിട്ട് തന്റെ ആക്രിക്കടയിലെ ചെമ്പുകമ്പികൾ ഉൾപ്പെടെയുള്ള ആക്രിസാധനങ്ങൾ ക്രൈംബ്രാഞ്ച് വാങ്ങി. അവ അടയ്ക്ക രാജു മോഷ്ടിച്ചതാണെന്നു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കള്ളക്കേസുണ്ടാക്കി. ഇരുപത്തിയെട്ടു കേസുകളിൽ തന്നെ തൊണ്ടി വീണ്ടെടുക്കൽ സാക്ഷിയാക്കി വച്ചെങ്കിലും ഇരുപത്തിയഞ്ചു കേസുകളും കള്ളക്കേസാണെന്നു താൻ കോടതിയിൽ പറഞ്ഞതോടെ അടയ്ക്ക രാജുവിനെ ഇരുപത്തിയഞ്ചു കേസുകളിൽ വെറുതെ വിടുകയും മൂന്നു കേസുകളിൽ മാത്രം ശിക്ഷിക്കുകയും ചെയ്തുവെന്ന് ഷമീർ മൊഴി നൽകി.

പയസ് ടെൻത് കോൺവെന്റിലെ ടെറസിൽ ഘടിപ്പിച്ച ഇടിമിന്നൽ രക്ഷാചാലകത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെമ്പുകമ്പികൾ മൂന്നു ഘട്ടങ്ങളിലായി മോഷണം നടത്തി കോട്ടയം മാർക്കറ്റിലുള്ള ഷമീറിന്റെ ആക്രിക്കടയിലാണ് അടയ്ക്ക രാജു വിറ്റതെന്നും ഷമീർ MM മൊഴി നൽകി. അതേ സമയം സംഭവ കാലത്ത് കോട്ടയം ബിസിഎം കോളേജിൽ അഭയയുടെ സഹപാഠിയും പയസ് ടെൻത് ഹോസ്റ്റലിലെ ഒന്നാംനിലയിൽ റൂം നമ്പർ 15 ൽ താമസക്കാരിയുമായിരുന്ന നിഷാറാണി കൂറു മാറി പ്രതിഭാഗം ചേർന്നു.കേസിലെ ഇരുപത്തിയൊന്നാം സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം എട്ടാം സാക്ഷിയുമായി സാക്ഷിമൊഴി നൽകവേയാണ് ആദ്യ സിബിഐ മൊഴി കോടതിയിൽ തിരുത്തി കൂറുമാറിയത്. കോൺവെന്റ് 5 നില കെട്ടിടമാണ്. തറനിരപ്പിനടിയിൽ സെല്ലാർ , താഴത്തെ നില , ഒന്നാം നില , തുടർന്ന് മുകളിലോട്ടുള്ള നിലകൾ എന്നിങ്ങനെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സെല്ലാർ അടുക്കളയും വാഷ് ഏരിയയും മറ്റുമായി ഉപയോഗിക്കുന്നു. അടുക്കളയിലാണ് രണ്ടാം പ്രതി സിസ്റ്റർ സെഫി താമസിച്ചിരുന്നത്. അവിടെ മറ്റാരെങ്കിലും താമസിച്ചിരുന്നോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് തന്റെ ഓർമ്മ അങ്ങനെയാണന്നും ഇങ്ങനെ ഉത്തരം പറയാനേ നിർവ്വാഹമുള്ളുവെന്നും നിഷമൊഴി നൽകി. സി ബി ഐക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം നൽകിയ മൊഴിക്ക് കടകവിരുദ്ധമായിട്ടാണ് സിസ്റ്റർ സെഫിക്കെതിരെ നൽകിയ മൊഴി കോടതിയിൽ തിരുത്തിയത്.

അസാധാരണമായി ഒന്നും കിണറ്റിൽ വീഴുന്ന ശബ്ദം താൻ കേട്ടില്ല. എല്ലായ്‌പ്പോഴും വളരെ സന്തോഷവതിയായിരുന്ന സെഫി സംഭവത്തിന്റെ അന്ന് വളരെ ദേഷ്യത്തിലും ആലോചനയിൽ മുഴുകിയതായി കാണപ്പെട്ടുവെന്ന് താൻ സിബിഐക്ക് മൊഴി കൊടുത്തിട്ടില്ല. സെഫി ഇളക്കക്കാരിയാണെന്നും താൻ സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടില്ല. പള്ളി വികാരിമാർ ഡൈനിങ് ഹാളിൽ വന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്ന സി ബി ഐ മൊഴിയും കോടതിയിൽ നിഷേധിച്ചു. അതേ സമയം അഭയ വളരെ ശാന്ത സ്വഭാവമുള്ള കുട്ടിയായിരുന്നെന്ന് പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് മറുപടിയായി നിഷ സമ്മതിച്ചു.കിണർ അടുക്കളയുടെ പിറകിലാണ്. സംഭവ ദിവസമായ 1992 മാർച്ച് 27 ന് താൻ രാവിലെ 6.30 ന് ഉറക്കമെണീറ്റു. 8.30 മണിക്ക് താൻ അടുക്കളയിലേക്ക് പ്രഭാത ഭക്ഷണം കഴിക്കാൻ പോകാൻ ഒരുങ്ങവേ ത്രേസ്യാമ്മ അഭയയെ കാണാനില്ലെന്ന് പറഞ്ഞു. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളക്ക് സമീപം കിടക്കുന്നതായും പറഞ്ഞു. പേടി കൊണ്ട് കാണാൻ പോയില്ല. ഫയർഫോഴ്സ് വന്ന് മൃതദേഹം പൊക്കിയെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP