Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയ ദുരന്തത്തിൽ നന്മമരമായി പ്രവർത്തിക്കുമ്പോഴും ദുരന്തഭീതി പരത്തി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിൽ റിസോർട്ടിലെ തടയണകൾ; സംഭരിച്ച് വെച്ചിരിക്കുന്നത് മൂന്ന് ലക്ഷം ലിറ്റർ വെള്ളം; തടയണകൾ സ്ഥിതി ചെയ്യുന്നത് കഴിഞ്ഞവർഷം അടച്ച്പൂട്ടിയ വാട്ടർതീംപാർക്കിന് ഒപ്പമുള്ള പിവിആർ നാച്വറോ റിസോർട്ട്

പ്രളയ ദുരന്തത്തിൽ നന്മമരമായി പ്രവർത്തിക്കുമ്പോഴും ദുരന്തഭീതി പരത്തി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിൽ റിസോർട്ടിലെ തടയണകൾ; സംഭരിച്ച് വെച്ചിരിക്കുന്നത് മൂന്ന് ലക്ഷം ലിറ്റർ വെള്ളം; തടയണകൾ സ്ഥിതി ചെയ്യുന്നത് കഴിഞ്ഞവർഷം അടച്ച്പൂട്ടിയ വാട്ടർതീംപാർക്കിന് ഒപ്പമുള്ള പിവിആർ നാച്വറോ റിസോർട്ട്

ജംഷാദ് മലപ്പുറം

കോഴിക്കോട്: പ്രളയ ദുന്തത്തെ തുടർന്നുള്ള പ്രവർത്തനം കൊണ്ടു ജനങ്ങളുടെ കയ്യടി നേടി നന്മമരായി പ്രവർത്തിക്കുന്ന നിലമ്പൂർ എംഎ‍ൽഎ പി.വി.അൻവറിന്റെ കക്കാടംപൊയിൽ റിസോർട്ടിലെ തടയണകൾ വൻ ദുരന്ത ഭീഷണി ഉയർത്തുന്നു. കക്കാടംപൊയിലിൽ സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ പി.വി അൻവർ എംഎ‍ൽഎയുടെ പീവീആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച മൂന്നു തടയണകളാണ് ദുരന്തഭീതിപരത്തുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലാ കളക്ടർ അടച്ചുപൂട്ടിയ പി.വി അൻവറിന്റെ വാട്ടർതീം പാർക്കിനൊപ്പമുള്ള ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആർ നാച്വറോ റിസോർട്ട്.സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്ത് മൂന്നുലക്ഷം ലിറ്ററിലേറെ വെള്ളമാണ് സംഭരിച്ചിട്ടുള്ളത്.

നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്നുള്ള തടയണകൾക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇൻഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്.യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ അനധികൃതമായി നിർമ്മിച്ച തടയണകൾ പൊട്ടുകയാണെങ്കിൽ മഹാദുരന്തത്തിനാവും കക്കാടംപൊയിൽ സാക്ഷ്യംവഹിക്കേണ്ടിവരുക. ദുരന്തം സംഭവിച്ച ശേഷം രക്ഷാപ്രവർത്തനം നടത്തുന്നതിനേക്കാൾ ഈ തടയണക്കുതാഴെ ജീവിക്കുന്ന നിരപരാധികളായ നൂറുകണക്കിനാളുകളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ അനധികൃതർ ഉണർന്നു പ്രവർത്തിക്കുകയാണ് ആവശ്യം.

15 ഡിഗ്രി ചെരിവുള്ള സ്ഥലത്ത് മഴക്കുഴിപോലും പാടില്ലെന്ന് ദുരന്തനിവാരണ നിയമത്തിൽ നിഷ്‌ക്കർഷിക്കുമ്പോഴാണ് അതീവ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള ഹൈ ഹസാർഡ് സൊണേഷനായി ഡിസാസ്റ്റർ മാനേജ്‌മെന്റ് മാപ്പിൽ അടയാളപ്പെടുത്തിയ കക്കാടംപൊയിലിൽ ചെങ്കുത്തായ സ്ഥലത്ത് മൂന്നു തടയണകൾ കെട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം കൂടരഞ്ഞിപഞ്ചായത്തിൽ കാലവർഷത്തിൽ 30തിലേറെ ഉരുൾപൊട്ടലുകളാണുണ്ടായത്. രണ്ടു പേർ മരണപ്പെട്ടു. കക്കാടംപൊയിലിൽ മാത്രം എട്ട് വലിയ ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. നിരവധിവീടുകൾ തകർന്നു.

ഭാഗ്യംകൊണ്ടുമാത്രമാണ് ആളപായമുണ്ടാകാതിരുന്നത്. ഇത്തവണ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ശക്തമായ മഴയുണ്ടാകാതിരുന്നതാണ് രക്ഷയായത്. ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ നിർമ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പി.വി അൻവറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടയണപൊളിച്ച് വെള്ളം തുറന്നുവിടാനാണ് ഉത്തരവിട്ടത്.

കഴിഞ്ഞ വർഷം കട്ടിപ്പാറയിലെ കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിൽ 14പേർ മരണപ്പെട്ട ദുരന്തത്തെതുടർന്നായിരുന്നു ചീങ്കണ്ണിപ്പാലിയിലെ തടയണപൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ നേതൃത്വത്തിൽ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടിരുന്നു. എന്നാൽ കക്കാടംപൊയിലിൽ ദുരന്തഭീതിപരത്തുന്ന മൂന്നു തടയണകൾക്കെതിരെ നടപടിക്ക് മടിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടവും കൂടരഞ്ഞി പഞ്ചായത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP