Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ സഹായം വേഗം ലഭിക്കാൻ ബാങ്ക് വിവരങ്ങൾ ക്യാമ്പിൽ രജിസ്ടർ ചെയ്യണം; ക്യാമ്പുകളിൽ എത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും നിർദ്ദേശം; ക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശം നൽകി

സർക്കാർ സഹായം വേഗം ലഭിക്കാൻ ബാങ്ക് വിവരങ്ങൾ ക്യാമ്പിൽ രജിസ്ടർ ചെയ്യണം; ക്യാമ്പുകളിൽ എത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും നിർദ്ദേശം; ക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശം നൽകി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കാലവർഷത്തിൽ ദുരിതബാധിതരായവർ കഴിയുന്ന ക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശം നൽകി. സർക്കാർ നൽകുന്ന സഹായങ്ങൾ ദുരിതബാധിതർക്ക് വേഗത്തിൽ ലഭ്യമാക്കാൻ റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്/ തിരിച്ചറിയൽ കാർഡ് എന്നിവയുടെ നമ്പർ ക്യാമ്പ് രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തണം. ഇവ നൽകാൻ സാധിച്ചില്ലെങ്കിൽ മൊബൈൽ നമ്പറിൽ അഞ്ച് ദിവസത്തിനകം ലഭിക്കുന്ന സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന തീയതിയിലും സമയത്തിലും ഈ രേഖകളുടെ പകർപ്പുകൾ സഹിതം വില്ലേജ് ഓഫീസുകളിൽ എത്തണം. അല്ലെങ്കിൽ സന്ദേശത്തിൽ സൂചിപ്പിച്ചിരിക്കുന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴി രേഖകളുടെ ഫോട്ടോയെടുത്ത് അയക്കുകയോ ചെയ്യേണ്ടതാണ്.

ക്യാമ്പുകളിൽ എത്തുന്നവരുടെ എല്ലാ വിശദാംശങ്ങളും ശേഖരിക്കേണ്ടതാണ്. പേര്, വിലാസം, ഗൃഹനാഥന്റെ പേര്, വയസ്സ്, പുരുഷൻ, സ്ത്രീ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിക്കണം. മുഴുവൻ വിവരങ്ങളും ലഭ്യമാക്കാൻ സാധിക്കാത്തവർക്ക് നിശ്ചിത ദിവസം വില്ലേജ് ഓഫീസിൽ ഹാജരാകണം എന്നാവശ്യപ്പെടുന്ന നോട്ടീസ്, ക്യാമ്പ് അവസാനിക്കുന്നതിനു മുമ്പായി നൽകണം. ക്യാമ്പിൽ സൂക്ഷിക്കുന്ന രജിസ്റ്ററിൽ ദിവസവും രേഖപ്പെടുത്തുന്ന അന്തേവാസികളുടെ വിശദാംശങ്ങൾ അടങ്ങുന്ന പേജിന്റെ ഫോട്ടോ വാട്‌സ്ആപ്പ് മുഖേന താലൂക്ക് ഓഫീസിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് നൽകണം.

ക്യാമ്പുകളിൽ ആവശ്യമായ കുടിവെള്ളം ലഭ്യമാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം അല്ലെങ്കിൽ കുപ്പി വെള്ളം മാത്രമാണ് നൽകേണ്ടത്. ഭക്ഷണം തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ പരമാവധി സർക്കാർ ഏജൻസികളിൽ നിന്നും ലഭ്യമാക്കേണ്ടതാണ്. ആവശ്യമെങ്കിൽ സമീപ പ്രദേശങ്ങളിലെ കടകളിൽ നിന്നും വിലകൊടുത്ത് വാങ്ങണം. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറക്, ഇന്ധനം, പാത്രങ്ങൾ, പാചകക്കാർ എന്നിവ ഏർപ്പാടാക്കണം.

രാവിലെ പ്രാതലിന് ഉപ്പുമാവും പഴവും ആണ് നൽകേണ്ടത്. ഗർഭിണികൾക്കും കുട്ടികൾക്കും മുട്ടയും പാലും കൂടി നൽകണം. ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നിവ അടങ്ങിയതായിരിക്കണം ഉച്ചയൂണ്. ചായ, ബിസ്‌കറ്റ് എന്നിവ വൈകുന്നേരവും കഞ്ഞി, പയർ അല്ലെങ്കിൽ ചപ്പാത്തി, പയറുകറി എന്നിവ അടങ്ങിയതാണ് രാത്രി ഭക്ഷണം.

ക്യാമ്പുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റുകൾ ഏർപ്പാടാക്കേണ്ടതാണ്. ആവശ്യമായ ടോയ്‌ലറ്റ് സൗകര്യമില്ലെങ്കിൽ താൽക്കാലിക സംവിധാനം ഒരുക്കണം. ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭാ സെക്രട്ടറി /പ്രസിഡന്റ് / മെമ്പർ എന്നിവരുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ക്യാമ്പുകളുടെ ശുചീകരണം നടത്തണം. ദിവസവും ക്യാമ്പും പരിസരവും ശുചിയാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.

വില്ലേജ് ഓഫീസർക്കാണ് ക്യാമ്പ് നടത്തിപ്പിനുള്ള സംഘാടക ചുമതല. ഇതിനുള്ള തുക നിലവിൽ ലഭ്യമായിട്ടില്ല എങ്കിൽ മുൻകൂറായി ചെലവഴിക്കേണ്ടത്. ഈ തുക രണ്ടാഴ്ചയ്ക്കകം തിരികെ നൽകും. ചെലവുകളുടെ രസീതുകളും വൗച്ചറുകളും വില്ലേജ് ഓഫീസർമാർ സൂക്ഷിക്കണം. ക്യാമ്പിലെ ആവശ്യത്തിനായി വേണ്ടിവരുന്ന പായ, ബെഡ്ഷീറ്റ് തുടങ്ങിയവ സന്നദ്ധ സംഘടനകളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയോ ഏർപ്പാടാക്കാം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ദിവസവും ക്യാമ്പ് സന്ദർശിക്കുന്നുണ്ട് എന്നും ആവശ്യമായ വ്യക്തികൾക്ക് വൈദ്യസഹായം നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

ക്യാമ്പിന്റെ നടത്തിപ്പിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉടൻ തന്നെ ബന്ധപ്പെട്ട സെക്ടറൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തണം. രാഷ്ട്രീയ, മത, സാമുദായിക സംഘടനകൾ, അവരുടെ അടയാളങ്ങൾ / ചിഹ്നങ്ങൾ പതിപ്പിച്ച ഭക്ഷണപ്പൊതികളും ദുരിതാശ്വാസ സാമഗ്രികളും ക്യാമ്പിനകത്ത് വിതരണം ചെയ്യുന്നത് നിർബന്ധമായും വിലക്കണം. ക്യാമ്പിൽ രജിസ്റ്റർ ചെയ്യാത്ത പുറമേ നിന്നുള്ള വ്യക്തികൾക്ക് ക്യാമ്പിൽ പ്രവേശനം നൽകേണ്ടതില്ല. ക്യാമ്പിൽ താമസിക്കുന്ന വ്യക്തികളെ സന്ദർശിക്കാൻ വരുന്നവർക്ക് അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നതിനായി പ്രത്യേക ഇടം സജ്ജീകരിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP