Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

40അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സൈന്യമുൾപ്പെടെയുള്ള 50അംഗ സംഘം; കണ്ടെടുത്തത് 12 മൃതദേഹങ്ങൾ; നാലുദിവസം പിന്നിടുമ്പോൾ 50പേർ ഇപ്പോഴും മണ്ണിനടിയിൽതന്നെ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് ഒരു ഹിറ്റാച്ചി മാത്രം ഉപയോഗിച്ച്; ഭക്ഷണ പൊതിയുമായി പറന്നിറങ്ങി ഹെലികോപ്റ്ററും

40അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സൈന്യമുൾപ്പെടെയുള്ള 50അംഗ സംഘം; കണ്ടെടുത്തത് 12 മൃതദേഹങ്ങൾ; നാലുദിവസം പിന്നിടുമ്പോൾ 50പേർ ഇപ്പോഴും മണ്ണിനടിയിൽതന്നെ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത് ഒരു ഹിറ്റാച്ചി മാത്രം ഉപയോഗിച്ച്; ഭക്ഷണ പൊതിയുമായി പറന്നിറങ്ങി ഹെലികോപ്റ്ററും

ജംഷാദ് മലപ്പുറം

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നു നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത് സൈന്യമുൾപ്പെടെയുള്ള 50അംഗ സംഘം. നിലവിൽ 12മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചെങ്കിലും 50പേർ ഇപ്പോഴും മണ്ണിനടിയിൽതന്നെയാണ്. അതേ സമയം കവളപ്പാറ ഉൾപ്പെടെയുള്ള നിലമ്പൂരിലെ മലയോര മേഖലക്കാർക്ക് ഭക്ഷണ പൊതിയുമായി ഹെലികോപ്റ്ററും പറന്നിറങ്ങി.

വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടിയാണ് അറുപതിലേറെ പേർ മണ്ണിനടിയിലായത്. 40അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ പ്രതികൂല സാഹചര്യങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തുന്നത്. ഒരു ഹിറ്റാച്ചി മാത്രമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കൂടുതൽ എണ്ണം സ്ഥലത്തേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽ പുതഞ്ഞു. 150 സൈനികർ, 70 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, 100 ഫയർ ഫോഴ്സ് അംഗങ്ങൾ,150 പൊലീസുകാർ, രക്ഷാപ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മണ്ണ് ഇപ്പോഴും പുതഞ്ഞുകിടക്കുന്നത് തടസം തീർക്കുന്നുണ്ട്.

അതേ സമയം ദുരിതം വിതച്ച നിലമ്പൂരിലെ മലയോര പ്രദേശങ്ങളിൽ ഭക്ഷണ പൊതികളുമായി എയർഫോഴ്സിന്റെ ഹെലികോപ്റ്ററിറങ്ങി. മലപ്പുറം എം.എസ്‌പി മൈതാനത്തും നിന്നും രാവിലെ പുറപ്പെട്ട എയർഫോഴ്സ് സംഘം നിലമ്പൂരിലെ കവളപ്പാറയിലും ഒട്ടേറെപേർ കുടുങ്ങി കിടക്കുന്ന എടക്കര മുണ്ടേരിയിലടക്കമുള്ള പ്രദേശങ്ങളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മലപ്പുറം ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ശേഖരിച്ച അവശ്യ സാധനങ്ങളിൽ നിന്നും കുപ്പി വെള്ളവും അത്യാവശ്യ ഭക്ഷണ സാധനങ്ങളും അടങ്ങുന്ന 1000പാക്കറ്റുകളാണ് വിതരണം ചെയ്തത്.

കാലാവസ്ഥ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വിതരണം സുഗമമായി നടന്നു. ചെളിയിലും വെള്ളത്തിലും വീണാലും കേടുവരാത്ത രീതിയിലായിരുന്നു സാധനങ്ങൾ പാക്ക് ചെയ്തിരുന്നത്.ജില്ലാ കലക്ടർ ജാഫർ മലിക്. അസിസ്റ്റന്റ് കലക്ടർ രാജീവ് കുമാർ ചൗധരി, ഡെപ്യൂട്ടി കലക്ടർ ജെ. ഒ അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണ പൊതികൾ തയ്യാറാക്കിയത്. നിലമ്പൂരിലെ ആദിവാസി കോളനികളിൽ ഒട്ടേറെ കുടുംബങ്ങളാണ് ചാലിയാറിനക്കരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒറ്റപ്പെട്ടു പോയത് .ചാലിയാറിലെ ഒഴുക്കു കാരണം എൻ.ആർ.ഡി.എഫ് സംഘത്തിന് അവരെ ഇക്കരെ എത്തിക്കാനുള്ള ശ്രമവും ഫലം കാണാത്തതിനെത്തു ടർന്ന് കയർ മാർഗം ചാക്കിൽ കെട്ടിയായിരുന്നു ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്തത്.തുടർന്നാണ് ജില്ലാ കലക്ടറുടെ അഭ്യർത്ഥന പ്രകാരം ഹെലികോപ്റ്റർ വഴി ഭക്ഷണം വിതരണം ചെയ്തത്.

 

കവളപ്പാറയിൽ പൊതുജനങ്ങൾ എത്തരുത്.

ഉരുൾപൊട്ടലുണ്ടായ കവളപ്പാറ മേഖലയിലേക്ക് അനാവശ്യമായി ആളുകൾ പ്രവേശിക്കുന്നത് രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പുറത്ത് നിന്നുള്ളവർ സംഭവ സ്ഥലത്തേക്ക് വരരുതെന്ന് ജില്ല കലക്ടർ ജാഫർ മലിക് അറിയിച്ചു.


ക്യാമ്പുകളിൽ ശ്രദ്ധിക്കേണ്ടത്

പ്രളയത്തെ തുടർന്ന് വീടുകൾ വിട്ട് പലരും ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്. നമ്മുടെ വീടും പരിസരവും പോലെ തന്നെ ക്യാമ്പും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ അന്തേവാസിയുടെയും ചുമതലയാണ്. ക്യാമ്പുകളിൽ ആരോഗ്യ പരിപാലനത്തിനും മറ്റും പാലിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ.

1. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

2. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക.

3. ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

4. ഭക്ഷണത്തിന് മുമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുക.

5. ടോയ്‌ലറ്റുകൾ വൃത്തിയായി പരിപാലിക്കുകയും ബ്ലോക്കാവുന്ന തരത്തിൽ ടോയ്‌ലറ്റുകളിൽ നാപ്കിനു കളക്കം നിക്ഷേപിക്കാതിരിക്കുകയും ചെയ്യുക.

6. പനി, ജലദോഷം എന്നിവ ഉള്ളവർ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് വായ് പൊത്തുകയും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും ചെയ്യുക.

7. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ക്യാമ്പുകളിലുണ്ടെങ്കിൽ അവർ അത് കൃത്യമായി കഴിക്കുകയും മരുന്നുകൾ കൈവശമില്ലെങ്കിൽ മെഡിക്കൽ ടീമിനെ വിവരം അറിയിക്കുകയും ചെയ്യുക.

8. കാലിൽ മുറിവുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയും കാലിൽ പാദരക്ഷകൾ നിർബന്ധമായും ധരിക്കേണ്ടതുമാണ്.

9. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ പ്രവർത്തകർ നൽകുന്ന ഗുളികകൾ കഴിക്കേണ്ടതും നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്.

10. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ ബാധിച്ചാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പട്ട ചികിത്സ ലഭ്യമാക്കുന്നതിനുമായി മെഡിക്കൽ ടീം നിർദ്ദേശിക്കുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് മാറാൻ തയ്യാറാകേണ്ടതുമാണ്.


പ്രളയജലം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ ചില വഴികൾ

വെള്ളപ്പൊക്കത്തിന് ശേഷം ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ ഉപയോഗയോഗ്യമായ വെള്ളം ആവശ്യമാണല്ലോ. നമുക്ക് ചുറ്റും ലഭ്യമായ വെള്ളം അണുവിമുക്തമാകുന്നതിനുള്ള ചില രീതികൾ ചുവടെ ചേർക്കുന്നു.

വീടുകളിൽ ക്‌ളോറിനേഷൻ ചെയ്യേണ്ട രീതി:

കിണർവെള്ളം ക്‌ളോറിനേറ്റ് ചെയ്യുന്നതിലും എളുപ്പത്തിൽ സാധിക്കുക വീട്ടിലെ ടാങ്കിലെ വെള്ളം ക്‌ളോറിനേറ്റ് ചെയ്യുന്നതാണ്. ക്‌ളോറിൻ ടാബ്ലറ്റ്, സ്റ്റോക്ക് ക്‌ളോറിൻ സൊല്യൂഷൻ, ബ്ലീച്ചിങ് പൗഡർ, സോഡിയം ഹൈഡ്രോകാർബൈഡ് സൊല്യൂഷൻ, കംബൈൻ ക്‌ളോറിൻ ടാബ്ലറ്റ് തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

വെള്ളത്തിന്റെ അളവ് അനുസരിച്ചു ആവശ്യം ആയ ബ്ലീച്ചിങ് പൗഡർ വൃത്തിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ എടുക്കുക. ഇതിൽ അല്പം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക . നന്നായി കുഴമ്പ് ആയ ശേഷം, 10 - 25 ലിറ്റർ വെള്ളം (ആവശ്യമായ അളവിൽ) ചേർക്കുക. തുടർന്ന്, ഒരു ഗ്‌ളാസ്/പ്ലാസ്റ്റിക് കമ്പ് ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ശേഷം ബക്കറ്റ് 30 മിനിറ്റ് അനക്കാതെ വെക്കുക. സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പാകത്തിൽ ബക്കറ്റ് മൂടിവെക്കാൻ ശ്രദ്ധിക്കണം. തെളി, വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്‌ത്തുകയും ചെയ്തു വെള്ളത്തിൽ ക്‌ളോറിൻ ലായനി നന്നായി കലർത്തുക. കുഴൽകിണറുകളിൽ പമ്പ് ഉപയോഗിച്ച് ക്ലോറിനേഷൻ നടത്താം. ബ്ലീച്ചിങ് പൗഡർന് പകരം സോഡിയം ഹൈപ്പോക്ലോറൈറ്റ് സൊല്യൂഷൻ ആണ് ഉപയോഗിക്കുന്നത് എങ്കിൽ, ഇളക്കുകയോ അടിയാൻ കാത്തിരിക്കുകയോ ചെയ്യേണ്ടതില്ല.

പ്രളയ ജലത്തിൽ (അഥവ അഴുക്കു ജലത്തിൽ) നിന്നും കുടിവെള്ളം തയ്യാറാക്കുന്ന വിധം:

15 ലിറ്റർ ശേഷിയുള്ള വൃത്തിയുള്ള ഒരു ബക്കറ്റ് എടുക്കുക. അതിൽ 10 ലിറ്റർ വെള്ളംനിറക്കുക. അതിലേക്കു 1 ടീസ്പൂൺ കാരം (ആലം / മഹൗാ) ചേർക്കുക. അതിനു ശേഷം, 1/2 ടീസ്പൂൺ ചുണ്ണാമ്പു (ഹശാല) ചേർക്കുക. വൃത്തിയുള്ള ഒരു കമ്പ് ഉപയോഗിച്ച് ഒരു മിനിറ്റ് നേരം നന്നായി ഇളക്കുക. പിന്നീട് 5 മിനിറ്റ് പതിയെ ഇളക്കുക.ശേഷം ബക്കറ്റ് 30 മിനിറ്റ് അനക്കാതെ വെക്കുക. വൃത്തിയുള്ള ഒരു തോർത്ത് ഉപയോഗിച്ച് തെളിഞ്ഞ വെള്ളം അരിച്ച ശേഷം മറ്റൊരു ബക്കറ്റിലേക്കു മാറ്റുക. തയ്യാറാക്കി വെച്ചിട്ടുള്ള 1% വീര്യമുള്ള ക്‌ളോറിൻ ദ്രാവകത്തിൽ നിന്നും 20 ാഹ ഈ അരിച്ചെടുത്ത വെള്ളത്തിലേക്ക് ഒഴിക്കുക. നന്നായി ഇളക്കുക. 30 മിനിറ്റ് നേരത്തേക്ക് ബക്കറ്റ് മൂടി വെക്കുക. തുടർന്ന്, ഈ വെള്ളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കാവുന്നതാണ്. ഈ വെള്ളത്തിലെ ക്ലോറിന്റെ അളവ് ലിറ്ററിൽ 0.2 മുതൽ 0.5 മില്ലി ഗ്രാം ആയിരിക്കേണം.

സ്റ്റോക്ക് ക്ലോറിൻ സൊല്യൂഷൻ തയ്യാറാക്കുന്ന വിധം

1 ലിറ്റർ ശേഷിയുള്ള ഒരു പ്ലാസ്റ്റിക് പാത്രം എടുക്കുക. അതിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. 9 ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ ഇതിലേക്ക് ചേർക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. വെള്ളം ഒഴിച്ച് ഇതിനെ 1 ലിറ്റർ ദ്രാവകം ആക്കുക. 10 മിനിറ്റ് നേരത്തേക്ക് അനക്കാതെ ഭദ്രമായി മൂടി വയ്ക്കുക. തെളിഞ്ഞ ക്‌ളോറിൻ ദ്രാവകം ഒരു നിറമുള്ള ഗ്‌ളാസ് കുപ്പിയിലേക്ക് പകർത്തുക. ശേഷം, സൂര്യപ്രകാശം ഏൽക്കാത്തതും ഈർപ്പമില്ലാത്തതും ആയ ഒരു സ്ഥലത്തു സൂക്ഷിക്കുക. നന്നായി അടച്ചു വയ്ക്കുക. ദയവായി ക്ലോറിൻ ദ്രാവകം ഓരോ ദിവസവും പുതിയതായി തയ്യാറാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP