Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷകർക്ക് ലഭിക്കേണ്ട വായ്പ ഇല്ലാതാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടില്ല; കേന്ദ്രം തീരുമാനമെടുത്തത് വായ്‌പ്പ എടുക്കുന്ന ഭൂരിഭാഗവും കർഷകരല്ലെന്ന് കണ്ടെത്തിയപ്പോൾ; കള്ളപ്രചരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് അനധികൃത സാമ്പത്തിക ലാഭമുണ്ടാക്കുന്ന സംഘടിത ശക്തികൾ; കാർഷിക സ്വർണപണയ വായ്പ നിർത്തലാക്കിയെന്നത് തെറ്റായ വാർത്ത; ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

കർഷകർക്ക് ലഭിക്കേണ്ട വായ്പ ഇല്ലാതാക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടില്ല; കേന്ദ്രം തീരുമാനമെടുത്തത് വായ്‌പ്പ എടുക്കുന്ന ഭൂരിഭാഗവും കർഷകരല്ലെന്ന് കണ്ടെത്തിയപ്പോൾ; കള്ളപ്രചരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് അനധികൃത സാമ്പത്തിക ലാഭമുണ്ടാക്കുന്ന സംഘടിത ശക്തികൾ; കാർഷിക സ്വർണപണയ വായ്പ നിർത്തലാക്കിയെന്നത് തെറ്റായ വാർത്ത; ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർഷകർക്ക് സ്വർണപ്പണയത്തിന്മേൽ നൽകുന്ന കാർഷിക ലോൺ നിർത്തലാക്കാൻ സംസ്ഥാന സർക്കാർ നിരർദ്ദേശിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ. ഇത് തെറ്റായ വാർത്തയാണ് എന്നും ഇതിൽ ആശങ്കയ്ക്ക് ഇടയില്ലെന്നും മന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്വർണം പണയം വെച്ച് വാണിജ്യ ബാങ്കുകളിൽ നിന്ന് കാർഷികവായ്പയെടുത്തവരിൽ ഏറെപ്പേരും കർഷകരല്ല എന്ന് കേന്ദ്ര കൃഷി മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്ന് ഒക്ടോബർ 1 മുതൽ നിർത്തലാക്കുന്ന നടപടിയിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു

കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്റെ പോസ്റ്റിന്റെ പൂർണ രൂപം

കാർഷിക സ്വർണപണയ വായ്പ സംബന്ധിച്ച് ഇന്നത്തെ ചില മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. സ്വർണം പണയം വെച്ച് വാണിജ്യ ബാങ്കുകളിൽ നിന്ന് കാർഷികവായ്പയെടുത്തവരിൽ ഏറെപ്പേരും കർഷകരല്ല എന്ന് കേന്ദ്ര കൃഷി മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്ന് ഒക്ടോബർ 1 മുതൽ നിർത്തലാക്കുന്ന നടപടിയിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുന്നുവെന്നുമാണ് വാർത്തകളിൽ കണ്ടത്. കർഷകർക്ക് ലഭിക്കേണ്ട കാർഷിക സ്വർണപണയ വായ്പ നിർത്തലാക്കുവാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലാത്തതും സ്വർണ പണയത്തിന്മേലുള്ള കാർഷിക വായ്പകൾ നിർത്തിവയ്ക്കാനോ പരിമിതപ്പെടുത്തുന്നതിനോ വേണ്ടിയുള്ള ഏതെങ്കിലും ഉത്തരവോ നിർദ്ദേശമോ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് സംസ്ഥാന സർക്കാരിനോ എസ്.എൽ.ബി.സി.യ്‌ക്കോ ലഭിച്ചിട്ടില്ലാത്തതുമാണ്.

വസ്തുതകൾ ഇതായിരിക്കേ, ചില മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഉയർന്നുവന്നിട്ടുള്ള ഇപ്പോഴത്തെ ആശങ്ക അടിസ്ഥാനരഹിതവും അസ്ഥാനത്തുമാണെന്ന് അറിയിക്കട്ടെ. കർഷകർക്ക് 4% മാത്രം പലിശയിൽ എളുപ്പത്തിൽ ലഭ്യമാക്കുന്ന സ്വർണ പണയ കാർഷിക വായ്പ സംസ്ഥാന കൃഷി വകുപ്പിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാർ നിർത്തലാക്കുന്നുവെന്ന നിലയിൽ സോഷ്യൽ മീഡിയ വഴിയും വ്യാപകമായ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്. ഇത് ദുരപദിഷ്ടവും ആസൂത്രിതവുമാണ്. യഥാർത്ഥത്തിൽ അർഹരായ കർഷകർക്ക് ലഭിക്കേണ്ട പലിശയിളവ് തട്ടിയെടുത്ത് സാമ്പത്തികലാഭം നേടിക്കൊണ്ടിരിക്കുന്ന ചില സംഘടിതശക്തികളാണ് ഇത്തരം കള്ളപ്രചരണങ്ങൾക്ക് പിന്നിലുള്ളത്.

കർഷകരെ ആത്മാർത്ഥമായി സഹായിക്കുന്നതിനുവേണ്ട നിർദ്ദേശങ്ങൾ മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സർക്കാരിനു മുമ്പാകെ വെച്ചിട്ടുള്ളത്. കാർഷിക സ്വർണപണയ വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളിൽ വലിയ തോതിലുള്ള തിരിമറികളും ക്രമക്കേടുകളും നടക്കുന്നതായി നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്. യഥാർത്ഥ കർഷകർക്ക് ഗുണകരമാകേണ്ട ചെറിയ പലിശയ്ക്കുള്ള സ്വർണപണയ വായ്പ അനർഹരായ ആളുകളുടെ കൈകകളിലേക്ക് എത്തുന്നുവെന്നത് യാഥാർത്ഥ്യമാണ്. പാവപ്പെട്ട കർഷകർ കാർഷിക-കാർഷികേതര ആവശ്യങ്ങൾക്കായി വായ്പയ്ക്ക് ബാങ്കുകളെ സമീപിക്കുമ്പോൾ അവർക്ക് എങ്ങനെ വായ്പ നിഷേധിക്കാം എന്നാണ് പല ബാങ്കുകളും ഗവേഷണം നടത്തുന്നത്. എന്നാൽ, കർഷകനല്ലാത്ത ഒരാൾ കാർഷിക സ്വർണ പണയ വായ്പയ്ക്ക് അപേക്ഷിച്ചാൽ ഉടനെതന്നെ വായ്പ അനുവദിക്കുന്ന സമ്പ്രദായവും നമ്മുടെ നാട്ടിലുണ്ട്. മൊത്തം വായ്പയുടെ 18 ശതമാനം കാർഷികവായ്പ ആയിരക്കണമെന്ന സർക്കാർ നിബന്ധനയാണ് ഇത്തരത്തിൽ അട്ടിമറിക്കപ്പെടുന്നത്.

കർഷകർക്ക് ഈടില്ലാതെ തന്നെ 1.6 ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്ന പദ്ധതിയാണ് കിസാൻ ക്രെഡിറ്റ് കാർഡ്(KCC)പദ്ധതി. കൃഷി ചെയ്യുന്ന ഏതൊരാൾക്കും ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡ് നൽകാൻ ബാദ്ധ്യസ്ഥരാണ്. അങ്ങനെ കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ച ഏതൊരു കർഷകനും അയാളുടെ കൃഷിയാവശ്യത്തിനായി ഒരു ഈടും നൽകാതെ തന്നെ 1.6 ലക്ഷം രൂപ വരെ വായ്പ നൽകാൻ ബാങ്കുകൾ ബാദ്ധ്യസ്ഥരാണ്. എന്നാൽ,

KCCയിലേക്ക് കർഷകരുടെ അക്കൗണ്ടുകൾ മാറ്റുവാൻ ബാങ്കുകൾ തയ്യാറാകാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതുമൂലം കാർഷിക ലോണുകൾ വാങ്ങുന്ന അക്കൗണ്ടുകളിൽ 21 ശതമാനം അക്കൗണ്ടുകൾ മാത്രമാണ് KCC അക്കൗണ്ടുകളായിട്ടുള്ളത്. ഇതിൽ സഹകരണ ബാങ്കുകളാണ് 85% KCCയും നൽകിയിട്ടുള്ളത്. അതേസമയം വാണിജ്യബാങ്കുകൾ മൊത്തം കാർഷിക വായ്പയുടെ 63%വും അഗ്രിക്കൾച്ചർ ഗോൾഡ് ലോണുകളാണ്. KCC ലോണായാലും അഗ്രിക്കൾച്ചർ ഗോൾഡ് ലോണായാലും ലോണുകളുടെ പലിശയുടെ 5% കേന്ദ്ര സർക്കാർ സബ്‌സിഡിയായതിനാൽ കർഷകർക്ക് 4% മാത്രമേ നൽകേണ്ടതുള്ളൂ. ഈ പലിശയിളവ് നൽകുന്നത് കൃഷി ചെയ്യുന്ന പാവപ്പെട്ട കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് ലോൺ ലഭിക്കുന്നതിന് വേണ്ടിയാണ്. നിലവിലുള്ള നിയമപ്രകാരം ബാങ്കുകൾ നൽകുന്ന ലോണുകളുടെ 18 ശതമാനം കാർഷിക ലോണുകളായിരിക്കണം എന്ന് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതിനുകാരണം കർഷകർക്ക് ബാങ്കുകൾ നിർബന്ധമായും കാർഷിക ലോൺ കൊടുത്തിരിക്കണം എന്നുറപ്പുവരുത്താനാണ്. കർഷകരല്ലാത്ത ആളുകളും കൃഷി ചെയ്യാത്തവരും സ്വർണം പണയം വെച്ച് കാർഷിക ലോണുകൾ വാങ്ങുന്നതിനുള്ള സൗകര്യം ബാങ്കുകൾ നൽകുന്നതുവഴി കൃഷിക്കാർക്കും കാർഷികമേഖലയ്ക്കുംവേണ്ടി നൽകുന്ന പലിശ സബ്‌സിഡി കർഷകരല്ലാത്തവർ നേടിയെടുക്കുന്നുവെന്ന് മാത്രമല്ല, ബാങ്കുകൾക്ക് തങ്ങൾ അനുവദിച്ച ലോണുകളിൽ 18 ശതമാനവും കാർഷിക ലോണുകളാണെന്ന് റിസർവ് ബാങ്കിനു മുന്നിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുന്നിലും സ്ഥാപിക്കാനും കഴിയും. ഇതിന്റെ കർഷകവിരുദ്ധമായ മറുവശം 1.6 ലക്ഷം രൂപ വരെ ഈടില്ലാതെ തന്നെ ലഭിക്കാവുന്ന KCC അക്കൗണ്ടുകൾ വഴിയുള്ള ലോണുകൾ ബാങ്കുകൾ പ്രോത്സാഹിപ്പിക്കുന്നില്ല. (കാരണം, അല്ലാതെ തന്നെ ബാങ്കുകൾ 18 ശതമാനം വരെ കാർഷിക ലോൺ നൽകി എന്ന് കണക്കുകൾ വഴി സ്ഥാപിക്കപ്പെടുന്നു.) ഈടില്ലാതെ തന്നെ ലഭിക്കേണ്ട ലോണുകൾ കർഷകർക്ക് നിഷേധിക്കപ്പെടുന്നു. സ്വന്തമായി സ്വർണശേഖരമില്ലാത്ത മഹാഭൂരിപക്ഷം പാവപ്പെട്ട കർഷകരും വട്ടിപലിശയ്ക്ക് ലോണെടുക്കേണ്ടിവരുന്നു. മാത്രവുമല്ല, കർഷകർ ഭൂമി പണയം നൽകിയാൽ ബാങ്കുകൾ അത്തരം ലോണുകൾ കാർഷികേതര ലോണുകളായിട്ടാണ് കർഷകർക്ക് നൽകുന്നത്. (ഇത് വലിയ പലിശയും നൽകേണ്ടതാണ്). ഇതുമൂലം കാർഷികവായ്പയേക്കാൾ കൂടുതലായി കർഷകർക്ക് കാർഷികേതര വായ്പകൾ വാങ്ങി കടക്കെണിയിലാകേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്.
ഈ സാഹചര്യത്തിലാണ് 100 ശതമാനം കർഷകരെയും എല്ലാ ബാങ്കുകളും KCC അക്കൗണ്ടുകളിലേക്ക് മാറ്റണം എന്നും അതുവഴി 1.6 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ ലഭിക്കാൻ അവസരമൊരുക്കണമെന്നും സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും എസ്.എൽ.ബി.സി.യോടും ആവശ്യപ്പെട്ടത്. നിലവിലുള്ള അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ പദ്ധതി തുടർന്നും മുന്നോട്ടുപോകണമെന്നും അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ നൽകുമ്പോൾ നിലവിലെ നിബന്ധന പ്രകാരം അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ വാങ്ങുന്നവർ 1 ലക്ഷം രൂപയിൽ കൂടുതലുള്ള കാർഷിക സ്വർണ പണയ വായ്പയെങ്കിലും, കൃഷിക്കാരോ പാട്ടകൃഷിക്കാരോ ആണെന്നും കാർഷിക-കാർഷിക അനുബന്ധ കാര്യങ്ങൾക്കാണ് ലോൺ വാങ്ങുന്നത് എന്ന് ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെടുത്തണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുള്ളത്. ഇതിനു പുറമേ, KCC വഴി നൽകുന്ന ലോൺ 1.6 ലക്ഷം എന്നത് 3.25 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. KCC അക്കൗണ്ടുകളിലേക്ക് 100 ശതമാനം കർഷകരെയും കൊണ്ടുവരുന്നതിനുള്ള 100 ദിന പ്രത്യേക ക്യാംപെയ്ൻ പരിപാടി എസ്.എൽ.ബി.സി.യും സംസ്ഥാന കൃഷി വകുപ്പും വഴി ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ആയതിനാൽ, കാർഷിക മേഖലയ്ക്കുവേണ്ടി നടപ്പിലാക്കിവരുന്ന അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ എല്ലാ കർഷകർക്കും ലഭ്യമാകുമെന്നതിൽ ആശങ്കയുടെ ആവശ്യമേയില്ല. അഗ്രിക്കൾച്ചർ ഗോൾഡ് ലോൺ നൽകുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായി പരാതി വന്നതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും പഞ്ചാബിലും ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഉന്നതതല സംഘം എത്തിയത്. പ്രസ്തുത ടീം മുമ്പാകെ മേൽ പറഞ്ഞ നിർദ്ദേശങ്ങൾ സംസ്ഥാന കൃഷി വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. പഠനസംഘം അന്തിമ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കാനിരിക്കുന്നതേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP