Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`അയ്യായിരം അല്ല അമ്പതിനായിരം കോടിയായാലും ഞങ്ങൾക്ക് വേണ്ട`; മക്കയിലെ കേയീ റുബാത്ത് പൊളിച്ചതിന്റെ നഷ്ടപരിഹാര തുക വേണ്ടെന്ന് പറഞ്ഞത് മായൻകുട്ടി കേയീയുടെ പിൻതുടർച്ചക്കാർ; പണത്തിന് പകരം ഹാജിമാർക്ക് വിശ്രമിക്കാൻ മക്കയിലെ കേയീ റുബാഅത്ത് പുനഃസ്ഥാപിച്ചാൽ മതിയെന്ന് ബന്ധുക്കൾ; പണം നിഷേധിച്ചത് അവകാശം എഴുതിവെച്ചിട്ടില്ലാത്തതിനാൽ

`അയ്യായിരം അല്ല അമ്പതിനായിരം കോടിയായാലും ഞങ്ങൾക്ക് വേണ്ട`; മക്കയിലെ കേയീ റുബാത്ത് പൊളിച്ചതിന്റെ നഷ്ടപരിഹാര തുക വേണ്ടെന്ന് പറഞ്ഞത് മായൻകുട്ടി കേയീയുടെ പിൻതുടർച്ചക്കാർ; പണത്തിന് പകരം ഹാജിമാർക്ക് വിശ്രമിക്കാൻ മക്കയിലെ കേയീ റുബാഅത്ത് പുനഃസ്ഥാപിച്ചാൽ മതിയെന്ന് ബന്ധുക്കൾ; പണം നിഷേധിച്ചത് അവകാശം എഴുതിവെച്ചിട്ടില്ലാത്തതിനാൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: അയ്യായിരമല്ല അമ്പതിനായിരം കോടി രൂപയാണെങ്കിലും മക്കയിലെ കേയീ റുബാത്ത് പൊളിച്ചതിന്റെ നഷ്ടപരിഹാര തുക തങ്ങൾക്ക് വേണ്ടെന്ന് ചൊവ്വക്കാരൻ വലിയ പുരയിൽ മായൻകുട്ടി കേയീയുടെ പിൻതുടച്ചക്കാർ. പരേതനായ ചൊവ്വക്കാരൻ പുതിയ പുരയിൽ മൊയ്തു കേയീ, ചൊവ്വക്കാരൻ പുതിയ പുരയിൽ ആലിപ്പീ കേയീ എന്നിവരാണ് കേയീ റുബാത്തിന്റെ നേരവകാശികൾ. 1870 ൽ മായിൻകുട്ടി കേയീ നിർമ്മിച്ച് ദാനമായി ദൈവമാർഗ്ഗത്തിൽ സമർപ്പിച്ചതാണ് മക്കയിലെ കേയീ റുബാത്ത്. അതിന്റെ നഷ്ടപരിഹാരം സ്വീകരിക്കാൻ യഥാർത്ഥ കേയീ കുടുംബത്തിലെ ആർക്കും അവകാശമില്ലെന്നും സ്വീകരിക്കാൻ കഴിയില്ലെന്നും പിന്മുറക്കാർ പറയുന്നു. ഇപ്പോൾ കേയീ റുബാത്തിന്റെ പണത്തിന്റെ അവകാശമുന്നയിക്കുന്നവർക്ക് യാതൊരു അർഹതയുമില്ലെന്നും മക്കയിൽ കേയീ റുബാത്ത് പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്ന് പുനർനിർമ്മാണകമ്മിറ്റി പ്രസിഡണ്ട് എം. കെ. അബ്ദുൾ റഹ്മാൻ, സെക്രട്ടറി എം. കെ. നാസർ എന്നിവർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.

മലബാറിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്നവർക്ക് താമസത്തിനും ഭക്ഷണ സൗകര്യത്തിനും ഭീമമായ തുകയായിരുന്നു ചെലവഴിക്കേണ്ടി വന്നിരുന്നത്. ഇതിന്റെ ഗൗരവം ഉൾക്കൊണ്ട് 1870 ലാണ് ചൊവ്വക്കാരൻ മായൻകുട്ടി കേയീ, കേയീ റുബാത്ത് പടുത്തുയർത്തിയത്. അക്കാലം മുതൽ ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി സൗജന്യമായി താമസിക്കാനും ഭക്ഷണത്തിനും വേണ്ടി ' വഖഫ് ' ചെയ്തതാണ് കേയീ റുബാത്ത്. ഇത് പൊളിച്ച് നീക്കുന്നതുവരെ സൗജന്യ താമസവും ഭക്ഷണവും ലഭിച്ചു പോന്നിരുന്നു. ഇക്കാര്യം മുൻകാല ഹജ്ജാജിമാർ തന്നെ അനുസ്മരിക്കുന്നു. എത്ര രൂപ ചിലവഴിച്ചാലും പരിശുദ്ധ ' ഹറമിന് ' സമീപം സൗകര്യമുള്ള സ്ഥലം ലഭ്യമായിരുന്നില്ല. മാത്രമല്ല ്അന്ന് സൗദി സമ്പന്നമായിരുന്നുമില്ല. ഇന്നും ഹജ്ജിന് പോകുന്നവർക്ക് ഒട്ടേറെ പ്രയാസം അനുഭവിക്കേണ്ടി വരുന്നുണ്ട്. അതിനാൽ മക്കയിലെ മറ്റേതെങ്കിലും സ്ഥലത്ത് കേയീ റുബാത്ത് പുനഃർ നിർമ്മിക്കണമെന്നാണ് മരുമക്കത്തായ വ്യവസ്ഥിതിയിലുള്ള കേയീ കുടുംബത്തിന്റെ അനന്തരവാകാശികൾ പറയുന്നത്.

21 മുറികളുണ്ടായിരുന്ന കേയീ റുബാത്ത് പണിയാൻ തലശ്ശേരിയിൽ നിന്ന് ചെങ്കല്ല്, മരം, ചുണ്ണാമ്പ് എന്നിവ കപ്പൽ മാർഗ്ഗം കൊണ്ടു പോയിരുന്നതായി കേയീ കുടുംബത്തിലെ മുതിർന്നവർ പറയുന്നു. 1945 ൽ കേയീ തറവാടും സ്വത്തുക്കളും വീതം വച്ചപ്പോൾ കേയീ റുബാത്തിന്റെ അവകാശം കാരണവന്മാർ പറഞ്ഞിട്ടുമില്ല. 1971 ഓഗസ്റ്റ് മാസം കേയീ കുടുംബക്കാരണവന്മാരായ ആലിപ്പി കേയീയും മൊയ്തു കേയീയും ഒപ്പിട്ട രേഖകൾ പ്രകാരം മറ്റാർക്കും കേയീ റുബാത്തിന്റെ അവകാശം വ്യക്തമാക്കിയിട്ടില്ല. റുബാത്തുമായി ബന്ധപ്പെട്ട സൗദി ഭരണ കൂടത്തിന്റെ കത്തുകളും രേഖകളും അതിന് സാക്ഷ്യമാണ്.

1937 ൽ ഹറം ഷരീഫിന്റെ വികസനത്തിന് വേണ്ടി സൗദി ഗവൺമെന്റ് സ്ഥലവും കെട്ടിടവും അക്വയർ ചെയ്തിരുന്നു. പകരം മലബാറിലെ ഹാജിമാർക്ക് താമസ സൗകര്യത്തിനായി അന്ന് മൂന്ന് കെട്ടിടങ്ങൾ വിട്ട് നൽകിയിരുന്നു. പിന്നീട് അവയും റോഡ് വികസനത്തിനായി പൊളിച്ച് മാറ്റപ്പെടുകയായിരുന്നു. ഇതിന് വിലയായി സൗദി ഗവൺമെന്റ് നീക്കി വച്ച ഭീമമായ തുകയാണ് ഇപ്പോൾ അയ്യായിരം കോടി രൂപയായത്.
മക്കയിലും മദീനയിലുമായി ഇന്ത്യക്കാരുടേത് മാത്രമായ ആറോളം റുബാത്തുകൾ നിലവിലുണ്ട്. എന്നാൽ കേയീ റുബാത്ത് പന:സ്ഥാപിക്കുന്നതിന് പകരം അതിന്റെ തുക വീതിച്ചെടുക്കാനുള്ള വ്യഗ്രതയാണ് ഇവിടെ കാണുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാറുകളും കേയീ റുബാത്ത് സ്ഥാപകരുടെ യഥാർത്ഥ പിൻതുടർച്ചകാരുടെ സമ്മത പത്രവും ഉണ്ടെങ്കിൽ മലയാളികളായ ഹജാജ്മാർക്ക് തീർത്ഥാടന സൗകര്യത്തിനായി കേയീ റുബാത്ത് പുനഃസ്ഥാപിക്കാൻ കഴിയും. കേയീ റുബാത്ത് സ്ഥാപകന്റെ മരുമക്കത്തായ വ്യവസ്ഥിതിയിലുള്ള കുടുംബാംഗങ്ങളുടെ യോഗം ചേർന്ന് വീണ്ടും മക്കയിൽ സൗകര്യപ്രദമായ സ്ഥലത്ത് കേയീ റുബാത്ത് സ്ഥാപിക്കാനുള്ള നീക്കം ശക്തമാക്കുമെന്ന് കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്ക് മുമ്പാകെ ഇക്കാര്യം ആവശ്യപ്പെടുമെന്നും മുൻ അഗ്രി കൾച്ചറൽ ഡപ്യൂട്ടി ഡയരക്ടർ കൂടിയായ എം. കെ. അബ്ദുൾ റഹ്മാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP