Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വ്യാജ സത്യവാങ്മൂലം സമർപ്പിച്ചത് കെട്ടിവയ്ക്കാത്ത രണ്ട് ലക്ഷം രൂപ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട്; നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടോ എന്ന് ചോദിച്ച് കോടതി; അച്ചടിപ്പിശകെന്ന് പറഞ്ഞ് തടിതപ്പി ഡിവൈഎസ്‌പി; രൂക്ഷ വിമർശനവും താക്കീതും നൽകി ഡിവൈഎസ്‌പി അബ്ദുൾ റഷീദിനെ വിട്ടയച്ച് സിബിഐ കോടതി

വ്യാജ സത്യവാങ്മൂലം സമർപ്പിച്ചത് കെട്ടിവയ്ക്കാത്ത രണ്ട് ലക്ഷം രൂപ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട്; നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടോ എന്ന് ചോദിച്ച് കോടതി; അച്ചടിപ്പിശകെന്ന് പറഞ്ഞ് തടിതപ്പി ഡിവൈഎസ്‌പി; രൂക്ഷ വിമർശനവും താക്കീതും നൽകി ഡിവൈഎസ്‌പി അബ്ദുൾ റഷീദിനെ വിട്ടയച്ച് സിബിഐ കോടതി

അഡ്വ. പി. നാഗരാജ്

തിരുവനന്തപുരം : കോടതിയിൽ കെട്ടി വയ്ക്കാത്ത രണ്ടു ലക്ഷം രൂപ തിരികെ ലഭിക്കണമെന്ന വ്യാജ അവകാശ വാദമുന്നയിച്ച് കള്ള സത്യവാങ്മൂലം സമർപ്പിച്ച കേരള പൊലീസ് സേനയിലെ ഡിവൈഎസ്‌പിയെ തിരുവനന്തപുരം സിബിഐ കോടതി രൂക്ഷമായി വിമർശിക്കുകയും ശാസിക്കുകയും ചെയ്തു. ഡിവൈഎസ്‌പി എൻ.അബ്ദുൾ റഷീദിനെയാണ് സി ബി ഐ ജഡ്ജി കെ. സനിൽ കുമാർ ശാസിച്ചത്. തുടർന്ന് നീതി ന്യായ കോടതിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിന് നടപടിയെടുക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്‌പിക്ക് കോടതി ഷോക്കോസ് നോട്ടീസും നൽകി. ഒടുവിൽ സത്യവാങ്മൂലം ടൈപ്പ് ചെയ്തപ്പോൾ പറ്റിയ കൈയബദ്ധമാണെന്നും മാപ്പ് നൽകി തുടർ നടപടികൾ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎസ്‌പി മാപ്പപേക്ഷിച്ച് സത്യവാങ്മൂലം സമർപ്പിച്ചു. തൊഴു കൈകളോടെ തുറന്ന കോടതി മുമ്പാകെ നിന്ന ഡിവൈഎസ്‌പിക്ക് കോടതി മേലിൽ ആവർത്തിക്കരുതെന്ന താക്കീതോടെ മാപ്പ് നൽകി വിട്ടയച്ചു.

ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐ കോടതി കുറ്റ വിമുക്തനാക്കിയ പ്രതിയായ ഡി വൈ എസ് പിയാണ് കഥാപുരുഷൻ. കേസന്വേഷണ ഘട്ടത്തിൽ റിമാന്റിൽ കഴിയവേ കോടതി രണ്ടു ലക്ഷം രൂപയുടെ ആൾ ജാമ്യത്തിൽ വസ്തുവിന്റെ കര രസീത് ജാമ്യ ബോണ്ടായി സ്വീകരിച്ച് പ്രതിയെ ജയിൽ മോചിതനാക്കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് താൻ ജാമ്യ ബോണ്ടായി രണ്ടു ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചിട്ടുണ്ടെന്നും ആയത് തനിക്ക് തിര്യെ ലഭിക്കണമെന്നും കാണിച്ച് വ്യാജ സത്യവാങ്മൂലവും ഹർജിയും സമർപ്പിച്ചു.

ഹർജി കേസ് രേഖകളുമായി ഒത്തു നോക്കി ജഡ്ജി സനിൽ കുമാർ പരിശോധിക്കവേയാണ് പ്രതിയുടെ കള്ളത്തരം വെളിപ്പെട്ടത്. തുടർന്നാണ് ഷോക്കോസ് നോട്ടീസയച്ചത്. കോടതിയിൽ കെട്ടി വയ്ക്കുന്ന തുക അതാത് ദിവസം ട്രഷറിയിൽ അടയ്ക്കും. കേസ് തീരുന്ന മുറക്ക് കക്ഷികൾ പണം തിര്യെ ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കുമ്പോൾ ട്രഷറിയിൽ നിന്ന് പണം മാറിയെടുത്തു കൊള്ളണമെന്ന് നിർദേശിച്ച് കോടതിയിൽ സൂക്ഷിച്ചിട്ടുള്ള ട്രഷറി ചെക്ക് ലീഫിൽ ജഡ്ജി ഒപ്പിട്ട് കക്ഷിക്ക് നൽകുകയാണ് രീതി. ഇത്തരത്തിൽ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ലീഫ് കോടതിയെ കബളിപ്പിച്ച് തട്ടിയെടുക്കാനായിരുന്നു ഡിവൈഎസ്‌പിയുടെ പദ്ധതിയെന്ന് നിരീക്ഷിച്ചാണ് കോടതി നടപടിയുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP