Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നു വർഷത്തിനുള്ളിൽ കേരളത്തിൽ പുനർനിർമ്മിച്ചത് 1300 കിലോമീറ്റർ റോഡ്; റോഡുകളുടെ നിർമ്മാണത്തിന് ഇനി ജിയോ ടെക്സ് നിർബന്ധമാക്കും; റോഡിന്റെ ഗുണമേക്കൊപ്പം കയർ വ്യവസായത്തിന്റെ സംരക്ഷണവും ഉറപ്പു വരുത്തും; പുതിയ കാലത്തിന് പുതിയ നിർമ്മാണം സർ്ക്കാർ മുദ്രാവാക്യമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി

മൂന്നു വർഷത്തിനുള്ളിൽ കേരളത്തിൽ പുനർനിർമ്മിച്ചത് 1300 കിലോമീറ്റർ റോഡ്; റോഡുകളുടെ നിർമ്മാണത്തിന് ഇനി ജിയോ ടെക്സ് നിർബന്ധമാക്കും; റോഡിന്റെ ഗുണമേക്കൊപ്പം കയർ വ്യവസായത്തിന്റെ സംരക്ഷണവും ഉറപ്പു വരുത്തും; പുതിയ കാലത്തിന് പുതിയ നിർമ്മാണം സർ്ക്കാർ മുദ്രാവാക്യമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി

ജംഷാദ് മലപ്പുറം

മലപ്പുറം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ 1300 കിലോമീറ്റർ റോഡ് പുനർനിർമ്മാണം നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. പുതിയ കാല പുതിയ നിർമ്മാണം എന്നാണ് സർക്കാരിന്റെ മുദ്രാവാക്യം. രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്. സംസ്ഥാനത്തെ റോഡുകളുടെ ബി.സി പ്രവർത്തിയിൽ ജിയോ ടെക്സുകൾ നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. സ്വാഭാവിക റബ്ബർ ചേർത്ത ബിറ്റുമിനൊപ്പം ഷ്രഡ് പ്ലാസ്റ്റിക് ഷീറ്റുകൾ കൂടി ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം കയർ ജിയോ ടെക്സുകൾ കൂടി നിർബന്ധമാക്കും.

ഇതിലൂടെ റോഡിന്റെ ഗുണമേക്കൊപ്പം കയർ വ്യവസായത്തിന്റെ സംരക്ഷണവും ഉറപ്പു വരുത്താനാവും. ആസ്തി വികസിപ്പിക്കുന്നതിനൊപ്പം നിലവിലുള്ളവയുടെ സംരക്ഷണത്തിലും സർക്കാർ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. മഴക്കാലം കഴിയുന്നതോടു കൂടി ഓരോ മണ്ഡലത്തിലേക്കും നാലു മുതൽ അഞ്ചു കോടി വരെ മെയിന്റനൻസ് ഇനത്തിൽ നൽകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ പാലവും റോഡും കെട്ടിടങ്ങളും വരുന്നതോടൊപ്പം പുതിയ സംസ്‌കാരവും രൂപപ്പെടുത്താൻ നമുക്കാവണം. പാതയോരങ്ങളിലെ പാർക്കിങിൽ ഒരു പുതിയ ശീലം രൂപപ്പെടേണ്ടത് അത്യാവശ്യമാണ്. കാൽനടക്കാർക്ക് കൂടി മാന്യമായ പരിഗണന നൽകണം. പ്രാദേശിക ഭരണകൂടങ്ങൾ സംസ്ഥാന സർക്കാരുമായി ചേർന്നു പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് നിലമ്പൂർ ഗൂഡല്ലൂർ റോഡിലെ എടക്കര മുസ്ലിയാരങ്ങാടി യിൽ നിന്നും ആരംഭിച്ചു മരുത നഞ്ചൻകോട് റോഡിൽ അവസാനിക്കുന്ന ഈ റോഡിന് 12. 800 കിലോമീറ്റർ ദൈർഘ്യമുണ്ട്. നിലവിൽ ശരാശരി. 3. 80 മീറ്റർ ടാറിങ് വീതിയുള്ള റോഡ് 5.50 മീറ്റർ വീതിയിൽ ആക്കി ബി.എം ആൻഡ് ബിസി ചെയ്യുകയും അത്യാവശ്യ സ്ഥലങ്ങളിൽ കാനകളുടെ നിർമ്മാണം, കലുങ്കുകളുടെ നിർമ്മാണം, സംരക്ഷണഭിത്തികളുടെ നിർമ്മാണം, റോഡ് സുരക്ഷക്കായുള്ള റോഡ് മാർക്കിങ്, സൂചന ബോർഡ് തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വിവിധ റോഡുകളുടെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് വർഷത്തിനിടെ നിലമ്പൂർ മണ്ഡലത്തിൽ 600 കോടിയോളം രൂപയുടെ പ്രവൃത്തികൾ നടപ്പാക്കിയതായും ജി.സുധാകരൻ പറഞ്ഞു.. നിലമ്പൂർ കരുളായി നെടുങ്കയം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിൽ കൂടുതൽ പ്രവൃത്തികൾ നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഇത്. പ്രളയ പുനർ നിർമ്മിതിക്കായി മികച്ച പരിഗണന നൽകിയ മണ്ഡലങ്ങളിൽ ഒന്നുമാണ് നിലമ്പൂർ. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ സങ്കുചിതത്വം മറന്നു പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാവണം എന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 16 കോടി രൂപ ചെലവഴിച്ചാണ് താഴെ ചന്തക്കുന്ന് മുതൽ കരുളായി ചെറുപുഴ പാലം വരെ 11 കിലോമീറ്റർ വീതിയിലും ഏഴ് മീറ്റർ വീതിയിലും റോഡ് റബ്ബൈറസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി മുക്കട്ടയിലും കരുളായിയിലും ബസ് ബേകൾ നിർമ്മിക്കും. 10 കൾവെർട്ടുകൾ പുതുക്കി പണിയുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം മുണ്ടുപറമ്പ് -കാവുങ്ങൽ ബൈപാസ് പുനരുദ്ധാരണ പ്രവർത്തി ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മലപ്പുറം നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ ആവശ്യമായ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. കോട്ടപ്പടി ബൈപാസിന് സ്ഥലം ഏറ്റെടുക്കാൻ 23 കോടി അനുവദിച്ചു. ടാറിങിനായി മൂന്ന് കോടിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായി. 2.13 കിലോമീറ്റർ ദൂരത്തിലാണ് മുണ്ടുപറമ്പ് കാവുങ്ങൽ ബൈപാസുള്ളത്.

ദേശീയപാത 966നെയും സംസ്ഥാനപാത 71നെയും ബന്ധിപ്പിക്കുന്ന ബൈപാസ് നവീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗത തിരക്കിന് പരിധിവരെ പരിഹാരമാവും. നിലവിൽ ഏഴ് മീറ്റർ റോഡുള്ളത് 15 മീറ്ററാക്കുകയും നാല് ഓവുപാലങ്ങൾ പുനർനിർമ്മിക്കുകയും ചെയ്യും. കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 6.5 കോടി ചെലവിലാണ് നിർമ്മാണം.മലപ്പുറം നഗരസഭ ചെയർപേഴ്സൺ സി.എച്ച് ജമീല, കൗൺസിലർമാരായ ഒ. സഹദേവൻ, പാർവതികുട്ടി ടീച്ചർ, കെവി ശശികുമാർ, ഹാരിസ് ആമിയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ മജ്നു, വീക്ഷണം മുഹമ്മദ്, സിഎച്ച് നൗഷാദ്, കെ രാമചന്ദ്രൻ, എക്സി. എഞ്ചിനിയർ കെ മുഹമ്മദ് ഇസ്മയിൽ, അസി. എക്സി എഞ്ചിനിയർ എംകെ സിമി, അസി. എഞ്ചിനിയർ സി അനീഷ് എന്നിവർ സംസാരിച്ചു.

നിലമ്പൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പി.വി അൻവർ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുൽ വഹാബ് എംപി മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി സുഗതൻ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു. ജില്ലാ പഞ്ചായത്ത് അംഗം ഒ.ടി. ജെയിംസ്, എടക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കബീർ പനോളി, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണി, ഗ്രാമപഞ്ചായത്തംഗം സന്തോഷ് കപ്രാട്ട്, വിവിധ സംഘടനാ പ്രതിനിധികളായ ബാബു തോപ്പിൽ, നാസർ കാങ്കട, ഉമ്മർ, ഇസ്മായിൽ എരഞ്ഞിക്കൽ, ബിനോയി പാട്ടത്തിൽ, പൊതുമരാമത്ത് സൂപ്രണ്ടിങ് എഞ്ചിനീയർ ഇ. ജി.വിശ്വ പ്രകാശ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി.ഗീത, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP