Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎമ്മുകാരനായ തടവ് പുള്ളിയെ മർദ്ദിച്ച് കൊന്നത് മുപ്പതോളം ആർഎസ്എസ് പ്രവർത്തകർ; ഒൻപത് പ്രതികൾക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും; സെഷൻസ് കോടതി വിധി 15 വർഷം മുൻപ് സെൻട്രൽ ജയിലിലെ രവീന്ദ്രൻ കൊലക്കേസിൽ

സിപിഎമ്മുകാരനായ തടവ് പുള്ളിയെ മർദ്ദിച്ച് കൊന്നത് മുപ്പതോളം ആർഎസ്എസ് പ്രവർത്തകർ; ഒൻപത് പ്രതികൾക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും; സെഷൻസ് കോടതി വിധി 15 വർഷം മുൻപ് സെൻട്രൽ ജയിലിലെ രവീന്ദ്രൻ കൊലക്കേസിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം. തടവുകാരനായ കല്ലാച്ചി-കക്കട്ട്-അമ്പലക്കുളങ്ങരയിലെ കെ.പി. രവീന്ദ്രനെ (48) അടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട് 30 കുറ്റാരോപിതരിൽ 9 പേരെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചു. പ്രതികൾ പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണമെന്ന് ജഡ്ജി പി.എൻ വിനോദ് വിധിച്ചു. കേരളത്തിലെ ജയിലുകളിൽ കേട്ടുകേൾവിയില്ലാത്ത കൊലപാതകം നടന്നത് 2004 ഏപ്രിൽ 6 ന് വൈകീട്ട് 4 ഓടെയായിരുന്നു. രാഷ്ട്രീയ വിരോധത്താൽ ജീവപര്യന്തം ശിക്ഷാ തടവുകാരനായ കെ.പി. രവീന്ദ്രനെ ജയിലിലെ 7 ാം ബ്ലോക്കിന്റെ മുറ്റത്തു വെച്ച് ബിജെപി. , ആർ. എസ്. എസുകാരായ പ്രതികൾ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും റിമാന്റ് തടവുകാരുമായ ദിനേശൻ എന്ന പേട്ട ദിനേശൻ, എച്ചിലാട്ട് ചാലിൽ പവിത്രൻ, ഫൽഗുനൻ, രഘു. ദിനേശൻ, സനൽ പ്രസാദ്, ശശി തുടങ്ങി 31 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവരിൽ 20 പേർ ജീവപര്യന്തം തടവുകാരും 11 പ്രതികൾ വിചാരണ തടവുകാരുമാണ്. ഒന്നാം പ്രതി സെൻട്രൽ പൊയിലൂരിലെ ചാലിൽ വീട്ടിൽ എ.സി. പവിത്രൻ, തൃശ്ശൂർ വാടാനപ്പള്ളിയിലെ കാഞ്ഞിരത്തിങ്കൽ ഫൽഗുനൻ, സെൻട്രൽ പൊയിലൂരിലെ കുഞ്ഞിപ്പറമ്പിൽ രഘു, കോഴിക്കോട് അരക്കിണറിലെ ഭദ്ര നിവാസിൽ സനൽ പ്രസാദ്, കൂത്തുപറമ്പ് നരവൂരിലെ കോയപ്പൻ വീട്ടിൽ പി.കെ. ദിനേശൻ, മൊകേരി കുനിയിൽ വീട്ടിൽ ശശി എന്ന കൊട്ടക്ക ശശി, കൂത്തുപറമ്പ് കൊയമ്പ്രൻ വീട്ടിൽ അനിൽ കുമാർ, സെൻട്രൽ പൊയിലൂരിലെ തരശിയിൽ സുനി, കോഴിക്കോട് ബാലുശ്ശേരിയിലെ പി.വി. അശോകൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

ഇതിൽ പി.കെ. ദിനേശൻ വ്യവസായ മന്ത്രി ഇ.പി. ജയരാജനെ 1992 ഏപ്രിൽ 12 ന് ആന്ധ്രയിലെ ഓങ്കോളിനടുത്ത ചിരാലയിൽ വെച്ച് ഓടുന്ന തീവണ്ടിയിൽ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. 2011 ൽ ഇയാൾ ശിക്ഷിക്കപ്പെടുകയും ചെയ്തു. എസ്. എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.വി. സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് രവീന്ദ്രൻ കൊലക്കേസിലും പ്രതിയായി ശിക്ഷിക്കപ്പെടുന്നത്. എട്ടാം പ്രതി സുനി പാനൂരിലെ പവിത്രൻ കൊലക്കേസിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. രണ്ടു പേരും നിലവിലുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞതിന് ശേഷമാണ് രവീന്ദ്രൻ കൊലക്കേസിലെ ജീവപര്യന്തം തടവ് നേരിടേണ്ടത്. മറ്റൊരു കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് രവീന്ദ്രൻ സെൻട്രൽ ജയിലിലെത്തുന്നത്. ജയിലിൽ സ്റ്റോർ തകർത്തും ബ്ലോക്കുകളെ വേർതിരിച്ച വേലിയിൽ നിന്ന് ഇരുമ്പു പട്ടയും ഇരുമ്പു വടിയും പിഴുതെടുത്തും ഉപയോഗിച്ചാണ് പ്രതികൾ അക്രമം നടത്തിയത്.

പ്രതിയായ എ.സി. പവിത്രൻ ഇരുമ്പു പട്ടഉപയോഗിച്ച് തലക്ക് കുത്തുകയും മറ്റുള്ളവർ അടിക്കുകയും കുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അക്രമത്തിൽ സിപിഎം. പ്രവർത്തകരായ വളയത്തെ രാജു, പാലക്കാട്ടെ രാഗേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. ജയിൽ ഉദ്യോഗസ്ഥരും തടവുകാരുമുൾപ്പെടെ 71 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എം. കെ. ദിനേശൻ, അഡ്വ. എൻ. ഷംസുദ്ദീൻ എന്നിവരും പ്രതിഭാഗത്തിനായി ബിജെപി. സംസ്ഥാന പ്രസിഡണ്ട്. അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, അഡ്വ. എൻ. ഭാസ്‌ക്കരൻ നായർ, എന്നിവരും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP