Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയമം ശക്തമായിട്ടും സൗദിയിൽനിന്നുള്ള സ്വർണക്കടത്തിൽ അത്ഭുതപ്പെട്ട് കസ്റ്റംസ് അധികൃതർ; കടത്താൻ ശ്രമിച്ചത് ബാഗിന്റെ കൈപ്പടി സ്വർണരൂപത്തിലാക്കി; പിടിക്കപ്പെടാതിരിക്കാൻ സ്വർണ ഹാൻഡിലിന് വെള്ളി കളർ പെയ്ന്റും പൂശി; കരിപ്പൂർ വിമാനത്താവളത്തിൽ 40ലക്ഷംരൂപയുടെ സ്വർണവുമായി പിടിയിലായതു കൊടുവള്ളി സ്വദേശി

നിയമം ശക്തമായിട്ടും സൗദിയിൽനിന്നുള്ള സ്വർണക്കടത്തിൽ അത്ഭുതപ്പെട്ട് കസ്റ്റംസ് അധികൃതർ; കടത്താൻ ശ്രമിച്ചത്  ബാഗിന്റെ കൈപ്പടി സ്വർണരൂപത്തിലാക്കി; പിടിക്കപ്പെടാതിരിക്കാൻ സ്വർണ ഹാൻഡിലിന് വെള്ളി കളർ പെയ്ന്റും പൂശി; കരിപ്പൂർ വിമാനത്താവളത്തിൽ 40ലക്ഷംരൂപയുടെ സ്വർണവുമായി പിടിയിലായതു കൊടുവള്ളി സ്വദേശി

ജംഷാദ് മലപ്പുറം

മലപ്പുറം: അടുത്തിടെ സൗദി അറേബ്യയിൽനിന്നുള്ള സ്വർണക്കടത്ത് കരിപ്പൂർ വഴി പിടികൂടിയിരുന്നില്ല, കാരണം സൗദിയിൽ വ്യക്തിക്ക് കൈവശംവെക്കാവുന്ന സ്വർണത്തിന് പരിധി വന്നിരുന്നു, ഇതിനാൽതന്നെ അവിടെ നിന്നും കാര്യമായ സ്വർണക്കടത്ത് നടക്കാത്തതിനിടെയാണ് സൗദിയിലെ ജിദ്ദയിൽനിന്നും കരിപ്പൂർ വഴി 40ലക്ഷത്തോളം രൂപയുടെ സ്വർണം കടത്താനുള്ള ശ്രമം പിടികൂടിയത്. അതും ട്രോളി ബാഗിന്റെ കൈപ്പിടി രണ്ടും സ്വർണമാക്കി മാറ്റിയാണ് കടത്താൻ ശ്രമിച്ചത്. 1.298 കിലോ തൂക്കംവരുന്ന സ്വർണമായിരുന്നു ട്രോളി ബാഗിന്റെ കൈപ്പിടി രൂപത്തിലാക്കി മാറ്റി ബാഗുസഹിതം കടത്താൻ ശ്രമിച്ചത്.

ജിദ്ദയിൽനിന്നും ഇത്തരത്തിൽ സ്വർണം കടത്തുമെന്ന ഒരു പ്രതീക്ഷയും എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിനില്ലായിരുന്നു. എന്നാൽ രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. കൊടുവള്ളി കരുവാൻപൊയിൽ മലയിൽ അബ്ദുറഹിമാൻ കുട്ടിയിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാൾ വർഷങ്ങളായി ജിദ്ദയിൽ ജോലിചെയ്തുവരികയായിരുന്നുവെന്നും ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും കസ്റ്റംസിനോട് ചോദ്യംചെയ്യലിൽ പറഞ്ഞു. ഉദ്യോഗസ്ഥരായ ഡി.സി. നിഥിൻലാൽ, എ.സി. സുരേന്ദ്രനാഥ്, സൂപ്രണ്ട് ബഷീർ അഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.

കരിപ്പൂർ വിമാനത്തവളം വഴി കോടികളുടെ സ്വർണമാണ് ഒഴുകുന്നത്. കഴിഞ്ഞ ദിവസം മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വർണവും പിടികൂടിയിരുന്നു. കരിപ്പൂർ വഴി അടുത്തിടെ പിടികൂടിയ സ്വർണക്കടത്തുകളിൽ കൂടുതലും മലദ്വാരം വഴി കടത്താൻ ശ്രമിച്ചതാണെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വർണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വർണക്കടത്തു നടക്കുന്നുണ്ട്, കഴിഞ്ഞ ദിവസം രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച 928ഗ്രാം സ്വർണമാണ് പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 1220ഗ്രാമിന്റെ സ്വർണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വർണമാണ് രണ്ടുപേരിൽനിന്നും പിടികൂടിയത്.

കാസർകോട് സ്വദേശി അബ്ദുൽ ഖാദർ ആഷിമാണ് പാന്റിനകത്ത് അറിയുണ്ടാക്കി സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. കൊടുവള്ളി സ്വദേശി ചെറിയാക്കച്ചാലിൽ നിഹാസാണ് മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. ഇവർക്കു പുറമെ കരിപ്പൂരിൽ നിന്ന് രണ്ട് യാത്രക്കാരിൽ നിന്നും,വിമാനത്തിൽ ഉപേക്ഷിച്ചതുമായ മൂന്നര കിലോ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.സ്പെയ്സ് ജെറ്റ് വിമാനത്തിൽ നിന്നാണ് 933 ഗ്രാം സ്വർണം കണ്ടെടുത്തത്.യാത്രക്കാരനെ കണ്ടെത്താനായില്ല

എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കോഴിക്കോട് പടനിലം ഉണ്ണിക്കൃഷ്ണൻ ശരീരത്തിൽ ഒളിപ്പിച്ച 1039 ഗ്രാം സ്വർണം കണ്ടെടുത്തു.മലപ്പുറം സ്വദേശി ഫിറോസ് ഖാൻ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ 583 ഗ്രാം സ്വർണമാണ് പിടികൂടിയത്.എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നാണ് ഇയാളെത്തിയത്.അഞ്ച് സ്വർണ ബിസ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്.പിടികൂടിയ സ്വർണത്തിന് 1.15 കോടി വിലലഭിക്കും.

കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് ഇപ്പോഴും തകൃതിയായാണ് നടക്കുന്നത്. അതോടൊപ്പം വിവിധ രീതികളിലുള്ള കടത്തും നടക്കുന്നതായി കസ്റ്റംസ് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി മുഹ്‌സിൽ 19ലക്ഷംരൂപയുടെ സ്വർണം മലദ്വാരത്തിൽ കടത്തിയപ്പോൾ കോഴിക്കോട് സ്വദേശി റിയാസ് കടത്താൻ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വർണമാണ്, സ്വർണം കറുത്ത നിറത്തിലുള്ള ക്യാപ്‌സൂൾ രൂപത്തിലാക്കിയാണു കടത്താൻ ശ്രമിച്ചത്. ഒരാളുടേത് ഏഴു ക്യാപ്‌സൂളും മറ്റൊരാളുടേത് നാലു ക്യാപ്‌സൂളും രൂപത്തിലായിരുന്നു. ഇവർക്കു പുറമെ മറ്റു മൂന്നുപേരിൽനിന്നുമായി മൊത്തം അഞ്ചു പേരിൽ നിന്ന് കരിപ്പൂർ വിമാനത്തവളത്തിൽ പിടികൂടിയത് 1.08കോടിയുടെ സ്വർണം,

കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച്‌പേരിൽ നിന്നായി 3.75 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസും പ്രിവന്റീവ് കസ്റ്റംസും ചേർന്ന് പിടികൂടിയത്. ഇതിൽ വടകര സ്വദേശി ഹനീഫ, മലപ്പുറം സ്വദേശി ശ്രീഗോപാൽ എന്നിവരിൽ നിന്നും 625 ഗ്രാം വീതമാണ് പിടിച്ചത്. കാസർകോട് സ്വദേശി അഫ്‌സലിൽ നിന്നും 640 ഗ്രാമും പിടിച്ചു. മൂന്ന് പേരിൽ നിന്നായി പിടികൂടിയ സ്വർണത്തിന് 55 ലക്ഷം രൂപ വില വരും. ഇവർ ട്രോളി ബാഗിന്റെ ബീഡിങിനുള്ളിലായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്.

ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി പി.സി. റിയാസ്, മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി ടി. മുഹ്‌സിൻ എന്നിവരിൽ നിന്നാണ് പ്രിവന്റീവ് കസ്റ്റംസ് സ്വർണം പിടിച്ചത്. ഇവരാണ് മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. റിയാസിൽ 34 ലക്ഷം വില വരുന്ന 1,190 ഗ്രാമും മുഹ്‌സിനിൽ നിന്നും 19ലക്ഷത്തിന്റെ 670 ഗ്രാമുമാണ് പരിശോധനയിൽ കണ്ടെത്തിയത്. അസി. കമീഷണർമാരായ ഡി.എൻ. പന്ത്, പി.ജെ. ഡേവിഡ്, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, സി.സി. ഹാൻസൺ, ഇൻസ്‌പെക്ടർമാരായ കെ. മുരളീധരൻ, ശ്യാംകുമാർ ശർമ, പ്രമോദ്, അഭിനവ് ഭൈഷിക്, ഹവിൽദാർമാരായ മോഹനൻ, ഗഫൂർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

കരിപ്പൂർ വിമാനത്തവളംവഴി കടത്താൻ ശ്രമിച്ച 1.10കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതിൽ കുന്നമംഗലം സ്വദേശിയായ ഹാരിസ് സ്വർണം കടത്താൻ ശ്രമിച്ചത് മിക്സിയുള്ള മോട്ടോറിനകത്തു സ്വർണം ഉരുക്കി ഒഴിച്ചാണ്. 2.800 കിലോ തൂക്കംവരുന്ന 92ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ ഇത്തരത്തിൽ കരിപ്പൂർ വിമാനത്തവളംവഴി കടത്താൻ ശ്രമിച്ചത്. റിയാദ് അബൂദാബിയിൽനിന്നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സംശയംതോന്നിയ എയർകസ്റ്റംസ് വിഭാഗമാണ് ഇയാളുടെ ലഗേജ് പരിശോധിച്ചത്. തുടർന്നു ടൂൾസുകൾ ഉപയോഗിച്ച് മിക്സിയുടെ മോട്ടോർ തുറന്നു പവിശോധിച്ചപ്പോഴാണ് ഇതിനുള്ള സ്വർണക്കട്ടിപോലെ സ്വർണം ഉരുക്കി ഒഴിച്ചതയായി കണ്ടെത്തിയത്.

സ്വന്തംആവശ്യത്തിനാണ് സ്വർണം കൊണ്ടുവന്നതെന്നും, രണ്ടുവർഷം മുമ്പാണു താൻ അവസാനമായി നാട്ടിൽവന്നതെന്നും, താൻ കാരിയർ അല്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ടെങ്കിലും അധികൃതർ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല, മറ്റൊരു യാത്രക്കാരനയ വടകര സ്വദേശി ഷമീറിൽനിന്നും 450ഗ്രാമിന്റെ സ്വർണമാണ് പിടികൂടിയത്. ഇയാൾ സ്വർണം മിശ്രിത രൂപത്തിലും, കോയിൻ രൂപത്തിലും ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.അസി. കമീഷണർമാരായ ഡി.എൻ. പന്ത്, ഡേവിഡ് പി.ജെ, മറ്റു ഓഫീസർമാരായ ഗോകുൽദാസ്, ബിമൽ ദാസ്, മ്രിദുൽ, ജയൻ, വി.എൻ നായിക്, ഫ്രാൻസിസ്, വിമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

രണ്ടാഴ്‌ച്ച മുമ്പ് കിപ്പൂർ വിമാനത്തവളത്തിൽിന്നും 1.15കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണത്തിന് പുറമെ, മിശ്രിത രൂപത്തിലും, സ്വർണ ബിസ്‌കറ്റും, ചെയിനുവരെയാണ് വെള്ളിയാഴ്‌ച്ച മാത്രം കരിപ്പൂർ വിമാനത്തവളത്തിൽനിന്നും പിടികൂടിയത്. അഞ്ചുയാത്രക്കാരിൽനിന്നാണ് ഇത്രയധികം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് അന്ന് പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള 4,204 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇതിൽ നിന്നും മൂന്നര കിലോ സ്വർണമാണ് വേർതിരിച്ചെടുത്തത്. ദുബൈ, ബഹ്‌റൈൻ, അബൂദാബി എന്നിവിടങ്ങളിൽ നിന്നായി വിവിധ വിമാനത്തിൽ എത്തിയവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിലായി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

മിശ്രിത രൂപത്തിലുള്ള സ്വർണത്തിന് പുറമെ സ്വർണ ബിസ്‌കറ്റ്, ചെയിൻ എന്നിവയും പിടികൂടിയിട്ടുണ്ട്. ബഹ്‌റൈനിൽ നിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസിലെത്തിയ വടകര സ്വദേശി അഷ്‌റഫ് ഉസ്മാനിൽ നിന്നും 233 ഗ്രാമിന്റെ ചെയിനാണ് പിടികൂടിയത്. ദുബൈയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി സുഹൈബ് പുതിയകണ്ടത്തിൽ നിന്നും 1,178 ഗ്രാം സ്വർണമിശ്രിതം, ദുബൈയിൽ നിന്നും ഇൻഡിഗോയിലെത്തിയ കാസർകോട് സ്വദേശി മുസ്താഖിൽ നിന്നും മിശ്രിത രൂപത്തിലുള്ള 1.171 ഗ്രാം സ്വർണം, മൂന്ന് പേരും ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്.

ദുബൈയിൽ നിന്നുള്ള എയർഇന്ത്യയിലെത്തിയ മെറ്റാരു യാത്രക്കാരനായ കാസർകോട് സ്വദേശി മുഹമ്മദ് ഇൻസമാനിൽ നിന്നും 700 ഗ്രാം സ്വർണമിശ്രിതവും 274 ഗ്രാമിന്റെ ചെയിനും കണ്ടെത്തി. ഇയാളുടെ ഷൂസിനുള്ളിലായിരുന്നു സ്വർണമുണ്ടായിരുന്നത്. മലപ്പുറം വഴിക്കടവ് സ്വദേശി റിയാസ് പണിക്കപ്പറമ്പനിൽ നിന്നും 1155 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്.
അസി. കമീഷണർമാരായ സുരേന്ദ്രനാഥ്, ഡി.എൻ. പന്ത്, സൂപ്രണ്ടുമാരായ കെ.വി. രാജേഷ്, രഞജി വില്ല്യം, ഇൻസ്‌പെക്ടർമാരായ ഗോപിനാഥ്, അഭിലാഷ്, സൗരബ്, രവീന്ദർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്

ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായതായാണ് റിപ്പോർട്ട്. ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റ്രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്‌പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്,

കരിപ്പൂർ വിമാനത്തവളതത്തിൽനിന്നുംഇത്തരം സ്വർണക്കടത്ത് പലതവണ പിടിച്ചിട്ടുണ്ടെങ്കിലും, പിടിക്കപ്പെടാതെ നിരവധിപേർ രക്ഷപ്പെട്ടതായും സൂചനകളുണ്ട്, പിടിക്കപ്പെടാതിരിക്കാനായി കൂടുതൽ സ്ത്രീ കാരിയർമാരെ സ്വർണക്കടത്ത് മാഫിയ ഉപയോപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്, സ്ത്രീകളുടെ അടിവസ്ത്രത്തിനകത്തും മറ്റും ഒളിപ്പിച്ചുകടത്തുന്ന സ്വർണം പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതിനാലാണ് ഇത്തരം കടത്തു സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. കരിപ്പൂർ വിമാനത്തവളത്തിൽനിന്നും ഇത്തരത്തിലുള്ള 300ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.

ബ്രാക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും, നാപ്കിൻ പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ നിന്നും കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സ്വർണം മണ്ണ്രൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വർണം പിടികുടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളിൽ കുറവാണ്, കരിപ്പൂർവിമാനത്താവളം വഴി ഇത്തരം സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തിൽ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,

എയർഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ്-348 വിമാനത്തിൽ കരിപ്പൂരിലെത്തിയ നാദാപുരം ജൻഷീർ(22)എന്ന യാത്രക്കാരനിൽനിന്നാണ് കാലിൽവെച്ചുകെട്ടിയ സ്വർണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളിൽ പരിശോധനക്കെത്തിയപ്പോൾ ഇയാളുടെ നടത്തത്തിൽ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തത്. രണ്ട് കാലുകളിൽ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതുകൾ വീതം വെച്ചുകെട്ടി അതിനു മുകളിൽ ബാൻഡേജിട്ടാണ് ഇയാൾ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുള്ള എട്ടു പ്ലാസ്റ്റിക് കവറിൽ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്. പിടികൂടിയ പ്ലാസ്റ്റിക്ക് കവർ പൊതികൾ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മിശ്രിതത്തിൽ സ്വർണം പൊടിച്ച് കലർത്തിയാണ് ഇയാൾ കൊണ്ടുവന്നത്.സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു സ്വർണം. ഇവക്ക് ഇന്ത്യൻ മാർക്കറ്റിൽ 80 ലക്ഷം രൂപ വിലലഭിക്കും. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP