Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകി; സാമ്പത്തിക വളർച്ചയുടെ കേരള മാതൃകയെപ്പറ്റി പഠിക്കാൻ ആഗ്രഹം; സംസ്ഥാനത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താൻ നിർദ്ദേശങ്ങൾ സമർപ്പിക്കാനും താൽപര്യമറിയിച്ചു; കേരളത്തിന്റെ സാമ്പത്തിക വളർച്ച പഠിക്കാൻ തോമസ് പിക്കറ്റി

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകി; സാമ്പത്തിക വളർച്ചയുടെ കേരള മാതൃകയെപ്പറ്റി പഠിക്കാൻ ആഗ്രഹം; സംസ്ഥാനത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താൻ നിർദ്ദേശങ്ങൾ സമർപ്പിക്കാനും താൽപര്യമറിയിച്ചു; കേരളത്തിന്റെ സാമ്പത്തിക വളർച്ച പഠിക്കാൻ തോമസ് പിക്കറ്റി

മറുനാടൻ ഡെസ്‌ക്‌

സാമ്പത്തിക വളർച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തിൽ പഠനം നടത്താനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തനിക്ക് താല്പര്യമുണ്ടെന്ന് പ്രഗത്ഭ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.പാരീസിൽ മുഖ്യമന്ത്രിയുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പഠിക്കാനുള്ള സന്നദ്ധത തോമസ് പിക്കറ്റി പ്രകടിപ്പിച്ചത്. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ പിക്കറ്റിയുമായുള്ള ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു. പാരീസ് സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസറും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയ വിദഗ്ധനുമായ ലൂകാസ് ചാൻസലും ചർച്ചയിൽ പങ്കെടുത്തു.

ഭൂപരിഷ്‌കരണത്തിലൂടെയും ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിൽ നടത്തിയ വലിയ മുതൽമുടക്കിലൂടെയും കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് താൻ ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞു.എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനപാതയാണ് കേരളത്തിൽ തന്റെ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകൾ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രദ്ധിക്കുന്നത്. സർക്കാർ വരുത്തിയ മാറ്റങ്ങളുടെ ഫലമായി കൂടുതൽ വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ ചേരുകയാണ്. അസംഘടിത വിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ രാജ്യത്തിന് തന്നെ മാതൃകയാണ്. സാമൂഹിക ക്ഷേമത്തിന് മുൻഗണന നൽകുന്ന ബദൽ വികസന പാതയിലാണ് കേരളം മുന്നോട്ടുപോകുന്നത്.

സാമ്പത്തിക അസമത്വം വർധിക്കുന്നതിനെക്കുറിച്ച് സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. അതുകൊണ്ടുതന്നെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് അവരുടെ സാമൂഹിക-സാമ്പത്തിക അവകാശങ്ങൾ ഉറപ്പുവരുത്താൻ കേരള സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നു. സാമ്പത്തിക അസമത്വം മാത്രമല്ല, സാമൂഹിക അസമത്വം കുറയ്ക്കാനും സർക്കാർ നടപടിയെടുക്കുന്നുണ്ട്. ട്രാൻസ്ജൻഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സംസ്ഥാനം സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി നിർദേശിച്ചു. കൂടുതൽ സമ്പത്തുള്ളവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കണം. സമ്പന്നരുടെ നികുതി കുറയ്ക്കുന്നിന് ആഗോളമായി തന്നെ സമ്മർദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല രാഷ്ട്രങ്ങളും ഇവരുടെ വാദഗതികളാണ് ഉയർത്തുന്നത്. ഭൂനികുതി, വസ്തുനികുതി, സ്വത്ത്‌നികുതി എന്നിവയുടെ ഘടന മാറണം. കൂടുതൽ സമ്പത്തുള്ളവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കുന്ന വിധത്തിൽ നികുതി നിരക്ക് മാറിക്കൊണ്ടിരിക്കണം.

സാമ്പത്തിക അസമത്വത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് സ്ഥിതിവിവരക്കണക്കുകൾ അത്യന്താപേക്ഷിതമാണ്. എന്നാൽ ഇത് കിട്ടാൻ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് പിക്കറ്റി പറഞ്ഞു. സാമൂഹിക രംഗത്ത് കൂടുതൽ മുതൽ മുടക്കിയാലേ അസമത്വം കുറയ്ക്കാൻ കഴിയൂ. അസമത്വത്തെക്കുറിച്ചുള്ള വിശദമായ അപഗ്രഥനത്തിന് സമഗ്രമായ ഡാറ്റാബേസ് ഉണ്ടാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് പിക്കറ്റി അഭ്യർത്ഥിച്ചു.

കേരളം സന്ദർശിക്കാനുള്ള തന്റെ ക്ഷണം പിക്കറ്റി സ്വീകരിച്ചതിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ എന്നിവരും മുഖ്യമന്ത്രിയോടെപ്പമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP