Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചത് മെഡിക്കൽ ഉപകരണ- യന്ത്രങ്ങൾ വാങ്ങിയതിലും നിയമനങ്ങളിലും തട്ടിപ്പ് നടത്തി; എസ്.സി.ടി ഡെപ്യൂട്ടി ഡയറക്ടറുടെ സ്വകാര്യ ബാങ്കിലെ സ്ഥിര നിക്ഷേപം ദേശ സാൽകൃത ബാങ്കിൽ നിക്ഷേപിക്കണം; തീരുമാനം സിബിഐ മരവിപ്പിച്ച സ്വരഭന്റെ 53 ലക്ഷം വരുന്ന സ്വത്തിൽ

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചത് മെഡിക്കൽ ഉപകരണ- യന്ത്രങ്ങൾ വാങ്ങിയതിലും നിയമനങ്ങളിലും തട്ടിപ്പ് നടത്തി; എസ്.സി.ടി ഡെപ്യൂട്ടി ഡയറക്ടറുടെ സ്വകാര്യ ബാങ്കിലെ സ്ഥിര നിക്ഷേപം ദേശ സാൽകൃത ബാങ്കിൽ നിക്ഷേപിക്കണം; തീരുമാനം സിബിഐ മരവിപ്പിച്ച സ്വരഭന്റെ 53 ലക്ഷം വരുന്ന സ്വത്തിൽ

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ സി ബി ഐ മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അരക്കോടി രൂപയുടെ കടപ്പത്ര നിക്ഷേപം ദേശ സാൽകൃത ബാങ്കിൽ നിക്ഷേപിക്കാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു. കേസിലെ തൊണ്ടി മുതലായ കടപ്പത്ര നിക്ഷേപത്തുക പ്രതിക്ക് പിൻവലിക്കാൻ അനുവദിക്കുന്നത് തൊണ്ടി മുതലിന്റെ രീതിയും സ്വഭാവവും മാറ്റുമെന്ന സി ബി ഐ യുടെ ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 

കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ്റ് ടെക്‌നോളജിയിലെ ഡെപ്യൂട്ടി ഡയറക്ടർ ( അഡ്‌മിനിസ്‌ട്രേഷൻ ) ആയ പുത്തൻ വീട് ഭാസ്‌ക്കരൻ സൗരഭൻ എന്ന പി. ബി. സൗരഭൻ , ഭാര്യ എം. വി. സുലേഖ എന്നിവരാണ് അനധികൃത സ്വത്ത് സമ്പാദന കേസിലെ ഒന്നും രണ്ടും പ്രതികൾ. ഭാര്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 109 ( കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കൽ ) ആണ് സി ബി ഐ ചുമത്തിയിട്ടുള്ളത്.

സി ബി ഐ യുടെ ശക്തമായ എതിർപ്പ് അവഗണിച്ചു കൊണ്ടാണ് സൗരഭൻ സമർപ്പിച്ച പണം പിൻവലിക്കൽ ഹർജി ജഡ്ജി ജെ. നാസർ 4 ഉപാധികളോടെ അനുവദിച്ചത്. സി ബി ഐ മരവിപ്പിച്ച 53,50,000 രൂപയുടെ കടപ്പത്ര തുകയുടെ കാലാവധി പൂർത്തിയായപ്പോൾ ലഭിക്കുന്ന 1, 03 , 09 , 000 രൂപ സ്വകാര്യ ബാങ്കിൽ നിന്നും പിൻവലിക്കാൻ പ്രതിയെ അനുവദിച്ചിരിക്കുന്നു. ഈ തുക ദേശ സാൽകൃത ബാങ്കിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ച് രസീത് കോടതിയിൽ ഹാജരാക്കണം. കേസ് വിചാരണ ശിക്ഷയിൽ കലാശിക്കുന്നുവെങ്കിൽ സിബിഐ മരവിപ്പിച്ച തുക കോടതി കണ്ടു കെട്ടി സർക്കാർ ഖജനാവിലേക്ക് മുതൽ കൂട്ടുന്ന പക്ഷം പലിശ തിര്യെ ലഭിക്കണമെന്ന അവകാശം പ്രതി ഉന്നയിക്കരുത്. സ്വകാര്യ ബാങ്കിൽ നിന്ന് പിൻവലിക്കുന്ന തുക 2 ദിവസത്തിൽ കൂടുതൽ പ്രതി കൈവശം വെയ്ക്കരുത്. 60 ലക്ഷം രൂപയുടെ ബോണ്ട് കോടതിയിൽ കെട്ടി വെയ്ക്കണം എന്നീ ഉപാധികളോടെയാണ് പ്രതിയുടെ ഹർജി സി ബി ഐ കോടതി അനുവദിച്ചത്. അതേ സമയം അതേ സ്വകാര്യ ബാങ്കിൽ തന്നെ പുനർ നിക്ഷേപം നടത്താൻ അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി.

2010 ജനുവരി 1 മുതൽ 2011 മാർച്ച് 31 വരെയുള്ള കാലയളവിലാണ് ഉറവിടം വ്യക്തമാക്കാനാവാത്ത വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടന്നത്. ആശുപത്രിയിലേക്ക് മെഡിക്കൽ യന്ത്രോപകരണങ്ങൾ വാങ്ങിയതിലും നിയമനങ്ങളിലും കൈക്കൂലി വാങ്ങി ഒരു കോടി രൂപക്ക് മേലുള്ള സ്ഥാവര സ്വത്തുക്കളും അരക്കോടി രൂപയുടെ ജീഗമ സ്വത്ത് കടപ്പത്രമായി മുത്തൂറ്റ് ബാങ്ക് , മുത്തൂറ്റ് ഫിൻ കോർപ്പ് എന്നീ സ്വകാര്യ ബാങ്കുകളുടെ പത്തനംതിട്ട , തിരുവനന്തപുരം പോങ്ങുംമൂട് എന്നിവിടങ്ങളിലെ ശാഖകളിൽ ഭാര്യയുടേയും മക്കളുടെയും പേരിൽ സ്ഥിര നിക്ഷേപമായി ഇട്ടുവെന്നുമാണ് സിബിഐ കേസ്. 2015 ഓഗസ്റ്റ് 3 നാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസ് വിചാരണ ആരംഭിക്കാനിരിക്കേയാണ് ഒന്നാം പ്രതി ഹർജിയുമായി കോടതിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP