Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുപ്രീംകോടതി വിധി അനുസരിച്ച് നീങ്ങാമെന്ന് ഉറപ്പ്; ഇനി സമരവും കൊണ്ടു വന്നാൽ നോക്കിയിരിക്കില്ലെന്ന് കളക്ടറുടെ അന്ത്യശാസനം; തിരുവല്ല മേപ്രാൽ സെന്റ് ജോൺസ് പള്ളി തർക്കത്തിൽ കളക്ടർ നടത്തിയ ചർച്ചയിൽ സമവായം

സുപ്രീംകോടതി വിധി അനുസരിച്ച് നീങ്ങാമെന്ന് ഉറപ്പ്; ഇനി സമരവും കൊണ്ടു വന്നാൽ നോക്കിയിരിക്കില്ലെന്ന് കളക്ടറുടെ അന്ത്യശാസനം; തിരുവല്ല മേപ്രാൽ സെന്റ് ജോൺസ് പള്ളി തർക്കത്തിൽ കളക്ടർ നടത്തിയ ചർച്ചയിൽ സമവായം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവല്ല മേപ്രാൽ സെന്റ് ജോൺസ് പള്ളിയിൽ സമരങ്ങളില്ലാതെ മുമ്പോട്ട് പോകുവാൻ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ധാരണയായി. ജില്ലാ കളക്ടർ പിബി നൂഹിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സുപ്രീം കോടതി വിധിയനുസരിച്ച് ഇരുകൂട്ടരും പ്രവർത്തിക്കുമെന്നും ഇനി സംഘർഷാവസ്ഥ ഉണ്ടാവില്ലെന്നും ഇരുവിഭാഗവും ഉറപ്പു നൽകി. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായാൽ ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പിബി നൂഹ് പറഞ്ഞു.

പള്ളിയിൽ ആരാധന നടത്തുന്നത് സംബന്ധിച്ച കാര്യത്തിൽ കോടതിവിധി അനുസരിച്ച് പ്രവർത്തിക്കാനും തീരുമാനമായി. യാക്കോബായ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്ത് പുതുതായി പള്ളി പണിയുന്നതിന് നിയമാനുസൃതം ലഭിക്കുന്ന അപേക്ഷയിൽ വേഗം തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പ് നൽകി. പുതിയ പള്ളിയുടെ പണി പൂർത്തീകരിക്കുന്നതുവരെയോ ആരാധനയ്ക്ക് ഒരു സംവിധാനം ഉണ്ടാകുന്നതുവരെയോ യാക്കോബായ വിഭാഗം നിലവിൽ പ്രാർത്ഥിക്കുന്ന താത്ക്കാലിക ഷെഡിൽ ആരാധന നടത്തുന്നതിന് അനുമതി നൽകി.

പള്ളിയോടു ചേർന്നുള്ള അരമന എന്ന് വിളിക്കുന്ന കെട്ടിടത്തിന്റെ അവകാശം സംബന്ധിച്ച കേസ് വിധിയാകുന്നതുവരെ ഇരുവിഭാഗത്തിനും ഈ കെട്ടിടത്തിന്റെ അവകാശം നൽകേണ്ട എന്നും ഇരുവിഭാഗത്തിന്റെയും ഉടമസ്ഥതയിലുള്ള ജംഗമ വസ്തുക്കൾ ഉഭയകക്ഷി സമ്മതപ്രകാരം വീതം വച്ച് നൽകുന്നതിനും ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടാകുന്ന വസ്തുക്കൾ ഈ മുറിയിൽ തന്നെ സൂക്ഷിച്ച് കെട്ടിടം സീൽ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. തിരുവല്ല സബ്കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രക്രിയയിൽ ഓർത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച് വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവർ പങ്കെടുക്കും. യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് ട്രസ്റ്റി, സെക്രട്ടറി എന്നിവർ പങ്കെടുക്കും. ലിസ്റ്റ് ഉണ്ടാക്കി സാധനങ്ങൾ കൈമാറുന്നതിന് തിരുവല്ല സബ്കളക്ടറെ ചുമതലപ്പെടുത്തി.

യാക്കോബായ വിഭാഗത്തിലെ വ്യക്തികളുടെ സംസ്‌കാര ചടങ്ങുകളിൽ വിശ്വാസികളായ 35 പേർക്ക് പങ്കെടുക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പള്ളി നിൽക്കുന്ന ഭൂമിയുടെ റീസർവെയിൽ അപാകതയുണ്ടോ എന്ന വിഷയം സമയബന്ധിതമായി പരിഹരിക്കുന്നതാണെന്നും തുടർനടപടിക്കായി ഭൂരേഖാ തഹസീൽദാരുമായി ബന്ധപ്പെടണമെന്നും കളക്ടർ നിർദേശിച്ചു.

ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, തിരുവല്ല സബ് കളക്ടർ ഡോ: വിനയ് ഗോയൽ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ്, തിരുവല്ല ഡിവൈഎസ്‌പി ജെ ഉമേഷ് കുമാർ, നിരണം ഭദ്രാസന മെത്രാപൊലീത്ത ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാ.എബി സി മാത്യു, പള്ളി ട്രസ്റ്റി തോമസ് മാത്യു, ഫാ.റെജി മാത്യു, തോമസ് മാത്യു, മാത്യു പി.ചെറിയാൻ, പിജെ കുര്യാക്കോസ്, ഇൻസ്‌പെക്ടർ പൊലീസ് പിആർ സന്തോഷ്, പെരിങ്ങര വില്ലേജ് ഓഫീസർ വിആർ ശ്രീലത, തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP