Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

സാധാരണക്കാർക്ക് ചികിത്സ ലഭ്യമാകേണ്ടത് കുറഞ്ഞ ചെലവിൽ; എല്ലാ ആയുഷ് വിഭാഗങ്ങളേയും വികസിപ്പിക്കും; എല്ലാ ചികിത്സാ ശാഖകളേയും ഒരുപോലെ അഭിവൃദ്ധിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

സാധാരണക്കാർക്ക് ചികിത്സ ലഭ്യമാകേണ്ടത് കുറഞ്ഞ ചെലവിൽ; എല്ലാ ആയുഷ് വിഭാഗങ്ങളേയും വികസിപ്പിക്കും; എല്ലാ ചികിത്സാ ശാഖകളേയും ഒരുപോലെ അഭിവൃദ്ധിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏതെങ്കിലും ഒരു പ്രത്യേകമേഖല പ്രാധാന്യമാണെന്ന ഒരു നിലപാടല്ല സ്വീകരിക്കേണ്ടതെന്നും എല്ലാ ചികിത്സാ ശാഖകളേയും ഒരുപോലെ അഭിവൃദ്ധിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികൾക്ക് ഏത് ചികിത്സാ രീതിയാണോ വേണ്ടത് അവരുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കണം. ലോകത്ത് ചിലയിടങ്ങളിൽ ആ രാജ്യത്തെ പാരമ്പര്യ ചികിത്സയും മോഡേൺ മെഡിസിനും ഒന്നിച്ച് ഒരു സ്ഥാപനത്തിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് പരസ്പര ശത്രുതയില്ല. ചില രോഗങ്ങൾക്ക് മോഡേൺ ചികിത്സയേക്കാൾ പാരമ്പര്യ വൈദ്യമായിരിക്കും ഫലപ്രദം. മറ്റുചില രോഗങ്ങൾക്ക് മോഡേൺ മെഡിസിനായിരിക്കും ഫലപ്രദം. ഇത്തരത്തിൽ സഹകരിച്ച് കാര്യങ്ങൾ നീക്കുന്നനില ചില രാജ്യങ്ങൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ നാട്ടിൽ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചികിത്സിക്കാൻ ആവശ്യമായ കാശില്ലാത്തതുകൊണ്ട് ചികിത്സിക്കാത്തവർ ചിലരെങ്കിലും നാട്ടിലുണ്ട്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ അത് ആയുർവേദമായാലും അലോപ്പതിയായാലും ഹോമിയോയാലും മറ്റേതൊരു ചികിത്സയായാലും ലഭ്യമാക്കാനാണ് ശ്രമിക്കേണ്ടത്. ഇതുകൊണ്ടു തന്നെയാണ് ആരോഗ്യ രംഗത്ത് നമ്മുടെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും നല്ല അംഗീകാരം ലഭിച്ചത്. സേവന മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. അത്തരം നീക്കങ്ങൾക്കിടയിലാണ് ആരോഗ്യ മേഖലയിൽ ജനകീയ ബദൽ സൃഷ്ടിക്കുന്നതിന് ശ്രമിക്കുന്നത്. ഇതിൽ നല്ലരീതിയിൽ മുന്നേറാൻ കഴിയും. അതിനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ ആർദ്രം മിഷൻ കൂടുതൽ മെച്ചപ്പെട്ട സംഭാവനകൾ നൽകിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗ നിർണയത്തിലും ചികിത്സയ്ക്കും ആയുർവേദം സുപ്രധാന പങ്കാണ് വഹിക്കുന്നത്. എല്ലാ ആയുഷ് ചികിത്സാ വിഭാഗങ്ങളേയും വികസിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയുഷ് രംഗത്തെ മികച്ച ഗവേഷണ പരീക്ഷണങ്ങൾക്കാണ് ഇന്റർനാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. പാരമ്പര്യ അറിവുകൾ സംരക്ഷിക്കാനും മികച്ച ഗവേഷണം നടത്താനും ആയുഷ് മേഖലയിൽ വലിയ പുരോഗതി കൈവരിക്കാനും ഇതിലൂടെ സാധിക്കുന്നു.

അന്തർദേശീയ ആയുഷ് കോൺക്ലേവ് ഒരു വലിയ വിജയമായിരുന്നു. ഈ രംഗത്തെ അപാര സാധ്യത ഉപയോഗപ്പെടുത്താൻ ആയുഷ് മേഖലയ്ക്കാവണം. ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് ഈ വിഭാഗങ്ങൾ മാറേണ്ടതുണ്ട്. പാരമ്പര്യ ചികിത്സയുമായി കോർത്തിണക്കി ആയുഷ് ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം. കേരളത്തിലെ ആയുർവേദ ചികിത്സ തേടി നിരവധി വിദേശികളാണെത്തുന്നത്. എന്നാൽ ഈ മേഖലയിലെ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


ആദ്യ അന്തർദേശിയ ആയുഷ് കോൺക്ലേവ് വൻ വിജയമായ സാഹചര്യത്തിൽ തുടർന്നും ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സർക്കാർ മേഖലയോടൊപ്പം സ്വകാര്യ മേഖലയുടെ സഹകരണം കൂടിയാണ് വിജയത്തിന് പിന്നിൽ. 30ലേറെ വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുത്ത് പല സംരഭങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. അവയെല്ലാം വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയിച്ച മികച്ച പദ്ധതികൾ സംസ്ഥാന വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി വി എസ്. സുനിൽ കുമാർ, എംഎ‍ൽഎ.മാരായ ഒ. രാജഗോപാൽ, ഐ.ബി. സതീഷ്, ആരോഗ്യ, ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ഹോമിയോപ്പതി ഡയറക്ടർ ഡോ. ജമുന, ഐ.എസ്.എം. ഡയറക്ടർ ഡോ. അനിത ജേക്കബ്, ഡി.എ.എം.ഇ. ഡോ. സി. ഉഷ കുമാരി, പ്രിൻസിപ്പൽ & കൺട്രോളിങ് ഓഫീസർ ഹോമിയോ ഡോ. സുനിൽരാജ്, നാം സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സുഭാഷ്, ഡോ. ജയനാരായണൻ എന്നിവർ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പദ്ധതികൾക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ഏറ്റവും മികച്ച പദ്ധതിയായി തെരഞ്ഞെടുത്തത് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിനെയാണ്. കോഴിക്കോട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ഹരികിരണം, തിരുവനന്തപുരം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജ്യോതിർഗമയ ബാല്യം എന്നീ പദ്ധതികൾ രണ്ടാം സമ്മാനം നേടി. ആലപ്പുഴ കുമാരപുരം ഗ്രാമ പഞ്ചായത്തിന്റെ വിഷൻ 2019, വയനാട് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ സാന്ത്വന ഹൃദയം എന്നിവ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി.

ആയുഷ് വിദ്യാഭ്യാസ എക്സ്പോയിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ വിദ്യാധിരാജ ഹോമിയോ മെഡിക്കൽ കോളേജിനും രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ആയുർവേദ കോളേജിനും മൂന്നാം സമ്മാനം നേടിയ പറശിനിക്കടവ് എം വിആർ. മെമോറിയൽ മെഡിക്കൽ കോളേജിനും മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP