Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചർച്ചകളെല്ലാം കഴിഞ്ഞു: പിടിഎ റഹീം എംഎൽഎയുടെ നാഷണൽ സെക്യുലർ കോൺഫറൻസ് ഐഎൻഎല്ലിൽ ലയിക്കുന്നു; ലയന സമ്മേളനം അടുത്ത മാസം കോഴിക്കോട്; ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 13 ന്

ചർച്ചകളെല്ലാം കഴിഞ്ഞു: പിടിഎ റഹീം എംഎൽഎയുടെ നാഷണൽ സെക്യുലർ കോൺഫറൻസ് ഐഎൻഎല്ലിൽ ലയിക്കുന്നു; ലയന സമ്മേളനം അടുത്ത മാസം കോഴിക്കോട്; ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 13 ന്

കെ വി നിരഞ്ജൻ

കോഴിക്കോട്: മാസങ്ങളായി നീണ്ടു നിന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം പി.ടി.എ റഹീം എം എൽ എയുടെ നേതൃത്വത്തിലുള്ള നാഷണൽ സെക്യുലർ കോൺഫറൻസ് (എൻ എസ് സി) ഐ എൻ എല്ലിൽ ലയിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. മാർച്ചിൽ കോഴിക്കോട്ട് ലയന സമ്മേളനം നടത്താൻ കോഴിക്കോട് നടന്ന ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 13 ന് ഇക്കാര്യങ്ങളെ സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തി അറിയിക്കും. ലയനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും 13 ന് ഹോട്ടൽ മലബാർ പാലസിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ വെച്ച് നടത്തുമെന്ന് ഐ എൻ എൽ നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു പാർട്ടി നേതാക്കളും തമ്മിൽ പല തവണയാണ് ചർച്ചകൾ നടന്നത്. ഈ ചർച്ചകൾക്കൊടുവിലാണ് ലയനം സംബന്ധിച്ച വ്യക്തത കൈവന്നത്. ഇരുപാർട്ടിയിലെയും നേതാക്കൾ തമ്മിലുണ്ടായ ധാരണ പ്രകാരം നാഷണൽ സെക്യുലർ കോൺഫറൻസിന് മൂന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹിത്വവും മൂന്ന് സസ്ഥാന ഭാരവാഹിത്വവും നൽകും. ഇത് ആരെല്ലാമെന്ന് നാഷണൽ സെക്യുലർ കോൺഫറൻസ് നേതൃത്വം ചർച്ച ചെയ്ത് തീരമാനിക്കും.

ഇടതു മുന്നണി നേതാക്കളുടെയും പ്രത്യേകിച്ച് സി പി എമ്മിന്റെയും താത്പര്യപ്രകാരമാണ് ലയനത്തിന് വഴിയൊരുങ്ങിയത്. മുന്നണിയിലെ ചെറു പാർട്ടികൾ ലയിച്ച് ഒരു പാർട്ടിയായി നിൽക്കുന്നതിനോടാണ് സി പി എമ്മിന് താത്പര്യം. മുന്നണിക്ക് പുറത്ത് നിന്നിരുന്ന ഐ എൻ എല്ലിൽ നിന്ന് വലിയ തോതിൽ പ്രവർത്തകർ ഇതിനകം കൊഴിഞ്ഞുപോയിട്ടുണ്ട്. അടുത്തിടെ ഐ എൻ എൽ ഡെമോക്രാറ്റിക് എന്ന പേരിൽ മറ്റൊരു പാർട്ടിയും രൂപീകരിച്ചു. ഈ സാഹചര്യത്തിൽ മുന്നണി പ്രവേശനം സാധ്യമാക്കിയ ഐ എൻ എല്ലിന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമാണ് ലയന സമ്മേളനം. അതുകൊണ്ട് തന്നെ വലിയ തോതിലുള്ള പ്രവർത്തക പങ്കാളിത്വത്തോടെ എൽ ഡി എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ മാർച്ച് ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന ലയന സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടിയിപ്പോൾ.

ഒരേ ആശയത്തിന് വേണ്ടി ഒന്നിലേറെ സംഘടനകൾ ആവശ്യമില്ലെന്നതിനാലാണ് ലയിക്കാൻ തീരുമാനിച്ചതെന്ന് പി ടി എ റഹീം എം എൽ എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 1994 ലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ഐ എൻ എൽ രൂപീകരിച്ചത്. മുസ്ലിം ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞെത്തിയ പി ടി എ റഹീമിന്റെ ലീഗ് റഹീം വിഭാഗവും ഐ എൻ എല്ലിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഐ എൻ എൽ സെക്യുലറും ചേർന്ന് 2010 ലാണ് നാഷണൽ സെക്യുലർ കോൺഫറൻസ് രൂപീകരിച്ചത്. ഇരുപാർട്ടികളും ഒന്നിക്കുമ്പോൾ അത് പഴയ സഹപ്രവർത്തകരുടെ ഒന്നിക്കലായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP