Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ എസ്‌ഐയെ അക്രമിച്ച പ്രതികൾക്ക് ജാമ്യമില്ല; കുറ്റം ഗൗരവമേറിയത് എന്ന് കോടതി; അപേക്ഷ തള്ളി ജില്ലാ സെഷൻസ് കോടതി

ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ എസ്‌ഐയെ അക്രമിച്ച പ്രതികൾക്ക് ജാമ്യമില്ല; കുറ്റം ഗൗരവമേറിയത് എന്ന് കോടതി; അപേക്ഷ തള്ളി ജില്ലാ സെഷൻസ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിനിടെ നെടുമങ്ങാട് എസ്‌ഐക്കും പൊലീസുകാർക്കും പരിക്കേറ്റ കേസിൽ റിമാന്റിൽ കഴിയുന്ന രണ്ട് പേരുടെ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. കേസ് ഡയറി പരിശോധിച്ചതിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. പ്രതികൾക്കെതിരായ കുറ്റാരോപണം ഗൗരവമേറിയതാണ്.

മെസിക്കൽ രേഖകൾ പരിശോധിച്ചതിൽ എസ് ഐക്കും പൊലീസുകാർക്കും സംഭവത്തിൽ വച്ച് പരിക്കേറ്റതായി കാണുന്നു. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ജഡ്ജി കെ. ബാബു ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാരംഭ ദിശയിലാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യ ഹർജിയെ പബ്ലിക് പ്രോസിക്യൂട്ടർ ശക്തമായി എതിർത്തിരുന്നു.

ജനുവരി 3 ന് രാവിലെ11. 20 ന് നടന്നുവെന്ന സംഭവത്തിന് ഉച്ചക്ക് 1.30 നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും എന്നാൽ കഷ്ടിച്ച് 100 മീറ്റർ അകലം ഉള്ള കോടതിയിൽ പതിനാലാം പ്രതി അഭിരാമിനെ അറസ്റ്റ് ചെയ്ത ശേഷം നാലാം തീയതി ഉച്ചതിരിഞ്ഞ് 2 മണിക്കാണ് ഹാജരാക്കിയതെന്ന പ്രതിഭാഗം വാദം കോടതി തള്ളി. അഭിരാം നല്ല മാർക്കോടെ പഠിക്കുന്ന വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.

ഒന്നാം പ്രതിയും മറ്റുള്ളവരുമാണ് കൃത്യങ്ങൾ ചെയ്തതായി പറയുന്നതെന്നും തങ്ങൾക്കെതിരെ സംഭവസ്ഥലത്ത് വച്ച് ഒരു കോൺസ്റ്റബിളിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണമല്ലാ തങ്ങൾ പരസ്യമായി എന്തെങ്കിലും കൃത്യങ്ങൾ ചെയ്തതായി റിമാന്റ് റിപ്പോർട്ടിലോ എഫ്.ഐ.ആറിലോ യാതൊരു വിവരണവുമില്ലെന്ന വാദവും കോടതി സ്വീകരിച്ചില്ല. അഭിരാമിന് ശ്വാസകോശ - കുടൽ രോഗങ്ങൾക്ക് ചികിത്സ നടന്നു വരുന്നതായും നെടുമങ്ങാട് മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം ജയിലധികൃതർ ആശുപത്രിയിൽ വൈദ്യസഹായം നൽകുന്നതായ രേഖകൾ ഹാജരാക്കിയിട്ടും സെഷൻസ് കോടതി അവയൊന്നും പരിഗണിച്ചില്ല.

കേസിലെ പത്തും പതിനാലും പ്രതികളായ ആനാട് ഇരിയനാട് പഴവിള പുത്തൻവീട്ടിൽ കൃഷ്ണപിള്ള മകൻ സച്ചു എന്ന യദുകൃഷ്ണൻ ( 25 ) , തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ: പോളിടെക്‌നിക് വിദ്യാർത്ഥിയും കരിപ്പൂർ വില്ലേജിൽ വാണ്ട മിനി ഓഡിറ്റോറിയത്തിന് സമീപം ആദിത്യ ഭവനിൽ അശോകൻ നായർ മകൻ അഭിരാം (19 ) എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.

ജനുവരി 3 ന് പകൽ 11.20 നാണ് കേസിനാസ്പമായ സംഭവം നടന്നത്. ഹർത്താൽ ദിനത്തിൽ ആനാട് ബാങ്ക് ജംഗ്ഷനിൽ തുറന്ന് പ്രവർത്തിച്ച സ്വകാര്യ ബാങ്ക് അടപ്പിക്കാൻ ഹർത്താലനുകൂലികൾ ശ്രമിച്ചത് സംഘർഷത്തിനിടയായി. ഇതറിഞ്ഞ് നെടുമങ്ങാട് ക്രൈം എസ്. ഐ . സുനിൽ ഗോപിയും പൊലീസ് പാർട്ടിയും സ്ഥലത്തെത്തി ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പതിനാല് പ്രതികൾ ന്യായവിരോധമായി സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് പൊതുസേവകരായ പൊലീസ് സംഘത്തിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും എസ്‌ഐയെയും സംഘത്തെയും അസഭ്യം വിളിക്കുകയും ഔദ്യോഗിക കർത്തവ്യത്തിൽ നിന്ന് പിന്തിരിയുവാൻ ബലപ്രയോഗവും കഠിന ദേഹോപദ്രവവും ഏൽപ്പിച്ച് വധശ്രമം നടത്തിയതായും പൊലീസ് കൺട്രോൾ റൂം ജീപ്പിന് പത്തൊമ്പതിനായിരം രൂപയുടെ നാശനഷ്ടം വരുത്തി പൊതു മുതൽ നശിപ്പിച്ചുവെന്നുമാണ് കേസ്. സംഭവത്തിൽ എസ് ഐ യുടെ വലത്തേ കൈ ഒടിയുകയും കെ.എ. പി. ബറ്റാലിയൻ പൊലീസുകാരായ ജോബിൻ , അഖിൽ , നദീർ , അനൂപ് , ആഷിക് എന്നിവർക്ക് പരിക്കുകളും ഏറ്റിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP