Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈയേറ്റം വ്യാപകമായതോടെ നീർച്ചാലായി കനോലി കനാൽ; ചാവക്കാട് താലൂക്കിൽ മാത്രം കൈയേറിയിട്ടുള്ളത് 5.454 ഹെക്ടർ; സർക്കാർ തലങ്ങളിൽ കനാലിനെ സംരക്ഷിക്കാൻ ഇതുവരെ യാതൊന്നും നടന്നില്ല

കൈയേറ്റം വ്യാപകമായതോടെ നീർച്ചാലായി കനോലി കനാൽ; ചാവക്കാട് താലൂക്കിൽ മാത്രം കൈയേറിയിട്ടുള്ളത് 5.454 ഹെക്ടർ; സർക്കാർ തലങ്ങളിൽ കനാലിനെ സംരക്ഷിക്കാൻ ഇതുവരെ യാതൊന്നും നടന്നില്ല

കെ എം അക്‌ബർ

ചാവക്കാട്: കൈയേറ്റം വ്യാപകമായതോടെ കനോലി കനാൽ നീർച്ചാൽ മാത്രമായി. ചാവക്കാട് താലൂക്കിൽ മാത്രം 11 വില്ലേജുകളിലായി 5.454 ഹെക്ടർ കനോലി കനാൽ തീരമാണ് കൈയേറിയിട്ടുള്ളത്. നേരത്തെ റവന്യൂവകുപ്പ് നടത്തിയ സർവേയിൽ ചെറുതും വലുതുമായ 300ഓളം കൈയേറ്റങ്ങൾ കണ്ടെത്തിയിരുന്നു. കൈയേറ്റവും മലിനീകരണവും മൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കനോലികനാലിനെ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഇപ്പോഴും കൈയേറ്റം തുടരുകയാണ്. ചാവക്കാട് താലൂക്കിൽ ഏറ്റവും കൂടുതൽ കൈയേറ്റം നടന്നിട്ടുള്ളത് ഏങ്ങണ്ടിയൂർ വില്ലേജിലാണ്. 80 ഇടങ്ങളിലായി 2.50 ഹെക്ടറാണ് ഇവിടുത്തെ കൈയേറ്റം.

നാട്ടിക വില്ലേജിൽ 70 ഇടങ്ങളിൽ ഒരു ഹെക്ടർ കൈയേറിയപ്പോൾ ഒരുമനയൂർ വില്ലേജിൽ 40 ഇടങ്ങളിലായി 0.4667 ഹെക്ടറർ കനോനി കനാൽ തീരം സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിട്ടുണ്ട്. മണത്തല വില്ലേജിലും വ്യാപകമായ കൈയേറ്റമാണ് നടന്നിട്ടുണ്ട്. കനാലിന്റെ വളവുകൾക്ക് കുറുകെ ചെങ്കൽ മതിൽ കെട്ടിത്തിരിച്ച് ഇവിടെ മണ്ണിട്ട് നികത്തിയെടുത്താണ് കൈയേറ്റം. ഇത്തരത്തിൽ വ്യാപക കൈയേറ്റമാണ് നടന്നിട്ടുള്ളത്. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്ന വേളയിൽ കനോലി കനാൽ തീരങ്ങളിലെ കൈയേറ്റവും ഒഴിപ്പിക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

കൈയേറ്റത്തിനെതിരേ ഒരു നടപടിയും റവന്യൂ വകുപ്പിനോ ഇറിഗേഷൻ വകുപ്പോ സ്വീകരിച്ചിട്ടില്ല. റവന്യൂവകുപ്പും ജലസേചനവകുപ്പും സംയുക്തമായി പരിശോധന നടത്തിയാൽ കനോലി കനാലിലെ കൈയേറ്റ പ്രദേശങ്ങൾ കണ്ടെത്തി ഇവ ഒഴിപ്പിക്കാൻ കഴിയുമെങ്കിലും ഇതുവരെ അത്തരം നടപടികളും ഉണ്ടായിട്ടില്ല. കൈയേറ്റവും മലിനീകരണവും മൂലം അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കനോലികനാലിനെ വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമായതോടെ സന്നദ്ധ സംഘടന പ്രവർത്തകരടക്കമുള്ളവർ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും സർക്കാർ തലങ്ങളിൽ യാതൊന്നും നടന്നിട്ടില്ല.

അണ്ടത്തോട് മുതൽ കൊടുങ്ങല്ലൂർ കോട്ടപ്പുറം വരെയുള്ള 68 കിലോമീറ്റർ ദൂരം ജലപാത ക്രമീകരിക്കാൻ 15 വർഷംമുമ്പ് സംസ്ഥാന സർക്കാർ 77 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാറിന് സമർപ്പിച്ചെങ്കിലും നടപടികളുണ്ടായില്ല. പൊന്നാനി-കൊച്ചി കായലിന്റെ അണ്ടത്തോട് മുതൽ കോട്ടപ്പുറം വരെയുള്ള കൊടുങ്ങല്ലൂർ-ചാവക്കാട് താലൂക്കുകളുടെ ഭാഗമായ കനാൽഭാഗങ്ങൾ ഏറെ ശോഷിച്ചുകഴിഞ്ഞു. നൂറുമീറ്ററിലേറെ വീതിയുണ്ടായിരുന്ന കനോലി കനാൽ വ്യാപക കൈയേറ്റത്തെത്തുടർന്ന് ഇപ്പോൾ പലയിടങ്ങളിലും മീറ്ററുകൾ മാത്രമാണ് വീതി. മലബാർ ജില്ലാ കലക്ടറായിരുന്ന എച്ച് വി കനോലിയാണ് കാനോലി കനാലിന്റെ ശിൽപ്പി.

1845 ലാണ് കനാലിന്റെ രൂപരേഖ അന്നത്തെ മദ്രാസ് ഗവൺമെന്റിന് സമർപ്പിച്ചത്. 1846ൽ ഇതനുവദിച്ച് ഉത്തരവായി. ആദ്യഘട്ടത്തിൽ ഏലത്തൂർ പുഴയെ കല്ലായി പുഴയോടും കല്ലായി പുഴയെ ബേപ്പൂർ പുഴയോടും ബന്ധിപ്പിച്ചു. 1848ൽ ഒന്നാം ഘട്ടം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ പൊന്നാനി, ചാവക്കാട് ഭാഗങ്ങളെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും സംയോജിപ്പിക്കുന്ന കനാലുകൾ നിർമ്മിച്ചു. കാനോലി സായിപ്പിന്റെ മരണത്തെത്തുടർന്ന് കനാലിന്റെ നിർമ്മാണം നിലച്ചെങ്കിലും പിന്നീട് വന്ന കലക്ടർ റോബിൻസനാണ് 1850ൽ പണി പൂർത്തീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP