Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിത മതിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്ന് ഡോ. മീനാക്ഷി ഗോപിനാഥ്; ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതിയെക്കുറിച്ചുള്ള നാല് ദിവസത്തെ ശിൽപശാലയ്ക്ക് സെന്റ് തെരേസാസ് കോളേജിൽ തുടക്കം

വനിത മതിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്ന് ഡോ. മീനാക്ഷി ഗോപിനാഥ്; ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതിയെക്കുറിച്ചുള്ള നാല് ദിവസത്തെ ശിൽപശാലയ്ക്ക് സെന്റ് തെരേസാസ് കോളേജിൽ തുടക്കം

കൊച്ചി: ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീസമത്വം എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതിന് കേരളത്തിൽ ഈയിടെ സംഘടിപ്പിച്ച വനിതാ മതിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്ന് വിമെൻ ഇൻ സെക്യൂറിറ്റി, കോൺഫ്ളിക്റ്റ് മാനേജ്മെന്റമെന്റ് ആൻഡ് പീസ് (WISCOMP) സ്ഥാപകയും ഡയറക്ടറുമായ ഡോ. മീനാക്ഷി ഗോപിനാഥ് പറഞ്ഞു. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷൻ ഫോർ യൂണിവേഴ്സൽ റെസ്പോൺസിബിലിറ്റിയുടെ സംരംഭമായ വിസ്‌കോംപിന്റെ സഹകരണത്തോടെ സെന്റ് തെരേസാസ് കോളേജിൽ 'ജെൻഡർ ഇക്വിറ്റി ആൻഡ് ഇൻക്ലൂഷൻ: ട്രാൻസ്ഫോർമേറ്റിവ് പാത്വേസ് ഇൻ ഹയർ എഡ്യുക്കേഷൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ശിൽപശാലയുടെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ലിംഗനീതി ഉറപ്പുവരുത്തുവാൻ ആശയവിനിമയത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നത് അനിവാര്യമാണെന്നും അവർ പറഞ്ഞു. സ്ത്രീകൾ ഇരയെന്ന പദവിയിൽ നിന്നും പുറത്തുവരേണ്ടതുണ്ട്. സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ പാർശ്വവൽകൃതരുടെ വ്യക്തിത്വങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികളിലും സ്ത്രീകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചില പഴഞ്ചൻ ധാരണകൾ മാറ്റാൻ ജെൻഡർ ഓഡിറ്റ് അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജെൻഡർ ഓഡിറ്റിന് തയ്യാറാകണമെന്നും ഡോ. മീനാക്ഷി ഗോപിനാഥ് ആവശ്യപ്പെട്ടു.

മികച്ച നിലയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകളിൽ പലരും പിന്നീട് നിഷ്‌ക്രിയരാകുകയാണെന്ന് ചടങ്ങിൽ സംസാരിച്ച സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ വിനിത പറഞ്ഞു. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. ലോക ജനസംഖ്യയിൽ ഏതാണ്ട് തുല്യ നിരക്കിലുള്ള പുരുഷനും സ്ത്രീയും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് പരിഷ്‌കൃത സമൂഹം പൂർണമാകുന്നതെന്നും അവർ പറഞ്ഞു. സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. ലത നായർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് നടന്ന സെഷനുകളിൽ ഇന്ത്യയിലെ വനിതകളും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ഹ്യൂമൻ സയൻസസ് ഡീൻ ഡോ. കൃഷ്ണാ മേനോനും ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘടനാ മാറ്റങ്ങളെ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ഉപയോഗപ്രദമായ ഉപകരണമെന്ന നിലയിൽ ജെൻഡർ ഓഡിറ്റ് എന്ന വിഷയത്തിൽ കൊളംബിയ യൂണിവേഴ്സിറ്റിയിലെയും ഡ്രെക്സൽ യൂണിവേഴ്സിറ്റിയിലെയും പ്രൊഫസറായ ഡോ. ക്രിസ്റ്റി കെല്ലിയും പ്രഭാഷണം നടത്തി.

ഞായറാഴ്ച ഉച്ചയ്ക്ക് 2.15-ന് ബാറ്റ്ലിങ് ഇൻജസ്റ്റിസ്: ഡീമിസ്റ്റിഫൈയിങ് ദ ലോ ഫോർ വിമെൻ എന്ന വിഷയത്തിൽ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ വൃന്ദ ഗ്രോവർ പ്രഭാഷണം നടത്തും. ഡൽഹിയിലെ യുഎസ് എംബസിയിലെ പബ്ലിക് അഫേഴ്സ് സെക്ഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഹംസ: കാമ്പസ് ഇക്വിറ്റി ഇനീഷ്യേറ്റിവ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP