Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമപ്രവർത്തകനേയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ; പൊലീസ് പ്രതിയെ പിടികൂടിയത് ഡൽഹിയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ; ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ബിലാനിനെ കണ്ണൂരിലെത്തിച്ചു

മാധ്യമപ്രവർത്തകനേയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ; പൊലീസ് പ്രതിയെ പിടികൂടിയത് ഡൽഹിയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ; ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ബിലാനിനെ കണ്ണൂരിലെത്തിച്ചു

രഞ്ജിത്ത് ബാബു

കണ്ണൂർ: ഉരുവച്ചാലിൽ വീടിന്റെ വാതിൽ തകർത്ത് മാധ്യമപ്രവർത്തകനായ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ബംഗ്ളാദേശ് സ്വദേശി മുഹമ്മദ് ബിലാനിനെ ( 42) കണ്ണൂരിലെത്തിച്ചു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഡൽഹിയിലെ സീമാപുരയിൽ വച്ചാണ് സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

ഡൽഹിയിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഇയാൾ പിടിയിലായത്.കണ്ണൂർ ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഡൽഹി കേന്ദ്രീകരിച്ച സംഘത്തിന് മുഖ്യപ്രതി സീമാപുരയിലുള്ളതായി സൂചന ലഭിച്ചു. തുടർന്ന് പൊലീസ് സംഘം അങ്ങോട്ട് പുറപ്പെട്ടെങ്കിലും ഇയാൾ ട്രെയിനിൽ ഹൗറയിലേക്ക് തിരിക്കുകയായിരുന്നു. ഇതിനിടിയിൽ പൊലീസ് സംഘവും ട്രെയിനിൽ കയറി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

സെപ്റ്റംബർ ആറിന് പുലർച്ചെ 2.15നായിരുന്നു കവർച്ച. മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന കവർച്ചാ സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിത കുമാരിയെയും ആക്രമിച്ച് കെട്ടിയിട്ട ശേഷം പണവും സ്വർണവും എ.ടി.എം കാർഡും മറ്റും കവരുകയായിരുന്നു.ഇതര സംസ്ഥാനക്കാരായ നാലംഗ സംഘമാണ് കവർച്ചയ്ക്കുപിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് മുഖ്യപ്രതി പിടിയിലായത്ദമ്പതികളെ തലക്കും മുഖത്തും കഴുത്തിനും കവർച്ചാ സംഘം പരിക്കേൽപ്പിച്ചു. മുഖം മൂടി ധരിച്ച് ആയുധധാരികളായാണ് സംഘം കവർച്ചക്കെത്തിയത്.

ഒന്നര മണിക്ക് വീട്ടിൽ കയറിയ സംഘം മൂന്ന് മണി വരെ വീട്ടിൽ കഴിഞ്ഞു. അതിനിടെ സരിതയുടെ 30 പവൻ ആഭരണങ്ങളും 15,000 രൂപയും മൊബൈൽ ഫോണുകളും എ.ടി.എം. കാർഡുകളും കവർച്ച ചെയ്തു. കിടപ്പ് മുറിയിലെ അലമാരയിലാണ് ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നത്. ഹിന്ദി സംസാരിക്കുന്ന സംഘമാണ് കവർച്ചക്കാരെന്ന് വിനോദ് ചന്ദ്രൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ രണ്ട് മക്കളും കർണ്ണാടകത്തിൽ പഠനം നടത്തുന്നതിനാൽ വീട്ടിൽ ഈ ദമ്പതികൾ മാത്രമേയുള്ളൂ.

കവർച്ചാ സംഘം മടങ്ങിയതോടെ വിനോദ് ചന്ദ്രന്റെ ഭാര്യ സരിത കെട്ടഴിച്ച് മോചിതയായി. ശേഷം മാതൃഭൂമിയിൽ വിളിച്ചറിയിച്ചതോടെ സഹ പ്രവർത്തകരെത്തി ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ അടുത്ത വീട്ടിലും മോഷണം നടന്നിട്ടുണ്ട്. ഡോ. സോണിയയുടെ വീടായിരുന്നു അത്. അവിടെ താമസക്കാരാരുമില്ല. കണ്ണൂർ ഡി.വൈ. എസ്. പി. പി.പി. സദാനന്ദൻ, ടൗൺ സിഐ. ടി.കെ. രത്നകുമാർ, സിറ്റി സിഐ. മാരായ പ്രതീപ് കണ്ണിപ്പൊയിൽ, ശ്രീഹരി എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP