Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും അധികം ക്രൂയിസ് കപ്പലുകൾ എത്തിയതു കൊച്ചിയിൽ; കൊച്ചി കണ്ട് മടങ്ങിയത് ലോകമെമ്പാടുമുള്ള അതിസമ്പന്നരായ 50000 വ്യക്തികൾ; അവസരം മുതലെടുത്തു കൊച്ചിയിൽ ക്രൂയിസ് തുരങ്കം ഒരുക്കി സർക്കാർ

കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും അധികം ക്രൂയിസ് കപ്പലുകൾ എത്തിയതു കൊച്ചിയിൽ; കൊച്ചി കണ്ട് മടങ്ങിയത് ലോകമെമ്പാടുമുള്ള അതിസമ്പന്നരായ 50000 വ്യക്തികൾ; അവസരം മുതലെടുത്തു കൊച്ചിയിൽ ക്രൂയിസ് തുരങ്കം ഒരുക്കി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രാജ്യത്ത് ഏറ്റവുമധികം ക്രൂയിസ് കപ്പലുകൾ വന്ന തുറമുഖമായി കൊച്ചി മാറിയതോടെ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സർക്കാർ പദ്ധതി. ആഡംബര വിനോദ സഞ്ചാര കപ്പലുകൾക്കായി പുതിയ ടെർമിനൽ നിർമ്മിക്കാനാണ് സർക്കാർ ഒരുങ്ങുന്നുത്. ഇത് വരുന്നതോടെ ടൂറിസ്റ്റുകളുടെ വരവിൽ വൻ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുവഴി വർഷം 215 കോടി രീൂപയുടെ വരെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ടെർമിനൽ നിർമ്മാണത്തിന്റെ ഉദ്ഘാടനം ശനിയാഴ്‌ച്ച 3.30ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം നിർവ്വഹിക്കും. 2020 ഫെബ്രുവരിയോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

നടപ്പു സാമ്പത്തിക വർഷം 48 ക്രൂസ് വെസലുകൾ കൊച്ചി തുറമുഖം സന്ദർശിക്കും. ഏകദേശം 50,000 സഞ്ചാരികളും 25,000 കപ്പൽ ജീവനക്കാരും ഉൾപ്പെടെ 75,000 പേരെയാണു പ്രതീക്ഷിക്കുന്നത്. പോയ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ക്രൂസ് സഞ്ചാരികളെത്തിയതു കൊച്ചി തുറമുഖത്താണ്. മുംബൈയെ പിന്നിലാക്കിയാണു കൊച്ചി സഞ്ചാരികളുടെ ഇഷ്ട തുറമുഖമായത്. 2017 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് 31 വരെ കൊച്ചി തുറമുഖം സന്ദർശിച്ചതു 42 ക്രൂസ് ഷിപ്പുകൾ. 47,727 ടൂറിസ്റ്റുകളും 22,552 കപ്പൽ ജീവനക്കാരും ഉൾപ്പെടെ മൊത്തം യാത്രികരുടെ എണ്ണം 70,279.

ക്രൂസ് ടെർമിനൽ രണ്ടു വർഷത്തിനകം സജ്ജമാകുന്നതോടെ കൊച്ചിയിലെത്തുന്ന ക്രൂസ് ഷിപ്പുകളുടെ എണ്ണം വർധിക്കും. ചുരുങ്ങിയത് 60 കപ്പലുകളെങ്കിലും എത്തുമെന്നാണു പ്രതീക്ഷ. 75,000-80,000 ടൂറിസ്റ്റുകളും 30,000 ജീവനക്കാരും ഉൾപ്പെടെ ഒരു ലക്ഷത്തിലേറെപ്പേരാകും പ്രതിവർഷം തുറമുഖത്തെത്തുക. അതിസമ്പന്നരായ വിദേശ ക്രൂസ് ടൂറിസ്റ്റുകൾ ശരാശരി 400 ഡോളർ വീതം കേരളത്തിൽ ചെലവിടുമെന്നാണു കണക്കുകൾ; 200-215 കോടി രൂപ. കപ്പൽ ജീവനക്കാരും ആഭ്യന്തര ക്രൂസ് ടൂറിസ്റ്റുകളും ചെലവിടുന്ന തുക കൂടി ചേർത്താൽ ടൂറിസം ഖജനാവിലേക്കു കൂടുതൽ പണമെത്തും.

മിക്ക ക്രൂസ് വെസലുകളും ഇന്ത്യയിൽ ഒന്നിലേറെ തുറമുഖങ്ങൾ സന്ദർശിക്കാറുണ്ട്. പുതിയ ടെർമിനലും അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങുന്നതു കൊച്ചിയിലേക്കുള്ള ആഭ്യന്തര ക്രൂസ് ടൂറിസ്റ്റുകളുടെ വരവും വർധിപ്പിക്കും. ആഡംബരക്കപ്പലുകളിൽ മുംബൈയിൽ നിന്നു കൊച്ചിയിലേക്കോ തിരിച്ചോ ഒക്കെ യാത്ര ആസ്വദിക്കാനാകും.

തുറമുഖത്തു ക്രൂസ് ടെർമിനലായി ഉപയോഗിക്കുന്ന ബിടിപി ജെട്ടിയിൽ 260 മീറ്ററിലേറെ നീളമുള്ള വലിയ ക്രൂസ് ഷിപ്പുകൾ അടുപ്പിക്കാൻ കഴിയാത്തതിനാണ് എറണാകുളം വാർഫിൽ അവയ്ക്കു മാത്രമായി പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. ഒരേസമയം 5,000 ടൂറിസ്റ്റുകൾക്കുള്ള സൗകര്യങ്ങളുണ്ടാകും; 30 ഇമിഗ്രേഷൻ കൗണ്ടറുകളും എട്ടു കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകളും ഉൾപ്പെടെ. സഞ്ചാരികൾക്ക് ഏറെ സമയലാഭമുണ്ടാകുമെന്നതാണു നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP