Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായലിനും പുഴകൾക്കും സമീപമുള്ള നിർമ്മാണ പ്രവൃത്തികൾ തീരത്ത് നിന്നും 50 മീറ്റർ വീതിയിലായിരിക്കണമെന്നത് 20 മീറ്റർ ആയി ചുരുക്കി പുതിയ തീര പരിപാലന മേഖലാ വിജ്ഞാപനം; ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി കണ്ടൽക്കാട് മേഖലയിൽ പാർക്കുകളും മരം കൊണ്ടുള്ള കുടിലുകളും നിർമ്മിക്കാം; തീര മേഖലയിലെ നിർമ്മാണ പ്രവൃത്തികളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ പുത്തൻ ഇളവുകളിങ്ങനെ

കായലിനും പുഴകൾക്കും സമീപമുള്ള നിർമ്മാണ പ്രവൃത്തികൾ തീരത്ത് നിന്നും 50 മീറ്റർ വീതിയിലായിരിക്കണമെന്നത് 20 മീറ്റർ ആയി ചുരുക്കി പുതിയ തീര പരിപാലന മേഖലാ വിജ്ഞാപനം; ഇക്കോ ടൂറിസം പദ്ധതികളുടെ ഭാഗമായി കണ്ടൽക്കാട് മേഖലയിൽ പാർക്കുകളും മരം കൊണ്ടുള്ള കുടിലുകളും നിർമ്മിക്കാം; തീര മേഖലയിലെ നിർമ്മാണ പ്രവൃത്തികളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ പുത്തൻ ഇളവുകളിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: പുഴകളും കായലുകളുമടങ്ങുന്ന തീരപ്രദേശങ്ങളിലടക്കം നിർമ്മാണം നടത്തുന്നതിന് പ്രഖ്യാപിച്ചിരുന്ന വിലക്കുകളിൽ ഇളവുകൾ നൽകി പരിസ്ഥിതി മന്ത്രാലയം. ഇതോടെ മുൻപ് നിലനിന്നിരുന്ന നിർമ്മാണ പ്രവർത്തന രീതി തന്നെ ചിലയിടങ്ങളിൽ തുടരാം എന്ന സൂചന നൽകുന്നതാണ് പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം. സിആർഇസെഡ് രണ്ട്, മൂന്ന് വിഭാഗങ്ങളിൽ വരുന്ന വികസനപ്രവർത്തനങ്ങൾ വിലക്കിയിട്ടുള്ള മേലകളിൽ വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി റിസോർട്ട് പദ്ധതികൾ അടക്കമുള്ള ടൂറിസം പദ്ധതികൾ നടപ്പിലാക്കാനുള്ള അനുവാദം ലഭിക്കും. ഈ പട്ടികയിൽ ഒന്നാം നിരയിൽ വരുന്ന കണ്ടൽക്കാടകളിൽ മരം കൊണ്ടുള്ള കുടിലുകൾ, പാർക്കുകൾ തുടങ്ങിയവ ഇക്കോ ടൂറസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കാൻ അനുവാദമുണ്ട്.

മാത്രമല്ല വകുപ്പ് ഇറക്കിയ പുതിയ വിജ്ഞാപനത്തിൽ കാലാവസ്ഥാ വ്യതിയാനം, വനം,പരിസ്ഥിതി എന്നിവയെപറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1000 ചതുരശ്ര മീറ്റർ പ്രദേശത്ത് പരന്നുകിടക്കുന്ന കണ്ടൽക്കാടാണ് സി.ആർ.ഇസഡ് മൂന്ന് വിഭാഗത്തിൽപ്പെടുക. ഈ കണ്ടൽവനത്തിന് 50 മീറ്റർ സംരക്ഷിത മേഖലയുമുണ്ടായിരിക്കുമെന്നും ഇക്കോ ടൂറിസം, പൈപ്പ് ലൈൻ, കേബിൾ ലൈൻ, പ്രതിരോധാവശ്യത്തിനുള്ള പ്രവൃത്തികൾ എന്നിവ മാത്രമേ ഈ മേഖലയിലും മൂന്ന് എ യിൽ വരുന്ന ദേശീയ ഉദ്യാനങ്ങൾ, മറ്റ് അതീവ പരിസ്ഥിതിലോല മേഖലകൾ എന്നിവിടങ്ങളിലും അനുവദിക്കുകയുള്ളൂവെന്നും വിജ്ഞാപനത്തില് വ്യക്തമാക്കുന്നുണ്ട്.

വേലിയേറ്റരേഖയിൽനിന്ന് 500 മീറ്റർ വീതിയിലുള്ള സ്ഥലം തീരനിയന്ത്രണ മേഖലയായി തുടരും. നഗരപ്രദേശങ്ങൾ മുഴുവൻ സി.ആർ.ഇസഡ് രണ്ടിലാണ് പുതിയ വിജ്ഞാപനപ്രകാരം വരിക. ഇവിടെ 1994-ന് മുമ്പ് റോഡോ അംഗീകൃത കെട്ടിടങ്ങളോ ഉള്ള സ്ഥലംവരെ നിയന്ത്രിത നിർമ്മാണമാവാം. ഒൻപത് മീറ്ററിൽ കൂടുതൽ ഉയരത്തിലുള്ള കെട്ടിടങ്ങൾ സാധാരണനിലയിൽ അനുവദിക്കില്ല.പഞ്ചായത്ത് പ്രദേശങ്ങളെ ജനസംഖ്യാടിസ്ഥാനത്തിൽ മൂന്ന് എ, മൂന്ന് ബി എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ചതുരശ്ര കിലോ മീറ്ററിൽ 2061-ൽ കൂടുതൽ ജനസംഖ്യയുണ്ടെങ്കിൽ (2011 സെൻസസ്) മൂന്ന് എ യിൽ വരും. കുറവാണെങ്കിൽ ബി യിലും. ഈ മേഖലയിൽ നിർമ്മാണപ്രവൃത്തിക്ക് വൻ ഇളവാണ് പുതിയ വിജ്ഞാപനത്തിൽ. മൂന്ന് എ മേഖലയിൽ വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ കരയിൽ നിർമ്മാണങ്ങൾ പാടില്ലെന്നത് 50 മീറ്ററായി കുറയ്ക്കും.

300 ചതുരശ്ര മീറ്റർവരെയുള്ള ഗൃഹനിർമ്മാണത്തിന് കോസ്റ്റൽ മാനേജ്മെന്റ് അഥോറിറ്റിയുടെ അനുമതി ആവശ്യമില്ല. സി.ആർ.ഇസഡ് രണ്ട്, മൂന്ന് മേഖലകളിലെ ചട്ടഭേദഗതി തീരമേഖലാ നിയന്ത്രണ മാനേജ്മെന്റ് പ്ലാൻ അംഗീകരിച്ചാലേ പ്രാബല്യത്തിലാകൂ. നാട്ടുകാരുടെ അഭിപ്രായമാരാഞ്ഞ് അന്തിമ പ്ലാൻ വിജ്ഞാപനംചെയ്താലേ ഭേദഗതി നടപ്പാകൂ. അതുവരെ 200 മീറ്റർ എന്ന പരിധി നിലനിൽക്കും.കായലിലെ ദ്വീപുകളിലും പുഴകളിലെ തുരുത്തുകളിലും നിർമ്മാണപ്രവൃത്തി നിരോധനം തീരത്തുനിന്ന് 20 മീറ്റർ വീതിയിലായി കുറച്ചു. നേരത്തേ ഇത് 50 മീറ്ററായിരുന്നു. ലക്ഷദ്വീപിലെ നിർമ്മാണപ്രവൃത്തികൾക്ക് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച രൂപരേഖപോലെ ദ്വീപുകളിലെ നിർമ്മാണം സംബന്ധിച്ച് സംസ്ഥാനങ്ങൾ ചട്ടവും മാർഗരേഖയുമുണ്ടാക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിക്കുന്നു.

വൻതോതിൽ ഇളവുകൾ അനുവദിക്കുന്നതാണ് പുതിയ സി.ആർ.ഇസഡ് ചട്ടമെങ്കിലും ഇത് നടപ്പാകണമെങ്കിൽ പുതിയ വിജ്ഞാപനപ്രകാരമുള്ള തീരപരിപാലനമേഖലാ ഭൂപടം അംഗീകരിക്കണം. പൊതുജനങ്ങളുടെ അഭിപ്രായംകൂടി കേട്ടശേഷമെ ഇതിന് അംഗീകാരം ലഭിക്കൂ. 2011-ലെ തീരപരിപാലന മേഖലാ വിജ്ഞാപനമനുസരിച്ചുള്ള ഭൂപടം ഇനിയും അംഗീകരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP