Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

രാജീവ് രവിയുടെ തുറമുഖം സിനിമക്ക് നിദാനമായ ചരിത്ര സംഭവം പുസ്തകമാകുന്നു; മട്ടാഞ്ചേരി വെടിവെപ്പി​ന്റെ പിന്നാമ്പുറ രഹസ്യങ്ങളുമായി ‘അടയാളം’ വരുന്നു; അബ്​ദുല്ല മട്ടാഞ്ചേരി എഴുതിയ പുസ്​തകം സെപ്റ്റംബർ15ന്​ പ്രകാശനം ചെയ്യും

രാജീവ് രവിയുടെ തുറമുഖം സിനിമക്ക് നിദാനമായ ചരിത്ര സംഭവം പുസ്തകമാകുന്നു; മട്ടാഞ്ചേരി വെടിവെപ്പി​ന്റെ പിന്നാമ്പുറ രഹസ്യങ്ങളുമായി ‘അടയാളം’ വരുന്നു; അബ്​ദുല്ല മട്ടാഞ്ചേരി എഴുതിയ പുസ്​തകം സെപ്റ്റംബർ15ന്​ പ്രകാശനം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

മട്ടാഞ്ചേരിയിൽ 1953ൽ നടന്ന തൊഴിലാളി വിപ്ലവത്തി​ന്റെ അണിയറയിൽ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ അനാവരണം ചെയ്​തുകൊണ്ടുള്ള ച​രിത്രാന്വേഷണ പുസ്​തകം ‘അടയാളം’ വെളിച്ചം കാണുന്നു.​​ പത്രപ്രവർത്തകനും സമര സേനാനിയുടെ മകനുമായ അബ്​ദുല്ല മട്ടാഞ്ചേരി എഴുതിയ ‘അടയാളം’ എന്ന പുസ്​തകത്തിലൂടെയാണ്​ കാലം കാത്ത്​​വെച്ച ആ രഹസ്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നത്​. മട്ടാഞ്ചേരി വെടിവെപ്പി​ന്റെ 68മത്​ വാർഷികദിനമായ സെപ്​തംബർ 15ന്​ പുസ്​തകം പ്രകാശനം ചെയ്യും.

ഇവിടെ കത്തി നിന്ന കനലിനെ ഇത്​വരെ ചാരം കൊണ്ട്​ മൂടിയിടുകയായിരുന്നു. ആ കനലിൽ നിന്നുള്ള പ്രകാശരശ്​മികൾക്ക്​ പല ബിംബങ്ങളേയും ഭസ്​മീകരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. അത്​കൊണ്ട്​ തന്നെയാണ്​ തൊഴിലാളി വർഗ സമര ച​രിത്രങ്ങളിൽ സമാനതകളില്ലാ​ത്ത ആ വിപ്ലവത്തെ, ചരിത്ര രചനകളിൽ നിന്ന്​ ഇത്​വരെ മറച്ചുപിടിച്ചു​പോന്നത്​

1953ലെ മട്ടാഞ്ചേരി ​വെടിവെപ്പ്​ രക്​തപങ്കിലമായിരുന്നു. ആ തൊഴിലാളി മുന്നേറ്റം ദക്ഷിണേന്ത്യയുടെ സമരഭൂമികയിൽ സമാനതകളില്ലാത്തതാവാൻ കാരണം അതിലെ ബഹുജന പങ്കാളിത്വമായിരുന്നു. ആ സമരമുഖത്ത്​ അണിനിരന്നവരിൽ പുന്നപ്ര-വയലാർ, കയ്യൂർ, കരിവെള്ളൂർ സമരങ്ങൾ നയിച്ച്​ അനുഭവസമ്പത്ത്​ നേടിയവർവരെ ഉണ്ടായിരുന്നു. അവർക്ക്​ നേതൃത്വം നൽകാൻ കമ്യൂണിസ്​റ്റുകാരായ​ ടി.എം അബു, ജോർജ്​ ചടയംമുറി, പി. ഗംഗാധരൻ, കോ​ൺഗ്രസുകാരായ​ ​കെ.എച്ച്​ സുലൈമാൻ മാസ്​റ്റർ, എം.​കെ. രാഘവൻ വക്കീൽ, എ.എ കൊച്ചുണ്ണി മാസ്​റ്റർ, ജി.എസ്​ ധാരാസിങ്​, പി.എസ്​.പി ഭാരവാഹിയായിരുന്ന ടി.പി പീതാംബരൻ മാസ്​റ്റർ എന്നീ നേതാക്കളുണ്ടായിരുന്നു.

കാസർകോട്​ മുതൽ തിരുവനന്തപുരംവരെയുള്ള പ്രദേശങ്ങളിൽ നിന്ന്​ നിരവധി തൊഴിലാളികളാണ്​ അന്ന്​ കൊച്ചി തുറമുഖത്ത്​ ജോലി തേടി എത്തിയിരുന്നത്​. വിവിധ മേഖലകളിൽ തൊഴിലെടുത്തിരുന്ന ഇവരോടൊപ്പം ആന്ധ്രപ്രദേശിൽ നിന്നെത്തിയ കോക്കനാടന്മാർ, തമിഴ്​നാട്ടിൽ നിന്നെത്തിയ പാണ്ടികശാല തൊഴിലാളികൾ തുടങ്ങി ദക്ഷിണേന്ത്യയുടെ മൊത്തം പ്രാതിനിധ്യം അന്ന്​ ഇവിടെ സമ്മേളിച്ചിരുന്നു. മട്ടാഞ്ചേരിയിലെ തൊഴിലാളി വിപ്ലവം ഐതിഹാസികമായി വേറിട്ടുനിൽക്കാൻ കാരണവും വിവിധ ദേശക്കാരായ തൊഴിലാളികളുടെ ഈ വൈവിധ്യം തന്നെയായിരുന്നു.

നേർക്ക്​നേർ നടന്ന പോരാട്ടത്തിൽ സെയ്​ത്​, സെയ്​താലി എന്നീ തൊഴിലാളികൾ വെട​ിയേറ്റ്​ മരിച്ചു. ആൻറണിയെന്ന തൊഴിലാളി കസ്​റ്റഡിയിലെ മർദനം മൂലം വീട്ടിലെത്തിയശേഷം മരിച്ചുവീഴുകയും ചെയ്​തു. മൂന്ന്​പേർ രക്​തസാക്ഷികളാവുകയും ആയിരങ്ങൾ ജീവിക്കുന്ന രക്​തസാക്ഷികളാവുകയും ചെയ്​ത ഈ സമരത്തെ ഒറ്റുകൊടുത്തതും സമാനതകളില്ലാത്ത ചതി പ്രയോഗത്തിലൂടെയായിരുന്നു. സമരത്തെ മുന്നിൽ നിന്ന്​ നയിച്ചവരിൽ ചിലർക്ക്​ സംഭവിച്ച സാമ്പത്തിക അപഭ്രംശമാണ്​, നേതൃസ്​ഥാനത്ത്​ നിന്ന്​ ഒറ്റുകാരിലേക്കും അതുവഴി ചരിത്രത്തി​െൻറ ചവറ്റുകുട്ടയിലേക്കും അവരെ നയിച്ചത്​. അതിലൂടെ ലോകത്തിന്​ നഷ്​ടപ്പെട്ടത്​ തൊഴിലാളി വർഗ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒരദ്ധ്യായമായിരുന്നു.

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സ​മ്പ്രദായം അവസാനിപ്പിക്കണ​െമന്നാവശ്യപ്പെട്ട്​ തൊഴിലാളികൾ നടത്തിയ സമരത്തെ അത്​ നയിച്ചവരിൽ ചിലർ ചേർന്ന്​ വഴിതിരിച്ചുവിട്ട്​ സമ്പത്ത്​ നേടുന്ന കാഴ്​ചയാണ്​ ഇവിടെ കണ്ടത്​. തൊഴിലാളി-തൊഴിലുടമ ബന്ധംപോലെ പുതിയൊരു തൊഴിൽ സംസ്​കാരമാണ്​ വെടിവെപ്പാനന്തരം ഇവിടെ സംജാതമായത്​. ലോക ​െതാഴിലാളി സമര ച​രിത്രങ്ങളിൽ കേട്ടുകേഴ്​വി പോലുമില്ലാത്ത തരത്തിൽ സമരത്തിന്​ നേതൃത്വം നൽകിയ നേതാക്കളിൽ ഒരു വിഭാഗം ഇവിടെ തൊഴിലുടമകളായിത്തീർന്നു.

കങ്കാണിമാരിൽ നിന്ന്​ ചാപ്പയുടെ ഉടമസ്​ഥാവകാശം സ്വന്തമാക്കിയ ഈ നേതാക്കൾ കങ്കാണിമാരെക്കാൾ ക്രൂരമായ ചൂഷണം നടത്തുകയായിരുന്നു ഇവിടെ. കങ്കാണിമാർ അവരുടെ വീടിന്​ മുന്നിൽ എറിഞ്ഞിരുന്ന ചാപ്പ, പുതിയ കങ്കാണിമാരായെത്തിയ നേതാക്കൾ അവരുടെ യൂനിയൻ ഓഫീസ്​ വഴിയാണ്​ വിതരണം ചെയ്​തിരുന്നത്​. സാർവദേശീയ തൊഴിലാളിവർഗ സമരചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു ഇത്​. അത്​കൊണ്ട്​തന്നെ അത്​ പുറത്തറിയാൻ പാടില്ലാത്ത അണിയറ രഹസ്യമായിരുന്നു. അത്​കൊണ്ടാണ്​ ഹേയ്​ മാർക്കറ്റിനെപ്പോലെ ചുവന്നൊഴുകിയ മട്ട​ാഞ്ചേരിയുടെ ചരിത്രം ആർക്കൈവ്​സിൽ നിന്ന്​പോലും അപ്രത്യക്ഷമായത്​. ഇങ്ങനെ കുഴിച്ചുമൂടിയ ചരിത്രമാണ്​ മട്ടാഞ്ചേരിക്കാരനായ അബ്​ദുല്ല ‘അടയാളം’ എന്ന പുസ്​തകത്തിലൂടെ അനാവരണം ചെയ്യുന്നത്​.

പുസ്​തക പ്രകാശനത്തിനായി ജോൺ ഫെർണാണ്ടസ്​ എംഎൽഎ, എ.എ അബ്​ദുൽ അസീസ്​, മുകേഷ്​ ജെയിൻ, അലിസാർ ഷെരീഫ്​, ഫാ. റാഫി പര്യാത്തുശേരി, വി.എ എൻട്രീറ്റ, പത്​മനാഭ മല്യ തുടങ്ങിയവർ ചേർന്ന്​ സംഘാടക സമിതി രൂപവത്​കരിച്ചിട്ടുണ്ട്​. പ്രണതാ ബുക്​സാണ്​ പ്രസാധകർ. എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 100രൂപ വിലക്കാണ്​ ഈ പുസ്​തകം വിൽപനക്കെത്തുന്നത്​. അബ്​ദുല്ല മട്ടാഞ്ചേരി 1990ൽ മാധ്യമം പത്രത്തിലും 2018ൽ ഓൺലൈനിലും ഇത്​ സംബന്ധിച്ചെഴുതിയ ലേഖനത്തി​ന്റെ ​പ്ലോട്ട്​, ചിദംബരൻ മാസ്​റ്റർ മു​മ്പെഴുതിയ നാടകത്തോട്​ ചേർത്ത്​ സംവിധായകൻ രാജീവ്​രവി ‘തുറമുഖം’ എന്ന പേരിൽ സിനിമ എടുത്തിട്ടുണ്ട്​. അത്​ ഇത്​വരെ പുറത്തിറങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP