Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിച്ചാൽ സർക്കാർ നിയമക്കുരുക്കിലാകും; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമ്പോൾ വിസ്തൃതി 3200 ഹെക്ടറിൽ നിന്നും കുറയും; കയ്യേറ്റക്കാരെയും രക്ഷിച്ചെടുക്കാൻ നീക്കമെന്ന് ആരോപണം: ഉദ്യാനം പൂർണമായും സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വസിച്ച് പരിസ്ഥിതി സ്‌നേഹികളും

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിച്ചാൽ സർക്കാർ നിയമക്കുരുക്കിലാകും; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുമ്പോൾ വിസ്തൃതി 3200 ഹെക്ടറിൽ നിന്നും കുറയും; കയ്യേറ്റക്കാരെയും രക്ഷിച്ചെടുക്കാൻ നീക്കമെന്ന് ആരോപണം: ഉദ്യാനം പൂർണമായും സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കിൽ വിശ്വസിച്ച് പരിസ്ഥിതി സ്‌നേഹികളും

തൊടുപുഴ: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയിൽ ഒരുതരത്തിലുള്ള കുറവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. കുറിഞ്ഞി ഉദ്യാനം പൂർണമായും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതേസമയം ഉദ്യാനത്തിന്റെ നല്ലൊരു ശതമാനം സ്ഥലവും കൈയേറ്റക്കാരുടെ കൈയിലാണെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടുമോ എന്ന ആശങ്ക ശക്തമാണ്.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതു സംബന്ധിച്ചു രാഷ്ട്രീയ തീരുമാനം നടപ്പാക്കിയാൽ സംസ്ഥാന സർക്കാർ നിയമക്കുരുക്കിലാകുമെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പടെുന്നുണ്ട്. സർക്കാർ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളേറെയാണെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറിഞ്ഞി സങ്കേതത്തിന്റെ ചുമതലയുള്ള സെറ്റിൽമെന്റ് ഓഫിസർക്കും സർക്കാർ തീരുമാനം അതേപടി നടപ്പാക്കാനാകില്ലെന്നു നിയമരംഗത്തുള്ളവർ പറയുന്നു.

ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കാനും വിസ്തൃതി 3200 ഹെക്ടറായിത്തന്നെ നിലനിർത്താനുമാണ് ഈ മാസം 24നു ചേർന്ന മന്ത്രിസഭായോഗത്തിലെ തീരുമാനം. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ ഡ്രോൺ ഉപയോഗിച്ചു സമഗ്ര സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജൂണിനു മുൻപു സർവേ പൂർത്തിയാക്കണം. എന്നാൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

വട്ടവട പഞ്ചായത്തിലെ 3200 ഹെക്ടർ സ്ഥലത്താണു നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനം. പട്ടയമുള്ളവരെയും ഇല്ലാത്തവരെയും വേർതിരിക്കുകയെന്നതു സർക്കാരിനു മുന്നിലെ ശ്രമകരമായ ദൗത്യമാണ്. ഭൂരേഖകളുടെ പരിശോധന ആരംഭിക്കുമ്പോൾ ഹർത്താലുകളും സമരങ്ങളും നടത്തിയ ചരിത്രമാണു വട്ടവടയിലുള്ളത്. സർവേ ആരംഭിച്ചാൽ വീണ്ടും സമരങ്ങളുണ്ടാകുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കുണ്ട്. വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചാൽ, പിന്നെ സംസ്ഥാന സർക്കാരിനു മാത്രമായി അതിർത്തി പുനർനിർണയത്തിൽ തീരുമാനമെടുക്കാനാവില്ല. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ്, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് എന്നിവരുമായി അതിർത്തി പുനർനിർണയം സംബന്ധിച്ചു ചർച്ചചെയ്യണം. പിന്നീടു വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വിശദമായി പരിഗണിക്കണം. തുടർന്ന്, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് ഇതിന് അനുമതി നൽകണം.

നിർദിഷ്ട കുറിഞ്ഞി സങ്കേതമുൾപ്പെടുന്ന പ്രദേശത്തെ കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ 58, 62 ബ്ലോക്ക് നമ്പർ പ്രദേശങ്ങളിൽ ഭൂരിഭാഗവും കയ്യേറ്റക്കാരുടെ കയ്യിലാണെന്നാണ് ആരോപണം. ഈ ബ്ലോക്കുകളിലെ ജനവാസകേന്ദ്രങ്ങളെ സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാണു സർക്കാർ തീരുമാനം. ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്ന ഇടുക്കി എംപി ജോയ്‌സ് ജോർജ് ഉൾപ്പെടെയുള്ളവരുടെ ഭൂമി ഇവിടെയാണ്.

ജനവാസകേന്ദ്രങ്ങളെ സങ്കേതത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി, പകരം വട്ടവട വില്ലേജിലെ 60, 63 ബ്ലോക്കുകളിലെയും കൊട്ടാക്കമ്പൂരിലെ 59, 61 ബ്ലോക്കുകളിലെയും പ്രദേശങ്ങളെ സങ്കേതത്തിന്റെ ഭാഗമാക്കാനാണു സർക്കാർ ആലോചന. ഈ പ്രദേശങ്ങളിൽ ഏറിയപങ്കും കയ്യേറ്റക്കാരുടെ അധീനതയിലാണ്. ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറാണു കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഓഫിസർ. ഉദ്യാന അതിർത്തി പുനർനിർണയ വിഷയത്തിൽ നിയമപ്രകാരമേ അദ്ദേഹത്തിനു തീരുമാനമെടുക്കാനാവൂ.

അതേസമയം നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാന പുനർനിർണയത്തിന്റെപേരിലുള്ള വിവാദങ്ങളിൽ കാര്യമില്ലെന്നും കുറിഞ്ഞി സങ്കേതപ്രദേശത്ത് അനധികൃത കയ്യേറ്റങ്ങൾ അനുവദിക്കില്ലെന്നും വനം മന്ത്രി കെ.രാജു വ്യക്തമാക്കിയിട്ടുണ്ട്. നീലക്കുറിഞ്ഞി സങ്കേതം എന്തുവിലകൊടുത്തും നിലനിർത്തും. ഇതിനായി സെറ്റിൽമെന്റ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനവാസ മേഖലകൾ കണ്ടെത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഉദ്യാനപ്രദേശത്ത് താമസിക്കുന്നവരുടെ ഭൂരേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതു സെറ്റിൽമെന്റ് ഓഫിസറാണെന്നും മന്ത്രി അറിയിച്ചു.

അതിനിടെ നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ വിനോദ സഞ്ചാരികൾക്കായി മൂന്നാറിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ ജി.ആർ ഗോകുൽ അറിയിച്ചു. ഇതിനായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിൽ നടപ്പാക്കുന്ന ക്രമീകരണങ്ങളുടെ വിലയിരുത്തലിന് കളക്ടറേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് സഞ്ചാരികൾക്ക് ഏറ്റവും സുഗമമായി കുറിഞ്ഞിപൂക്കൾ കാണാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ യോഗത്തിൽ വിശദമായി ചർച്ചചെയ്തു കൂടുതൽ കുറ്റമറ്റതാക്കി. അടുത്തമാസം സംസ്ഥാനതലത്തിൽ യോഗം ചേർന്ന് ക്രമീകരണങ്ങളുടെ പുരോഗതി വിലയിരുത്തും. ജൂണിൽ ക്രമീകരണങ്ങളുടെ ട്രയൽ ആരംഭിക്കുമെന്നും കളക്ടർ പറഞ്ഞു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മാലിന്യനിർമ്മാർജനത്തിനും വൃത്തിയുള്ള ശൗചാലയ സൗകര്യം ഉറപ്പാക്കാനും പ്രധാന പരിഗണന നൽകും. മൂന്നാറിലൂടെയുള്ള സുഗമമായ സഞ്ചാരത്തിനും ഗതാഗത തടസ്സം ഒഴിവാക്കാനും പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കും. ഇവ പഞ്ചായത്ത്, ഡി.റ്റി.പി.സി എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിപ്പിക്കും. സഞ്ചാരികളുടെയും വാഹനങ്ങളുടെയും തിരക്ക് വിവരശേഖരണത്തിലൂടെ വിശകലനം ചെയ്ത് ഉചിത നടപടികളിലൂടെ നിയന്ത്രിക്കാൻ നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തും. റോഡ് സുരക്ഷ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. ഗതാഗത നിയന്ത്രണത്തിന് പൊലീസിനൊപ്പം ട്രാഫിക് വാർഡന്മാർ, സ്റ്റുഡന്റ്സ്, എൻ.ജി.ഒ. തുടങ്ങിയവയുടെ സഹകരണം തേടും.

എല്ലാ പാർക്കിങ് സ്ഥലത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഓട്ടോ, ടാക്സി പ്രീപെയ്ഡ് കൗണ്ടറുകളുമുണ്ടാകും. ദേശീയോദ്യാനത്തിനു പുറത്ത് കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ജീപ്പ് സർവീസുമുണ്ടാകും. ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്‌ക് ഫോഴ്സിനു രൂപംകൊടുക്കും.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP