Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലസ്ഥാനത്തു നിന്നും കൊല്ലം വഴിയുള്ള ഭീകരയാത്രയ്ക്ക് ഇനിയെങ്കിലും അന്ത്യമാകുമോ?ഉന്നത സമ്മർദം മൂലം നീണ്ടു നീണ്ടു പോയ ദേശീയപാത വികസനത്തിനു ഒടുവിൽ ഉത്തരവായി; 45 മീറ്റർ വീതിയിൽ തിരുവനന്തപുരം മുതൽ ഓച്ചിറ വരെ റോഡിന് വീതി കൂട്ടും

തലസ്ഥാനത്തു നിന്നും കൊല്ലം വഴിയുള്ള ഭീകരയാത്രയ്ക്ക് ഇനിയെങ്കിലും അന്ത്യമാകുമോ?ഉന്നത സമ്മർദം മൂലം നീണ്ടു നീണ്ടു പോയ ദേശീയപാത വികസനത്തിനു ഒടുവിൽ ഉത്തരവായി; 45 മീറ്റർ വീതിയിൽ തിരുവനന്തപുരം മുതൽ ഓച്ചിറ വരെ റോഡിന് വീതി കൂട്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് വസ്തു ഏറ്റെടുക്കൽ പ്രശ്‌നവുമായി ബന്ധപ്പെട്ട് ദീർഘനാളായി തുടരുന്ന തർക്കങ്ങളും പ്രതിഷേധങ്ങളും തുടരവേ തിരുവനന്തപുരം മുതൽ ഓച്ചിറ വരെയുള്ള ദേശീയപാത 45 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്നതിനുള്ള ത്രി എ വിജ്ഞാപനം പുറത്തിറക്കി ദേശീയപാത അഥോറിറ്റി. 21 ദിവസത്തിനുള്ളിൽ പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ചു ഭൂമി അളന്നു തിരിച്ച് ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കാണ് അടുത്ത ദിവസം മുതൽ തുടക്കമാകുക.

ഓച്ചിറ-തിരുവനന്തപുരം സെക്ഷൻ പരിധിയിൽ വരുന്ന തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മുതൽ കടമ്പട്ടുകോണം വരെയുള്ള 34.7 കിലോമീറ്റർ ഭാഗത്ത് 74.9776 ഹെക്ടർ സ്ഥലമാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നത്. ദേശീയപാതാ അഥോറിറ്റി നിയോഗിച്ച കൺസൾട്ടൻസി കണ്ടെത്തിയ സ്ഥലത്തിന്റെ സർവേ നമ്പരും സ്ഥലത്തിന്റെ തരം (സ്വകാര്യഭൂമി, സർക്കാർ ഭൂമി) സ്വഭാവം (നിലം, പുരയിടം), വിസ്തീർണം എന്നിവ പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം അളന്നു തിരിച്ച് കല്ലിടീൽ തുടങ്ങും.

പരസ്യപ്പെടുത്തിയ ഭൂമി സംബന്ധമായി ഉടമകൾക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ 21 ദിവസത്തിനുള്ളിൽ കാരണസഹിതം ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ സ്‌പെഷൽ ഡെപ്യൂട്ടി കളക്ടർ ദേശീയപാതാ (എൽഎ) വിഭാഗത്തിനോ സമർപ്പിക്കാം.സ്വന്തം നിലയിലോ അഭിഭാഷകൻ മുഖേനയോ പരാതിക്ക് ആധാരമായ കാര്യങ്ങൾ വിശദീകരിക്കാനുള്ള അവസരം നൽകും. വിശദീകരണം സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അധികാരം ബന്ധപ്പെട്ട അഥോറിറ്റിക്കാണ്. അടുത്ത ഘട്ടത്തിൽ 3 ഡി നോട്ടിഫിക്കേഷൻ നടത്തിയാണ് ഭൂമി ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കുന്ന സ്ഥലത്തിന് 2013-ൽ കേന്ദ്രസർക്കാർ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര നിയമപ്രകാരമായിരിക്കും പാക്കേജ് നടപ്പാക്കുക. സമീപകാലത്തു നടന്ന ഭൂമി രജിസ്‌ട്രേഷന്റെ ഉയർന്ന വിലയുടെ അടിസ്ഥാനത്തിൽ സ്ഥലത്തിനു വില നിശ്ചയിക്കും. വില നൽകാൻ വൈകിയാൽ ഏറ്റെടുത്ത ദിവസം മുതലുള്ള വിലയുടെ 12 ശതമാനം പലിശയും നൽകും. വസ്തുവിലുള്ള മരങ്ങൾക്കും മറ്റും പ്രത്യേക വില കണക്കാക്കും. കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് ബിൽഡിങ്‌സ് വിഭാഗമാണ് കണക്കാക്കുക. പുരാതന കെട്ടിടങ്ങൾക്ക് ഉയർന്ന വില ലഭിക്കും. ഏറ്റെടുത്ത സ്ഥലത്തിന്റെ വില നൽകലാണ് അടുത്ത ഘട്ടം.

എന്നാൽ വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. ദേശീയപാതയ്ക്ക് സമീപമായി നിലകൊള്ളുന്ന ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ എന്നിവ വസ്തു അളന്ന് തിട്ടപ്പെടുത്തിയ ഘട്ടത്തിൽ 45 മീറ്റർ പരിധിയിൽ എത്തിയിരുന്നു. അതിനാൽ തന്നെ മതവികരം വികാരം പൊട്ടിപ്പുറപ്പെടുന്ന കാരണത്താൽ ഏറ്റെടുക്കൽ നിർത്തിവെച്ചിരുന്നു. എൻ എച്ച് 47ന്റെ പരിധിയിൽ വരുന്ന ഓച്ചിറ മുതൽ തിരുവനന്തപുരം വരുന്ന സെക്ഷനുകളിൽ ക്ഷേത്രങ്ങൾ വിട്ടു നൽകില്ലെന്ന് പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദിയടക്കമുള്ള ഹൈന്ദവ സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഈ പ്രതിഷേധം മറികടന്നാണ് ഇപ്പോൾ ദേശീയപാത അഥോറിറ്റി വസ്തു ഏറ്റെടുത്ത് ദേശീയപാത വീതികൂട്ടാനൊരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP