Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലാഞ്ചിറ സ്റ്റേറ്റ് ബാങ്ക് കാർ വായ്പ തട്ടിപ്പ്: രേഖകളിൽ തിരിമറി നടത്തി വില കുറഞ്ഞ കാർ വാങ്ങി ബാക്കി തുക പോപ്പുലർ കമ്പനിയിൽ നിന്ന് റീ ഫണ്ട് വാങ്ങി വഞ്ചിച്ചു; ബാങ്ക് ബ്രാഞ്ച് മാനേജരും ഡെപ്യൂട്ടി മാനേജരും പോപ്പുലർ വെഹിക്കിൾ ടെറിറ്ററി ഹെഡ്ഡുമടക്കം 5 പേർക്ക് അറസ്റ്റ് വാറണ്ട്

നാലാഞ്ചിറ സ്റ്റേറ്റ് ബാങ്ക് കാർ വായ്പ തട്ടിപ്പ്: രേഖകളിൽ തിരിമറി നടത്തി വില കുറഞ്ഞ കാർ വാങ്ങി ബാക്കി തുക പോപ്പുലർ കമ്പനിയിൽ നിന്ന് റീ ഫണ്ട് വാങ്ങി വഞ്ചിച്ചു; ബാങ്ക് ബ്രാഞ്ച് മാനേജരും ഡെപ്യൂട്ടി മാനേജരും പോപ്പുലർ വെഹിക്കിൾ ടെറിറ്ററി ഹെഡ്ഡുമടക്കം 5 പേർക്ക് അറസ്റ്റ് വാറണ്ട്

അഡ്വ പി നാഗരാജ്

തിരുവനന്തപുരം : നാലാഞ്ചിറ സ്റ്റേറ്റ് ബാങ്ക് കാർ വായ്പ തട്ടിപ്പു കേസിൽ കോടതിയിൽ ഹാജരാകാത്തതിന് ബാങ്ക് മാനേജരും ഡെപ്യൂട്ടി മാനേജരും പോപ്പുലർ വെഹിക്കിൾസ് ടെറിറ്ററി ഹെഡ്ഡുമടക്കം 5 സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് സാക്ഷികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഒക്ടോബർ 25 നകം അഞ്ചു പേരെയും അറസ്റ്റ് ചെയ്യാൻ പേരൂർക്കട .പൊലീസ് സബ്ബ് ഇൻസ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ ഉത്തരവിട്ടത്.

നാലാഞ്ചിറ എസ് ബി റ്റി മുൻ ബ്രാഞ്ച് മാനേജർ ശാസ്തമംഗലം സ്വദേശി ദാമോദരൻ , എസ് ബി റ്റി ഡെപ്യൂട്ടി മാനേജർ അഡ്വാൻസ് (ഫീൽഡ് ഓഫീസർ) ചെറുവയ്ക്കൽ സ്വദേശി രാജീവ് , കള്ളിപ്പാലം പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവ്വീസസിലെ ടെറിറ്ററി ഹെഡ്ഡ് പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി വിമൽ കുമാർ , പോപ്പുലർ വെഹിക്കിൾസ് അസി. ടെറിറ്ററി ഹെഡ് വിളപ്പിൽ ഊറ്റുകുഴി സ്വദേശി രതീഷ് , അമ്പലത്തറ സ്വദേശി ഷാജി എന്നിവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്.

സാക്ഷി വിസ്താര വിചാരണക്കായി കോടതിയിൽ ഹാജരാകാനുള്ള സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാതെ ഒളിച്ചു മാറി നടന്നതിനാലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2010 ൽ 4.16 ലക്ഷത്തിന്റെ കാർ വാങ്ങാൻ ഡി ഡി കൈപ്പറ്റിയ ശേഷം രേഖകിൽ തിരിമറി നടത്തി വില കുറഞ്ഞ കാർ വാങ്ങി ബാക്കി തുക പോപ്പുലർ കമ്പനിയിൽ നിന്ന് റീ ഫണ്ട് വാങ്ങി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് കേസ്.

പട്ടം വില്ലേജ് ഉള്ളൂർ പി. റ്റി. ചാക്കോ നഗറിൽ അബ്ദുൾ ജലീൽ (41) , കടകംപള്ളി വില്ലേജ് കുമാരപുരം സ്വദേശി ശിവകുമാർ (40) , മണക്കാട് സ്വദേശികളായ ഗണേശ് (42) , മുത്തു കുമാർ (31) , ആനയറ സ്വദേശി ഹരി (35) , തിരുമല സ്വദേശി അരവിന്ദ് (30) എന്നിവരാണ് വാഹന വായ്പത്തട്ടിപ്പു കേസിലെ 1 മുതൽ 6 വരെയുള്ള പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ) , 34 (പൊതു ഉദ്ദേശ്യകാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി കോടതി പ്രതികൾക്ക് മേൽ ചുമത്തിയത്.

2010 ലാണ് വാഹനവായ്പാ വ്യാജ ഇൻവോയ്‌സ് തട്ടിപ്പ് നടന്നത്. നാലാഞ്ചിറ എസ്‌ബിറ്റി ബാങ്കിനെ ചതിച്ച് അമിതലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി അഞ്ചും ആറും പ്രതികൾ ഒന്നാം പ്രതിയെ കൊണ്ട് കരമന പോപ്പുലർ വെഹിക്കിൾസ് ലിമിറ്റഡിന്റെ പ്രോ ഫോർമോ ഇൻവോയ്‌സ് , ഓർഡർ ബുക്കിങ് ഫോം തുടങ്ങിയ രേഖകൾ വാങ്ങിയ ശേഷം ഒന്നാം പ്രതിയെ കൊണ്ട് ഈ രേഖകൾക്കൊപ്പം ഗ്യാരണ്ടർ ബയോഡേറ്റ , ഗ്യാരന്ററുടെ ഐഡി കാർഡ് , ഗ്യാരന്ററുടെ ടാക്‌സ് റെസീപ്റ്റ് , ലോൺ ആപ്ലിക്കേഷൻ , ബയോഡേറ്റ ഫോം, ഐഡി കാർഡ് , ടാക്‌സ് റെസീപ്റ്റ് തുടങ്ങിയവ ബാങ്കിൽ ഹാജരാക്കി ഒന്നാം പ്രതിയുടെ പേരിൽ രണ്ടാം പ്രതിയുടെ ജാമ്യത്തിൽ 4, 16, 362 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് , ബാങ്കിന്റെ കവറിങ് ലെറ്റർ , ഹൈപ്പോത്തിക്കേഷൻ ആർ. സി. ബുക്കിൽ പതിക്കാനുള്ള ഫോം നമ്പർ 20 എന്നിവ ഒന്നാം പ്രതിയെക്കൊണ്ട് ബാങ്കിൽ നിന്ന് കൈയിൽ വാങ്ങിപ്പിച്ച ശേഷം കവറിങ് ലെറ്ററും ഫോറം - 20 ഉം മാറ്റിയ ശേഷം ഡി ഡി മാത്രം അഞ്ചും ആറും പ്രതികൾ പോപ്പുലർ കമ്പനിയിൽ ഹാജരാക്കി നാലാം പ്രതിയുടെ പേരിൽ കുറഞ്ഞ തുകയ്ക്കുള്ള കാർ വാങ്ങിയും ബാക്കിത്തുക പോപ്പുലർ കമ്പനിയിൽ നിന്നും റീഫണ്ട് ചെയ്ത് ബാങ്കിനെ കബളിപ്പിച്ചും രണ്ടാം പ്രതി മൂന്നാം പ്രതിയുടെ ജാമ്യത്തിൽ 3,97 , 058 രൂപയുടെ ഡി ഡി വാങ്ങി ഇപ്രകാരം ബാങ്കിനെ കബളിപ്പിക്കാൻ ശ്രമിച്ചും 1 മുതൽ 6 വരെ പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ , പൊതു ഉദ്ദേശ്യകാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ എന്നീ കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്.

നാലാം പ്രതി വില കുറഞ്ഞ കാർ കരമന പോപ്പുലർ കമ്പനിയിൽ നിന്നും വാങ്ങിയതിന്റെ രേഖകളായ ഓർഡർ ബുക്കിങ് ഫോം , ഡെലിവറി റെസിപ്റ്റ് , പ്രതിയുടെ ഐഡി കാർഡ് കോപ്പി , വെഹിക്കിൾ ഇൻവോയ്‌സ് എന്നിവയും മറ്റ് 11 രേഖകളും ലക്ഷ്യം വകകളായി കോടതി മുമ്പാകെയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP