Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

16 ഇടങ്ങളിൽ പൊലീസ് പിക്കറ്റിങ്ങ്; കുറ്റവിമുക്തരായവരെല്ലാം പൊലീസ് കാവലിൽ; സദാസമയവും പെട്രോളിങ്; നിഴലിനെ പോലും ഭയന്ന് പ്രതിചേർക്കപ്പെട്ടവരും ബന്ധുക്കളും; പിണറായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി നാദാപുരം മാറുന്നു

16 ഇടങ്ങളിൽ പൊലീസ് പിക്കറ്റിങ്ങ്; കുറ്റവിമുക്തരായവരെല്ലാം പൊലീസ് കാവലിൽ; സദാസമയവും പെട്രോളിങ്; നിഴലിനെ പോലും ഭയന്ന് പ്രതിചേർക്കപ്പെട്ടവരും ബന്ധുക്കളും; പിണറായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി നാദാപുരം മാറുന്നു

നാദാപുരം: സിപിഐ(എം) അക്രമത്തിന്റെ വഴിയേ പോകൂന്ന പാർട്ടിയാണെന്ന് വരുത്താൻ ദേശീയ തലത്തിൽ തന്നെ ശ്രമം സജീവമാണ്. കണ്ണൂരിലെ അക്രമങ്ങളുയർത്തി ബിജെപിയും കേന്ദ്ര സർക്കാരും വലിയ പ്രചരണം അഴിച്ചുവിടുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ ക്രമസമാധാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനപ്പെട്ട കാര്യമാണ്. അതിനൊപ്പം സിപിഐ(എം) അണികൾ അക്രമത്തിന്റെ വഴി തെരഞ്ഞെടുക്കുന്നില്ലെന്നും ഉറപ്പാക്കാണം. ഇതിൽ മുഖ്യമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നാദാപുരത്തേത്. തൂണേരി വെള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സി.കെ.ഷിബിൻ വധക്കേസിൽ കോടതി വെറുടെ വിട്ട പ്രധാന പ്രതികളുടെ സുരക്ഷ സർക്കാരിനും പൊലീസിനും വലിയ തലവേദനയാണ്.

നാദാപുരത്തെ സംഘർഷങ്ങൾ കുപ്രസിദ്ധമാണ്. ലീഗ്-സിപിഐ(എം) സംഘട്ടനങ്ങൾക്ക് പേരുകേട്ട സ്ഥലം. ഷിബിനും ഇതിന്റെ രക്തസാക്ഷിയായിരുന്നു. പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ വേണ്ടെതെല്ലാം സിപിഐ(എം) ചെയ്യുകയും ചെയ്തു. എന്നിട്ടും വിധി എതിരായി. അതുകൊണ്ട ് തന്നെ ഈ പ്രതികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പഴി സിപിഎമ്മിനാകും. ഈ സാഹചര്യം ഒഴിവാക്കാൻ കരുതലോടെയുള്ള നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതി വെറുതെ വിട്ട എല്ലാവർക്കും പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. ഇവരുടെ വീടുകൾക്കു പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. തൂണേരി മേഖലയിൽ 16 ഇടങ്ങളിൽ പൊലീസ് പിക്കറ്റ് പോസ്റ്റും ഏർപ്പെടുത്തി. വിട്ടയക്കപ്പെട്ടവരുടെ ബന്ധുക്കളും തിരിച്ചടി ഭയക്കുന്നുണ്ട്. ഇവരുടെ പരാതി കൂടി കണക്കിലെടുത്താണ് വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്തിയത്.

നിലവിലുള്ള പൊലീസ് കൺട്രോൾ റൂം യൂണിറ്റുകൾക്കു പുറമെ നാല് മൊബൈൽ യൂണിറ്റുകളും നാല് ബൈക്ക് പട്രോളിങ് യൂണിറ്റും നാദാപുരം മേഖലയിലുണ്ടാകും. പൊലീസിന്റെ സർവായുധ സജ്ജമായ വജ്ര-207 വാഹനവും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ രംഗത്തുണ്ടാകും. റൂറൽ എസ്‌പിയുടെ ചുമതലയുള്ള വയനാട് എസ്‌പി കെ.കാർത്തിക് നാദാപുരത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നാദാപുരത്തിന്റെ മുക്കും മൂലയും കർശന നിരീക്ഷണത്തിലാകും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും നിരീക്ഷണം. റൂറൽ എസ്‌പി നേരിട്ട് കാര്യങ്ങൾ വിലയിരുത്തും. സിപിഎമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതൊന്നും സംഭവിക്കരുതെന്ന് അണികൾക്കും നിർദ്ദേശമുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലാ അതിർത്തികളിലെല്ലാം പൊലീസിന്റെ കർശന പരിശോധന ആരംഭിച്ചു. രാത്രി സംശയ സാഹചര്യത്തിൽ കാണപ്പെടുന്ന വാഹനങ്ങൾ പൊലീസ് പരിശോധിക്കും.

തൂണേരി അങ്ങാടി, കണ്ണങ്കൈ റോഡ് കവല, പിഎംജിഎസ്വൈ റോഡ്, ഓജസ് വായനശാല, പുറമേരി തണ്ണീർപന്തൽ റോഡ് കവല, ചെറുവട്ടായി ക്ഷേത്ര പരിസരം, വെള്ളൂർ നാഷനൽ ലൈബ്രറി പരിസരം, ഹോമിയോ ഡിസ്‌പെൻസറി പരിസരം, ചാലപ്രം, കോടഞ്ചേരി എൽപി സ്‌കൂൾ പരിസരം, നിരണി പള്ളി പരിസരം, വേറ്റുമ്മൽ റോഡ്, കല്ലാച്ചി ടൗൺ, നാദാപുരം ടൗൺ എന്നിവിടങ്ങളിലാണ് പൊലീസ് പിക്കറ്റ് പോസ്റ്റ്. കായലോട്ടുതാഴ, മുണ്ടത്തോട്, ചെറ്റക്കണ്ടി, പെരിങ്ങത്തൂർ എന്നീ ജില്ലാ അതിർത്തികളിലും പ്രത്യേക സുരക്ഷ ഒരുക്കി. റൂറൽ എസ്‌പിക്കു കീഴിലുള്ള സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി കുബേരൻ നമ്പൂതിരി, നാദാപുരം എഎസ്‌പി ആർ.കറുപ്പസാമി, സിഐ കെ.എസ്. ഷാജി തുടങ്ങിയവരുമായും വടകര തഹസിൽദാർ കെ.ഒ.ജോസഫുമായും സ്ഥിതിഗതികൾ എസ്‌പി വിലയിരുത്തി.

അതിനിടെ കേസിൽ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ പൊലീസ് അപ്പീൽ നൽകും. പഴുതുകൾ അടച്ച് അപ്പീൽ നൽകാൻ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുനരന്വേഷണത്തിന്റെ നിയമ വശവും പരിശോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP