Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓക്സിലറി ഗ്രൂപ്പുകളിലൂടെ കുടുംബശ്രീ ലക്ഷ്യം കൈവരിക്കും; ലക്ഷ്യമിടുന്നത് യുവതികൾക്ക് സാമൂഹ്യസേവനത്തിന് കുടുതൽ അവസരമെന്ന് മന്ത്രി എം വി ഗോവിന്ദൻ

ഓക്സിലറി ഗ്രൂപ്പുകളിലൂടെ കുടുംബശ്രീ ലക്ഷ്യം കൈവരിക്കും; ലക്ഷ്യമിടുന്നത് യുവതികൾക്ക് സാമൂഹ്യസേവനത്തിന് കുടുതൽ അവസരമെന്ന് മന്ത്രി എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓക്സിലറി ഗ്രൂപ്പുകൾ പ്രവർത്തനം തുടങ്ങുന്നതോടെ കുടുംബശ്രീക്ക് പുതിയ വേഗവും ലക്ഷ്യവും കൈവരിക്കാൻ കഴിയുമെന്നും സ്ത്രീധന പീഡനവും ആത്മഹത്യയും ലഹരി വിപത്തും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് സാമൂഹ്യ ഉന്നമനത്തിനായി പ്രവർത്തിക്കാനുള്ള അവസരം യുവതികൾക്ക് ലഭിക്കുമെന്നും തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല പദ്ധതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലഹരിയും സ്ത്രീധന പീഡനങ്ങളും ഉൾപ്പെടെ സ്ത്രീസമൂഹം നേരിടുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ശക്തികേന്ദ്രമായി കുടുംബശ്രീ മാറണം. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷൻ, ജാഗ്രതാ സമിതികൾ, വിമുക്തി തുടങ്ങിയ സംവിധാനങ്ങളുമായി ചേർന്ന് വിപുലമായ ക്യാമ്പയിനുകൾ ആസൂത്രണം ചെയ്യുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.

ആളോഹരി വരുമാനത്തിൽ കേരളം പിന്നിലാണെങ്കിലും, സുരക്ഷിത ഭവനം, ആഹാരം, വസ്ത്രം, ശുദ്ധജല ലഭ്യത എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ലഭ്യമാക്കി ഗുണമേന്മയുള്ള ജീവിതം നയിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുന്ന കേരള മോഡലാണ് നടപ്പിലാക്കപ്പെടുന്നത്. എന്നിട്ടും മുഖ്യധാരയിലേക്ക് എത്താത്തവരെ കണ്ടെത്തുന്നതിനാണ് അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ നടത്തുന്നത്. ഇതിന് കുടുംബശ്രീ പ്രവർത്തകർക്ക് നേതൃത്വം നൽകാൻ കഴിയണം.

സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും അഞ്ചു വീതം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതി പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കി വരികയാണ്. കൂടാതെ കെ-ഡിസ്‌കും(കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പരമാവധി യുവതികൾക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

ജില്ലകളിൽ കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും മന്ത്രിയോടൊപ്പം അവലോകനം നടത്തി. ഫീൽഡ് തലത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും മന്ത്രി നൽകി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ, പ്രോഗ്രാം ഓഫീസർമാർ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ എന്നിവർ പദ്ധതി അവലോകന യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP