Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാറിനെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിംലീഗ്; കേന്ദ്രസർക്കാർ കാശ്മീരികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് കുഞ്ഞാലിക്കുട്ടി; വിമർശനങ്ങളെ കേൾക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നു ഹൈദരലി തങ്ങൾ

കേന്ദ്രസർക്കാറിനെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിംലീഗ്; കേന്ദ്രസർക്കാർ കാശ്മീരികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് കുഞ്ഞാലിക്കുട്ടി; വിമർശനങ്ങളെ കേൾക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നു ഹൈദരലി തങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: രണ്ടാം മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിർമ്മാണങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മറ്റി തീരുമാനിച്ചതായി മുസ്ലിലീഗ് ദേശീയ ജനറൽ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എതിർസ്വരങ്ങളെ അധികാരത്തിന്റെ ബലത്തിൽ ഇല്ലാതാക്കാമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നതെങ്കിൽ അത്തരം നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വരുമെന്ന് ഡൽഹിയിൽ ദേശീയ കമ്മറ്റി തീരുമാനങ്ങൾ വിശദികരിക്കവെ അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന കേന്ദ്രങ്ങളിൽ പാർട്ടി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും. അതിന് പുറമെ മറ്റ് പ്രതിഷേധ പരിപാടികൾ അതത് സംസ്ഥാനഘടകങ്ങൾ കൂടിയാലോച്ചിച്ച് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ നിരന്തര പ്രക്ഷോഭങ്ങളും ബോധവൽക്കരണവും അത്യാവശ്യമാണന്നും മുസ്ലിംലീഗ് ദേശീയ കമ്മറ്റി വിലയിരുത്തി. ജമ്മുകാശ്മീരിനെ രണ്ടായി വിഭജിച്ച് സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞത് ഭരണഘടനാവിരുദ്ധവും ഫെഡറൽ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ദേശീയ ഐക്ക്യത്തേയും ഭദ്രതയേയും അപകടത്തിലാക്കുന്ന നീക്കമാണ് ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുക വഴി സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുസ്ലിംലീഗ് വിലയിരുത്തി.

സ്വാതന്ത്രസമരസേനാനികളും ഭരണഘടനാശിൽപ്പികളുമായിരുന്ന നേതാക്കൾ കാശ്മീർ ജനതയ്ക്ക് നൽകിയ പ്രത്യേക പരിഗണനയെ എടുത്ത് കളയുക വഴി സർക്കാർ അന്താരാഷ്ട്ര സമൂഹത്തിന് മുൻപിൽ രാജ്യത്തിന്റെ ധാർമിക മൂല്ല്യങ്ങളെ ഇകഴ്‌ത്തിക്കാട്ടുകയാണ് ചെയ്തിരിക്കുന്നത്. യാതൊരു കൂടിയാലോചനകളുമില്ലാതെ ഒരു സംസ്ഥാനത്തിന്റെ പൂർണ്ണസംസ്ഥാന പദവി എടുത്ത് കളയുകയും രണ്ടായി വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കി മാറ്റുകയും ചെയ്യുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ മൂല്ല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ജമ്മുകാശ്മീരിന് സംഭവിച്ചത് നാളെ മറ്റേത് സംസ്ഥാനങ്ങൾക്കും സംഭവിച്ചേക്കാമെന്നും അതിനാൽ തന്നെ സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്ന് വരണമെന്നും മുസ്ലിംലീഗ് ദേശീയ കമ്മറ്റി വിലയിരുത്തി. മുത്തലാഖിനെ ക്രിമിനൽ വൽക്കരിച്ചുള്ള നിയമവും, യു.എ.പി.എ, എൻ.ഐ.എ പോലത്തെ കരിനിയമങ്ങളും രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളുടെ ജീവിതം ദുസ്സഹമാക്കാൻ വേണ്ടിയാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്നത് ഏതൊരാൾക്കും ബോധ്യപെടുന്ന കാര്യമാണ്.

സർക്കാറിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാണങ്കിൽ ഇത്തരത്തിലുള്ള വിവാദ ബില്ലുകൾ പാർലമെന്റിന്റെ സെലക്ട് കമ്മറ്റിക്ക് വിടാനും ബില്ലുകളെ പറ്റി കൂടുതൽ അഭിപ്രായങ്ങൾ തേടാനും സർക്കാർ ശ്രമിക്കുമായിരുന്നു. അതുണ്ടായിട്ടില്ലന്ന് മത്രമല്ല പേരിന് സഭയിൽ ബില്ല് ചർച്ചചെയ്‌തെന്ന് വരുത്തി ഞൊടിയിടയിൽ നിയമമാക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നത്. സംഘപരിവാർ അജണ്ടയായ ഏകസിവിൽകോഡ് നടപ്പാക്കാനായിരിക്കും കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള അടുത്ത ശ്രമമെന്ന് മുസ്ലിംലീഗ് ദേശീയ കമ്മറ്റി ആശങ്കരേഖപ്പെടുത്തി. എല്ലാ ജനാധിപത്യ-മതനിരപേക്ഷ കക്ഷികളും എതിരഭിപ്രായങ്ങൾ മാറ്റിവെച്ച് സർക്കാറിന്റെ ജനവിരുദ്ധ-ന്യൂനപക്ഷ വിരുദ്ധ നീ്ക്കങ്ങൾ്‌ക്കെതിരെ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കണമെന്നും മുസ്ലിംലീഗ് പത്രക്കുറിപ്പിൽ അറിയിച്ചു.

കാശ്മീരികൾക്കെതിരെ കേന്ദ്ര സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുക്കയാണന്നും പികെ കുഞ്ഞാലിക്കുട്ടി

കാശ്മീരികൾക്കെതിരെ കേന്ദ്ര സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുക്കയാണന്ന് പികെ കുഞ്ഞാലിക്കുട്ടി. ജമ്മുകാശ്മീർ പുനഃസംഘടനാ ബില്ലിന്മേൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരികളും ഇന്ത്യൻ പൗരന്മാരാണ്. കുടിവെള്ളമടക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അവിടെയെന്താണ് നടക്കുന്നതിനെ പറ്റി യാതൊരു വിവരവും പുറം ലോകത്തെത്തുന്നില്ല. എന്തിനാണ് സർക്കാർ തങ്ങളുടെ തന്നെ പൗരന്മാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സർക്കാർ നീക്കം വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.വെത്യസ്ത ശബ്ദങ്ങളെ കേൾക്കാനുള്ള മനസ്സ് കാണിക്കാത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്.

കാശ്മീർ താഴ്‌വരയിൽ ഇന്ത്യക്കൊപ്പം നിൽക്കുന്ന സമാധാനമിഷ്ടപ്പെടുന്ന ജനങ്ങളെ ദുർബലപ്പെടുത്തുന്നതും വിഘടനവാദികളെ ശക്തിപ്പെടുത്തുന്നുതുമായ നിലപാടാണ് സർക്കർ സ്വീകരിച്ചിരിക്കുന്നത്. ഒരു തവണ അധികാരത്തിൽ തിരിച്ചെത്തുന്നത് വലിയ സംഭവമായി ധരിച്ചുവച്ചിരിക്കയാണ് ചിലർ. അങ്ങനെ കരുതുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പലതവണ തുടർഭരണത്തിലേറിയിട്ടുണ്ട്. അന്നൊക്കെ എല്ലാവരോടും സംസാരിച്ചും സമന്വയത്തിലെത്തിയുമാണ് കാര്യങ്ങൾ നടപ്പാക്കിയത്. തങ്ങളുടെ വർഗീയ അജണ്ട മുന്നോട്ട് വച്ച് ജനശ്രദ്ധ സാധാരണക്കാരുടെ പ്രശ്‌നങ്ങളായ വിശപ്പിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും മാറ്റാമെന്നാണ് കരുതുന്നതെങ്കിൽ അത് നടക്കില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് സർക്കാർ പ്രയോഗിക്കുന്നത്. ബിജെപി മുന്നണിയാണല്ലോ കാശ്മീർ ഭരിച്ചിരുന്നത്. അന്ന് എന്തുകൊണ്ടാണ് ഈ നിയമം സർക്കാർ കൊണ്ടുവന്നില്ലന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കാശ്മീർ താഴ്‌വരയിലെ ജനങ്ങളെ സർക്കാർ കൂടുതൽ ഒറ്റപ്പെടുത്തുകയാണ്.

സമാധാനമിഷ്ടപ്പെടുന്ന ഫറൂഖ് അബ്ദുള്ളയെ പോലുള്ള നേതാക്കൾക്ക് എന്തുകൊണ്ട് ഇത്തരമൊരു പ്രധാനപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ ലോക്‌സഭയിലെത്താൻ കഴിഞ്ഞില്ലന്നതിന് ഉത്തരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഫാറുഖ് അബ്ദുള്ള സ്വതന്ത്രനാണന്നും അദ്ദേഹം സഭയിലെത്താത് സ്വഇച്ഛ പ്രകാരമാണന്നും ഒരാളെ നിർബന്ധിച്ച് സഭയിലെത്തിക്കാൻ സാധിക്കില്ലന്നും കുഞ്ഞാലിക്കുട്ടി്ക് മറുപടിയായി അമിത്ഷാ പറഞ്ഞു. അത് ശരിയല്ലന്നും ഫാറൂഖ് അബ്ദുള്ളയെ സർക്കാർ തടഞ്ഞുവച്ചിരിക്കയാണന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചതോടെ അൽപ്പനേരം ഭരണപ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രക്ഷോഭം വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഹൈദരലി ശിഹാബ് തങ്ങൾ

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ന്യൂനപക്ഷ-ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ രാജ്യവ്യാപകമായി മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭപരിപാടികൾ വൻവിജയമാക്കണമെന്ന് മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ബിജെപി സർക്കാർ യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് നിയനിർമ്മാണങ്ങൾ നടത്തുന്നത്.

മുത്തലാഖ്, യു.എ.പി.എ, എൻ.ഐ.എ, ജമ്മുകാശ്മീരിന്റെ വിഭജനം തുടങ്ങിയ നിയമങ്ങളിൽ ഉയർന്ന വിമർശനങ്ങളെ കേൾക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്നും തങ്ങൾ ആരോപിച്ചു. എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും മുസ്ലിംലീഗിന്റെ പ്രക്ഷോഭ പരിപാടികളുമായി സഹകരിക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP