Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; എഡിജിപി നാളെ കണ്ണൂരിലെത്തും; സംഭവം ഗൗരവതരമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി

ആർഎസ്എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; എഡിജിപി നാളെ കണ്ണൂരിലെത്തും; സംഭവം ഗൗരവതരമായി കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം പുറത്തിറക്കി. മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസത്തെ കൊലപാതകം ഗൗരവതരമായി കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോഴിക്കോട് എസ്പി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്നത് എഡിജിപി എസ് അനന്തകൃഷ്ണനാണ്. കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി നാളെ കണ്ണൂരിൽ എത്തും.

കൊലപാതകത്തിന്റെ ഉത്തരവാദികൾ ആരായാലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അക്രമസംഭവത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി പ്രതികളെ ശിക്ഷിക്കും. പ്രതികളെ കണ്ടെത്താൻ ഊർജിതശ്രമമാണ് പൊലീസ് നടത്തുന്നത്.

കണ്ണൂരിൽ ആവശ്യമായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഒരു തരത്തിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് പൊലീസിന്റെ പ്രവർത്തനം. സമാധാനം പുനഃസ്ഥാപിക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.


കതിരൂരിൽ ആർഎസ്എസ് നേതാവ് കെ മനോജിനെ കഴിഞ്ഞ ദിവസമാണ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു കൊലപാതകം.

സിപിഐ(എം) ആശ്രിതരായ പൊലീസുകാർ അന്വേഷിച്ചാൽ കേസ് തെളിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ ആരോപിച്ചിരുന്നു. സിപിഐ(എം) നേതാവ് പി ജയരാജന്റെ മകനെയും പ്രതിചേർക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികാരത്തിനില്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കിഴക്കേ കതിരൂരിലെ സിപിഐ(എം) പ്രാദേശിക പ്രവർത്തകനായ വിക്രമൻ അടക്കം എട്ടു പേർക്കെതിരെയാണ് കേസെടുത്തത്.

അതേസമയം, കൊലപാതകത്തെത്തുടർന്ന് ആർഎസ്എസ് പ്രഖ്യാപിച്ച ഹർത്താൽ പൂർണമാണ്. ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് പലയിടത്തും അക്രമസംഭവങ്ങളും അരങ്ങേറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP